February 5, 2025 6:33 pm

നവീൻ ബാബുവിനെ കൊന്നു എന്ന് കുടുംബത്തിന് സംശയം

കൊച്ചി: സിപിഎം നേതാവ് പി.പി. ദിവ്യ പ്രതിയായ ആത്മഹത്യാ പ്രേരണക്കേസിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ മുൻ എ‍‍ഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപ്പര്യ ഹർ‍ജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതിയിൽ ഹർജി നല്‍കിയത്.

നവീൻ ബാബുവിന്‍റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ലെന്നും  മഞ്ജുഷ ഹർജിയില്‍ പറയുന്നു.  പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല.

സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർത്ഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുള്ള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നുവെന്ന് ഹർജിയില്‍ പറയുന്നു.

മരണത്തിന് ശേഷമുള്ള ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികളിലെ വീഴ്ചയും മനപൂ‍ർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ  സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ  ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  ദിവ്യക്കെതിരെ സംശയമുന ഉയര്‍ത്തുന്ന വാദങ്ങളും ഹര്‍ജിയിലുണ്ട്. എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച്  പ്രചരിപ്പിച്ചത് മനപൂർവമാണ്.

മരണത്തിനുശേഷവും  ദിവ്യയും മറ്റും നവീനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എഡിഎമ്മിന്‍റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയാണെന്ന് മനസ്സിലാക്കാൻ  വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം.

നേരത്തെ  നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് അപേക്ഷിച്ച് കുടുംബം കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രധാനമായും കണ്ണൂർ കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

പ്രധാന സാക്ഷി ജില്ലാ കലക്ടർ, പ്രതി പി.പി.ദിവ്യ എന്നിവരുടെ കോൾ രേഖകളും് സൂക്ഷിക്കണമെന്നും കുടുംബം കണ്ണൂർ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.പൊലീസ് അന്വേഷണം നീണ്ടു പോകുന്ന ഘട്ടത്തിലാണ് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കുടുംബം ഹർജിയുമായി രംഗത്തെത്തിയത്

അതേസമയം,  നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി.  കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി വി പ്രശാന്തിനെതിരെ കൂടുതൽ നടപടിയുമില്ല. വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News