April 21, 2025 4:23 pm

കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം ഒരു മാസത്തിനകം

തൃശ്ശൂർ : ബി ജെ പി സംസ്ഥാന നേതാക്കൾ വരെ ആരോപണ വിധേയരായ കൊടകര കുഴല്‍പ്പണ കേസില്‍ ഒരു മാസത്തിനകം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇഡി) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

അന്വേഷണം പൂർത്തിയായി. എന്നാൽ കള്ളപ്പണത്തിന്റെ ഉറവിടത്തിലേക്ക് അന്വേഷണം എത്തിയില്ല എന്നാണ് ആരോപണം.

ബി.ജെ.പിയുടെ തൃശ്ശൂർ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചർച്ചയായത്. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു വെളിപ്പെടുത്തൽ.

ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും  സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബി ജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ജില്ല പ്രസിഡണ്ട് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.

2021 ഏപ്രിൽ 3 ന് തൃശൂരിലെ കൊടകരയിൽ നടന്ന ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ കടത്തുന്ന കാറിനെ പിന്തുടര്‍ന്ന ഒരു സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം സൃഷ്‌ടിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News