February 5, 2025 7:23 pm

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂര്‍ ജാമ്യം

ന്യൂഡല്‍ഹി:യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.അറസ്റ്റു ചെയ്താല്‍ സിദ്ദിഖിനെ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു.

പരാതി നല്‍കിയത് എട്ട് വർഷത്തിനുശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്.

സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. നേരത്തെ, ബലാത്സംഗ കേസില്‍ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീംകോടതിയില്‍ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

യാഥാർഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്‍റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പോലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകള്‍ മെനയുകയാണെന്നുമായിരുന്നു സിദ്ദിഖിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News