April 21, 2025 4:29 pm

ബോബി ചെമ്മണ്ണൂരിനെ സഹായിച്ച ജയിൽ ഡി ഐ ജിക്ക് ശിക്ഷ കിട്ടും

തിരുവനന്തപുരം: സിനിമ നടി ഹണി റോസിനെ അപമാനിച്ച കേസിൽ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ച സംഭവത്തിൽ ജയിൽ വകുപ്പിന്റെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് കൈമാറി.

ഇതിൻ്റെ അടിസ്ഥാനത്തിൽ മധ്യമേഖല ജയിൽ ഡിഐജി പി അജയ കുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്ക് എതിരെ നടപടിയുണ്ടാകും. ഇരുവർക്കുമെതിരെ നടപടി ശുപാർശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോർട്ട്.

വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നേരത്തെ ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോൾ മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ ഇടപെട്ട് ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായങ്ങൾ ചെയ്തു എന്നാണ് ആരോപണം.

അജയകുമാർ ബോബി ചെമ്മണ്ണൂരിൻ്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയിരുന്നു. ജയിലിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി സുഹൃത്തുക്കളുമായി രണ്ട് മണിക്കൂറിലധികം സമയം ചെലവിടാൻ അവസരം  നൽകിയിരുന്നു.  ജയിലിലെ പ്രോപ്പ‍ർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോ​ഗസ്ഥരെല്ലാം ജയിൽ ഡിഐജിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

അനധികൃതമായി ആളുകളെ ജയിലിൽ എത്തിച്ചതിൽ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വഴിവിട്ട സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാ‍ർശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News