January 3, 2025 1:24 am

സി പി എം ഫണ്ടിൽ തിരിമറി: മുൻ എം എൽ എ: പി കെ ശശിക്ക് ശിക്ഷ

കൊച്ചി : ഷൊർണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയും കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ ചെയർമാനുമായ പികെ ശശിയെ സി പി എം ശിക്ഷിച്ചു. പാർട്ടിക്ക് വേണ്ടി പിരിച്ച പണം തിരിമറി ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ്  ശശി. അദ്ദേഹത്തെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തിൽ ഒതുക്കി.

നേരത്തെ അറുപത്തിയേഴുകാരനായ അദ്ദേഹത്തിനെതിരെ സ്ത്രീപീഡനം സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. എന്നാൽ അത് അത്ര കാര്യമാക്കാനില്ല എന്ന് പാർടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി തള്ളുകയായിരുന്നു.

മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിടാനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമായി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.

പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് കണ്ടെത്തി.

പത്തനംതിട്ടയിലും നേതാക്കൾക്കെതിരെ നടപടിയുണ്ടായി. തിരുവല്ല ഏരിയ സെക്രട്ടറി ആയിരുന്ന ഫ്രാൻസിസ് വി.ആന്റണിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബു എന്ന് അറിയപ്പെടുന്ന പ്രകാശ് ബാബു, തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ കൊച്ചുമോൻ എന്നിവരെ സ്ഥാനത്ത് നിന്നും നീക്കി.

അഡ്വ. കെ.അനന്ത ഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയിരുന്ന കാലത്ത് ദേവസ്വംബോർഡിലേക്ക് ജോലി വാഗ്ദാനം ചെയ്തു പാർട്ടി അംഗത്തിന്റെ മകനിൽ നിന്നടക്കം പണം തട്ടിയ സംഭവത്തിൽ പരാതിക്കാർ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിൽമേൽ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് ബാബുവിനെ ഏരിയ കമ്മിറ്റി സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

ഫ്രാൻസിസ് വി ആന്റണി അടക്കമുള്ള ചില നേതാക്കൾക്ക് എതിരെ വ്യാജ പരാതി നൽകി എന്നതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ കൊച്ചുമോനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കംചെയ്തത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോല്പിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ നീക്കിയത്. പകരം ജില്ലാകമ്മിറ്റി അംഗമായ പി.ബി.സതീശിന് ചുമതല നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News