സരസ്വതീ നമസ്തുഭ്യം…..

ജഗദംബയെ, ഉടലുമുയിരും തന്ന അമ്മയെ ഓർത്ത് – പ്രണമിക്കുന്നു. ഈ യുക്ത്യതീത ആരാധനയിൽ യുക്തിചിന്തയുടേയോ, ആചാരാനാചാര ചിന്തയുടേയോ, വർണ്ണ- വർഗ്ഗ ഭേദചിന്തയുടേയോ വികല്പങ്ങൾ പുരളാതിരിക്കാൻ ജഗദംബേ കനിയണേ.

ഹേ നാന്മുഖ പ്രിയതമേ,
ബ്രഹ്മാവിന്റെ അനന്താതിശയ സൃഷ്ടി വൈവിധ്യത്തിൽ, ബ്രഹ്മാവലോകന ധിഷണാ വൈഭവം (പ്രപഞ്ചോത്പത്തി സ്ഥിതി ലയ കാരണമായ ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കാനുള്ള ബുദ്ധി ശേഷി ) മനുഷ്യനു പ്രത്യേകമായി ലഭിച്ച അനുഗ്രഹമാണല്ലോ . ആ വരദാനം ആസ്വദിച്ചാവാഹിച്ച് പ്രയോജനപ്പെടുത്താൻ കനിയേണമേ എന്ന പ്രാർത്ഥനയോടെ തൃപ്പാദപദ്മങ്ങളിൽ പ്രണമിക്കുന്നു.

വരദേ കാമരുപിണീ…..

സൃഷ്ടിയുടെ സംഗീതവും, സൗന്ദര്യവും, നടന ചാരുതയും, വർണ്ണ വിസ്മയവും , താളമേളക്കൊഴുപ്പും ഹേ ത്രിപുര സുന്ദരീ അവിടുത്തെ വിഭൂതികളാണ്. പദ്മസംഭവനോട് ഇണങ്ങി നിന്ന് ഹേ കാമരൂപിണീ അങ്ങ് നിർവ്വഹിക്കുന്ന സർഗ്ഗാവിഷ്ക്കാര പകർന്നാട്ടങ്ങൾ ആശ്ചര്യഭരിതം.

“സംഗീതമപി സാഹിത്യം സരസ്വത്യാസ്തന ദ്വയം
ഏകമാപാദമധുരം അന്യദാലോചനാമൃതം ” ( സംഗീതവും, സാഹിത്യവും സരസ്വതീ മാതാവിന്റെ രണ്ട് മുലകളാകുന്നു. ഇതിൽ സംഗീതം മധുര പൂർണ്ണം. സാഹിത്യം ആലോചനാമൃതവും ആകുന്നു.)
എന്ന് അങ്ങയെ പുകഴ്ത്തുന്നു. ഹേ ഇഷ്ട വരപ്രദായിനീ എന്റെ ലോകങ്ങളെ ഭാവനാസർഗ്ഗസമ്പന്നമാക്കി അർത്ഥവും, ആഴവും, ഐശ്വര്യവും , ശാന്തിയും, ആഹ്ളാദവും നിറക്കേണമേ.

വിദ്യാരംഭം കരിഷ്യാമി …..

ഹേ വിദ്യാരൂപിണീ, സകലകലാ വല്ലഭേ, പരാപരാ വിദ്യാ ദായിനീ ഞാൻ വിദ്യാരംഭത്തെ ചെയ്യുന്നു. അറിവിന്റെ നാനാ വിഭൂതികൾ ആസ്വദിച്ച് ഞാൻ വിഹരിക്കുമാറാവട്ടെ. അവിടുത്തെ പ്രതിഭാ കിരണാവലിയിലൊരുകണം എന്നിലും പതിച്ച് നൂറായിരം പ്രകാരം പ്രതിഫലിക്കട്ടെ. അക്ഷരരൂപിണീ , അക്ഷരാഭ്യാസത്തിലൂടെ അക്ഷര തത്വ തീർത്ഥാടനത്തിന് ഗുരുവൃന്ദ അനുഗ്രഹാശിസ്സുകൾ പ്രാർത്ഥിച്ച് ഞാൻ ഉദ്യമിക്കുന്നു.

സിദ്ധിർ ഭവതു മേ സദാ ……

‘വിദ്യയാ വിന്ദതേ വീര്യം’ – വിദ്യകൊണ്ട് വീര്യ തേജോ സിദ്ധി എന്നിൽ സംഭവിക്കട്ടെ.
ചിന്താ കാലുഷ്യങ്ങളകന്ന മനഃ പ്രശാന്തി ആവതും കാത്തു സൂക്ഷിക്കാൻ സാധിക്കട്ടെ. ബുദ്ധി, വിവേക ശേഷികൊണ്ട് പ്രഫുല്ലിതമാവട്ടെ. ആരേയും പരാജയപ്പെടുത്താതെ വിജയ സോപാനം പുൽകാൻ സാധിക്കട്ടെ. ഐശ്വര്യാധിഷ്ഠിത ഭൗതീക വിജയം ജഗദംബയെ ആരാധിക്കുവാൻ പാകത്തിൽ സംഭൂതമാവട്ടെ.

‘വിദ്യയാ വിന്ദതേ അമൃതം’ – ജനിമൃതി സംസാര സങ്കീർണ്ണതകൾ സമ്മാനിക്കുന്ന സങ്കടങ്ങളിൽ നിന്ന് വിദ്യ എന്നെ മോചിപ്പിക്കും എന്ന് ഞാനറിയുന്നു. ആ സംസാര മുക്തി എനിക്കു സംസിദ്ധമാവട്ടെ.

ഹരിഃ ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു

അ ആ ഇ ഈ ഉ ഊ ഋ ഌ എ ഏ ഐ ഒ ഓ ഔ അം അഃ

ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട o ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ

യ ര ല വ ശ ഷ സ ഹ ള ക്ഷ

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

SHARE

LEAVE A REPLY