April 22, 2025 7:05 pm

മാസപ്പടിക്കേസിൽ വീണാ വിജയൻ ഇ ഡിയുടെ മുന്നിലേയ്ക്ക്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയേയും താമസിയാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ. ഡി.) എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്.

ആലുവ സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. ചൊവ്വാഴ്ച ഇ-മെയില്‍ മുഖാന്തിരം ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്.

മാസപ്പടി കേസില്‍ കൊച്ചി സി.എം.ആര്‍.എല്‍. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ 24 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥര്‍ ഇ.ഡി. ഓഫീസില്‍നിന്ന് മടങ്ങി.

സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ്  ചോദ്യം ചെയ്തത്.

ഇ.ഡി. നോട്ടീസിനെതിരേ സി.എം.ആര്‍.എല്‍. എം.ഡി.യും ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല.

സി.എം.ആര്‍.എലും എക്സാലോജിക് സൊലൂഷന്‍സുമായിനടന്ന സാമ്പത്തിക ഇടപാടുകളുടെ ലെഡ്ജര്‍ അക്കൗണ്ട് രേഖകള്‍, ഇന്‍വോയിസുകള്‍, അനുബന്ധരേഖകള്‍ എന്നിവയടക്കമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News