January 3, 2025 7:21 am

ബലാൽസംഗക്കേസ്: സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകൾ

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്തു എന്നാരോപിക്കുന്ന കേസിൽ ‘അമ്മ’ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു.

സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്.

റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ച് നടി മുറിയിലെത്തുകയായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്.

സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നുമായിരുന്നു നടിയുടെ മൊഴി. ഇക്കാര്യം താന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി പറയുന്നു.

നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ഇതിനിടെ, ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ,മുകേഷ് എന്നീ നടന്മാർക്ക് എതിരെ കൊച്ചിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News