ഭഗവദ് ഗീതയിലെ ലോകോക്തികൾ (8)

[ “സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ മേഽച്യുത”]

 മറ്റൊരാളെ ഉപദേശിക്കാൻ ഉള്ള ആവേശം സ്വന്തം കാര്യത്തിൽ വിനിയോഗിച്ചു കൂടെ എന്നാലോചിക്കാറുണ്ട്. പ്രശ്നങ്ങളെ മാറി നിന്നു നോക്കി കാണാനും പ്രശ്നങ്ങൾക്ക് കൂടുതൽ യുക്തമായ പരിഹാരം കണ്ടെത്താനും ഞാൻ മേലിൽ ശ്രദ്ധിക്കും..

‘സേനയോരുഭയോർ മദ്ധ്യേ രഥം’ സ്ഥാപിക്കുക എന്നത് ഓരോരുത്തരിലും സംഗതമായി വരുന്ന അന്തഃസംഘർഷങ്ങളിൽ (ഉൾപ്പോര് ) തീർച്ചയായും പ്രയോജനപ്പെടുത്താം. മറ്റുള്ളവരെ ഉപദേശിക്കുവാൻ ഏവർക്കും സഹജമായി താത്പര്യം തോന്നും. അത് മിക്കപ്പോഴും വിഫലമായി പോവാറുണ്ട്. ഈ താത്പര്യത്തെ അപലപിക്കാതെ സ്വന്തം കാര്യത്തിൽ വിനിയോഗിച്ച് പരീക്ഷിക്കുക എന്നത് വളരെ ശ്രേയസ്ക്കരമായ നിശ്ചയമാണ്.

യോഗാസന പരിശീലനത്തിന്റെ ഭാഗമായി ശവാസനത്തിൽ കിടക്കുമ്പോൾ പ്രകൃതിയിലുള്ള ശബ്ദങ്ങളെ നിരീക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്താറുണ്ട്. ആദ്യമാദ്യം നല്ലത് – ചീത്ത എന്ന നിലയിൽ നിരീക്ഷിക്കും. ക്രമേണ വിലയിരുത്തലുകൾ അസ്തമിക്കും. ഈ അഭ്യാസം ഇവിടെയും യോജിക്കുമെന്നു തോന്നുന്നു.

* ഉഭയ മദ്ധ്യത്തിൽ നിന്ന് കാര്യങ്ങളിൽ തീർപ്പ് സാധിക്കുന്നതിനുള്ള സാധനാഭ്യാസമായി ശവാസന വേളയിലെ മാർഗ്ഗ നിർദ്ദേശം ഉപകാരപ്പെടുത്താം. ഇഷ്ടദേവതാരാധന പോലുള്ള ഉപാസനകളും പ്രാണായാമം, ജപം തുടങ്ങിയ അനുഷ്ഠാനങ്ങളും ഈ കാര്യത്തിൽ സഹായകമാവും.

# കുരുക്ഷേത്രഭൂമിയിൽ അർജ്ജുന പക്ഷത്തായിരുന്നല്ലോ ശ്രീ കൃഷ്ണഭഗവാൻ. ഭഗവാൻ നിഷ്പക്ഷമതിയായിരുന്നില്ല എന്നൊരാക്ഷേപം ഉന്നയിച്ചാലോ?

* നിഷ്പക്ഷത എന്നത് ഉഭയ പക്ഷ വിശകലന സമയത്ത് പ്രസക്തമാവുന്ന കാര്യമാണ്. രണ്ടു പക്ഷവും ഒരു പോലെ പരമ ശ്രേയസ്സിന് സഹായകമാവില്ല. അപ്പോൾ കൂടുതൽ യുക്തമായത് തിരഞ്ഞെടുക്കേണ്ടി വരും. അത്തരമൊരവസ്ഥയിൽ നിഷ്പക്ഷ വിശകലനം അനിവാര്യമാണ്. വിശകലന ശേഷം ശ്രേയസ്സിന്റ പക്ഷം അവലംബിക്കുന്നത് അന്യായമല്ല. ഭഗവാൻ നന്മയുടെയും, ശ്രേയസ്സിന്റേയും പക്ഷത്തെ സംബന്ധിച്ച് സംശയ ഗ്രസ്തനായിരുന്നില്ല. സ്വന്തം ബോധ്യത്തെ അർജ്ജുനനിൽ അടിച്ചേൽപ്പിക്കാൻ ഉദ്യമിച്ചിട്ടുമില്ല.

ഇരു സൈന്യങ്ങളുടേയും മധ്യത്തിൽ തന്റെ തേരിനെ കൊണ്ടു നിർത്താൻ പാർത്ഥൻ ആവശ്യപ്പെട്ടപ്പോൾ സാരഥിയെന്ന നിലയിൽ ഭഗവാൻ അതു നിർവ്വഹിച്ചു. അക്കാര്യത്തിൽ ശ്രീകൃഷ്ണനെതിരെ ആക്ഷേപമുന്നയിച്ചു കൂടാ. ഭഗവാൻ പക്ഷപാതരഹിതമായി ഒരു ദൗത്യം ലോക കല്യാണാർത്ഥം സ്വീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. അത് ഇവിടെ ചർച്ചാ വിഷയമാക്കിക്കൂടാ. ഭഗവദ് ഗീതോപദേശം ദുര്യോധനന് എതിരായി നൽകിയതാണെന്ന് ഒരിക്കലും വിലയിരുത്താൻ സാധിക്കില്ല. ഭഗവദുപദേശം അർജ്ജുനനെ വളർത്താൻ നൽകിയതാണ്, നമുക്കൊക്കെ വളരാൻ എക്കാലത്തും സഹായകമാണ്. അർജ്ജുന്റെ സ്ഥാനത്ത് വിഷാദത്തിനടിമപ്പെട്ട് ദുര്യോധനനായിരുന്നു ഭഗവാനെ ആശ്രയിച്ചിരുന്നതെങ്കിലും ഭഗവാൻ ഇതേ ഉപദേശം തന്നെയാവും നൽകുക.

ശ്രീരാമചന്ദ്ര പ്രഭുവിന്റെ പ്രസ്താവന ഉദാഹരണമായി അനുസ്മരിക്കാം. അഭയം തേടിയെത്തിയ വിഭീഷണനെ സ്വീകരിക്കേണ്ടുന്ന വിഷയത്തിൽ ചർച്ച നടക്കുമ്പോൾ ശ്രീ ദാശരഥി രാമൻ പറയുന്നു – അഭയം തേടി സുഗ്രീവനോ, വിഭീഷണനോ സാക്ഷാൽ രാവണൻ തന്നേയോ വന്നുകൊള്ളട്ടെ , ഞാൻ അഭയം നൽകും. ‘ അഭയം സർവ്വ ഭൂതേഭ്യോ ദദ്യാമ്യേതത് വ്രതം മമ ‘ എന്നും രഘുവരൻ കൂട്ടിച്ചേർത്തു. ‘ ( എല്ലാ ഭൂതജാലങ്ങൾക്കും അഭയം നൽകുക എന്നതെന്റെ വ്രതമാണ്)

# മദ്ധ്യസ്ഥത എളുപ്പമല്ല. നിശ്ചയങ്ങളിൽ പിഴവു വന്നാൽ കൂടുതൽ അപകടമാവും. കാലത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നു തോന്നാറുണ്ട്.

* എന്റെ നിശ്ചയങ്ങൾ പിഴക്കുമെന്ന് ഭയന്ന് പിൻവാങ്ങി നിൽക്കുന്നത് ശരിയല്ല. ആത്മാർത്ഥത പുലർത്തി, ശുഭ ചിന്തയോടെ ഇടപെടേണ്ട സന്ദർഭങ്ങളിൽ ഇടപെടണം. തെറ്റ് പറ്റുന്നത് തിരിച്ചറിഞ്ഞാൽ തിരുത്താവുന്നതേയുള്ളൂ. എടുത്തു ചാടി ഒരിടപെടൽ നടത്താതിരിക്കാം. അവധാനതയോടെ കാര്യങ്ങൾ പഠിച്ചേ ഇടപെടൂ എന്നു നിശ്ചയിക്കാം.
കാലം പലതും പരിഹരിക്കുമെന്ന് കരുതി നമുക്കു വളരാൻ ലഭിക്കുന്ന അവസരങ്ങൾ തുലച്ചു കളയാമോ?
അവസരോചിതമായ ഇടപെടലിന്റെ അഭാവത്താൽ കാലം കൊണ്ട് കാര്യങ്ങൾ വഷളാവാനും സാധ്യതയുണ്ട്. പരിഹാരം ഉണ്ടാകും വരെ പ്രശ്നം നിലനില്ക്കുന്നതും അഭികാമ്യമല്ല. അതു കൊണ്ട് വലിയ തോതിലുള്ള മാനസിക ഊർജ്ജ നഷ്ടമുണ്ടാവുമെന്നതും ശ്രദ്ധിക്കണം.

പ്രേമാദരപൂർവ്വം സ്വാമി അദ്ധ്യാത്മാനന്ദ

(തുടരും….)

 

SHARE

LEAVE A REPLY