ഭഗവദ് ഗീതയിലെ ലോകോക്തികൾ (16)

[ ‘ഗതാനൂൻ അഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ’ (2)]

ഗുരുദേവ് ചിന്മയാനന്ദ സ്വാമിജിയുടെ സമാധിക്കു ശേഷം പിറന്നവർ ഗുരുദേവനെക്കുറിച്ച് കൂടുതലറിയുമ്പോൾ ഭക്തിപൂർവ്വം കണ്ണിൽ വെള്ളം നിറക്കുന്നത് കണ്ടിട്ടുണ്ട്. നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്ന സങ്കടം അവർക്ക് അസഹനീയമായി തോന്നുന്നു. ഇതുപോലെ പ്രാണങ്ങളുപേക്ഷിച്ച് പോയവരെക്കുറിച്ച് ദുഖിക്കുന്നതിന് ഉദാഹരണങ്ങൾ ഏറെയുണ്ടാവും. നമുക്ക് ഏറെ പരിചയവും, ഇഷ്ടവും, ബന്ധുത്വവുമുള്ളവർ പ്രാണങ്ങൾ വെടിഞ്ഞു പോവുന്നതും നമുക്ക് ദുഃഖം നൽകുന്നു എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒക്കെ അകാല / അപകട മരണങ്ങളും അസഹനീയമായിരിക്കുമല്ലോ?
അപ്പോൾ ‘ഗതാസൂൻ അനുശോചന്തി’
പോയ പ്രാണങ്ങളെ കുറിച്ച് ദുഃഖിക്കുക എന്നത് സ്വാഭാവികമാണ്.

പ്രാണൻ പോയിക്കൊണ്ടിരിക്കുന്നവരാണ് രണ്ടാമത്തെ പട്ടികയിൽ പെടുന്നവർ.
‘അഗതാസൂൻ’ –
പ്രാണങ്ങൾ പോയിട്ടില്ലാത്തവർ എന്നാണ് വാഗർത്ഥമെങ്കിലും പ്രാണങ്ങൾ പോയിക്കൊണ്ടിരിക്കുന്നവരാണ് അവർ എന്ന് പരിഗണിക്കണം. കാരണം ഏവരും മരണത്തിലേക്കുള്ള യാത്രയിലാണല്ലോ. മരണപ്പെട്ടിട്ടില്ലാത്തവർ മരിക്കാൻ പോവുന്നവരാണ് . ഇന്നല്ലെങ്കിൽ നാളെ അവർ വിട പറഞ്ഞു പോവുമെന്നത് വസ്തുത. അതോർത്ത് ദുഃഖിക്കുന്ന ആളുകളേയും ഏറെ കണ്ടിട്ടുണ്ട്. രോഗാവസ്ഥയിൽ കഴിയുന്നവരെ ആലോചിച്ച് – അവർ മരിച്ചു പോകമല്ലോ എന്ന് ആളുകൾ വിഷമിക്കും. അതുപോലെ പ്രായാധിക്യത്താൽ – ഇന്നോ നാളയോ എന്ന നിലയിൽ – കഴിയുന്നവരെക്കുറിച്ചും ദുഃഖത്തിന് വകയുണ്ട്. ചിലരാകട്ടെ മഹാ അപകടങ്ങളിൽപ്പെട്ട് ജീവച്ഛവമായിട്ടു കഴിയുന്നവരാവും. അവരെച്ചൊല്ലിയും നമുക്ക് ദുഃഖം ഉണ്ടാകാം. യൗവ്വനകാലത്തിലും ആരോഗ്യാവസ്ഥയിലും ഉള്ള വേണ്ടപ്പെട്ടവരെ സംബന്ധിച്ച് ചിലർ ആഴത്തിൽ ആശങ്കപ്പെടാറുണ്ട്. ഇപ്രകാരം ‘അഗതാസൂൻ ശ്ച’ – പോയിക്കൊണ്ടിരിക്കുന്ന പ്രാണങ്ങളെ ചൊല്ലിയുള്ള ദുഃഖത്തിന് തീവ്രതയും വ്യാപ്തിയും ഏറും. അങ്ങനെയുള്ള ഒരു പൊതു വൈചാരിക വൈകാരിക അവസ്ഥയെയാണ് (വിശേഷിച്ചും വൈകാരിക അവസ്ഥ) ഭഗവാൻ ഇവിടെ നിഷേധിക്കുന്നത്! പണ്ഡിതൻമാർക്ക് ഇങ്ങിനെയൊരവസ്ഥ ഉണ്ടാകില്ലെന്ന് ഭഗവാൻ വ്യക്തമാക്കുന്നു. മരിച്ചവരെക്കുറിച്ചും മരിച്ചുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ചും സ്വാഭാവികമായി ദുഃഖിക്കുന്നവരിൽ നിന്നും പണ്ഡിതർ എങ്ങിനെ വ്യത്യസ്തരാകുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്.

ആചാര്യസ്വാമികൾ ‘പണ്ഡാ’ ശബ്ദത്തിന് ‘ആത്മവിഷയകമായ ബുദ്ധി എന്ന അർത്ഥമുള്ളത് നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
പണ്ഡിതൻ /പണ്ഡിത -ആത്മ വിഷയക ബുദ്ധിയുള്ളവൻ / ബുദ്ധിയുള്ളവൾ
എന്നർത്ഥം.
സാധാരണക്കാരും പണ്ഡിതരും തമ്മിലുള്ള വ്യത്യാസം ആത്മവിഷയകമായ ബുദ്ധിയുടെ കാര്യത്തിലാണെന്നു സാരം. എന്നാൽ ആത്മ വിഷയകമായ സാമാന്യ ബോധ്യം ഒരു തലത്തിൽ എല്ലാവർക്കും ഉണ്ടു് എന്നതാണ് വസ്തുത.

ആചാര്യസ്വാമികൾ തന്നെ ഭാഷ്യത്തിൽ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. അറിയാത്ത ഒരു ആത്മാവിനെയല്ല തത്വാന്വേഷണത്തിൽ അഥവാ ആത്മാന്വേഷണത്തിൽ ഒരാൾ അന്വേഷിക്കുന്നതും അറിയുന്നതും. മറിച്ച് ഏവർക്കും പരിചിതമായിട്ടുള്ള, ബോധ്യമായിട്ടുള്ള ഒരാത്മാവിനെ തന്നെയാണ് അന്വേഷിച്ച് സാക്ഷാത്ക്കരിക്കുന്നത്. അങ്ങിനെ വരുമ്പോൾ ആത്മസംബന്ധിയായ അറിവുള്ളവർ പണ്ഡിതൻമാരാണെങ്കിൽ എല്ലാവരും പണ്ഡിതൻമാരാകേണ്ടതല്ലേ?
എല്ലാവരും പണ്ഡിതരാണെങ്കിൽ പോയ പ്രാണങ്ങളെക്കുറിച്ചും പോകാനിരിക്കുന്ന പ്രാണങ്ങളെക്കുറിച്ചും ആരും ദുഃഖിക്കുമായിരുന്നില്ലല്ലോ.
അതിനാൽ സാമാന്യ ജനത്തിൽ നിന്നും പണ്ഡിതൻമാരെ വ്യത്യസ്തരാക്കുന്ന ആത്മവിഷയക ജ്ഞാനപ്രകാരം എന്തെന്നത് ഇവിടെ ചിന്താ വിഷയമാകുന്നു.
(തുടരും ….)

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

SHARE

LEAVE A REPLY