April 22, 2025 2:01 pm

ദിവ്യയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിലേക്ക് നവീൻ്റെ കുടുംബം

കൊച്ചി: സി പി എം നേതാവും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി. ദിവ്യക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട് എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും.

പോലീസ് അന്വേഷണം കാര്യക്ഷമം അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.

ജാമ്യാപേക്ഷയിലെ വാദത്തിൽ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. നിയമപോരാട്ടം തുടരുമെന്ന് ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു.

നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസിൽ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നവീന്റെ മരണത്തിന് ശേഷം ആദ്യമായാണ് ദിവ്യ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി വ്യക്തമാക്കിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി.

പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കിയാണ് ജാമ്യം നൽകാനുള്ള തീരുമാനത്തിലേക്ക് കോടതി എത്തിയത്. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്ന കാര്യം ജാമ്യാപേക്ഷയിൽ പരി​ഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News