പ്രണയ മീനുകളുടെ കടൽ പറഞ്ഞു പഴകിയൊരു പ്രേമ കഥ

ഡോ. ജോസ് ജോസഫ്
 മോസയിലെ കുതിര മീനുകൾ, അനാർക്കലി എന്നീ ചിത്രങ്ങൾക്കു ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമയാണ് പ്രണയ മീനുകളുടെ കടൽ. ആമിക്കു ശേഷം കമൽ സംവിധാനം ചെയ്ത ചിത്രം പ്രണയ മീനുകളുടേതു മാത്രമല്ല സ്രാവുകളുടെയും വേട്ടക്കാരനായ ശുറാവ് ഹൈദ്രുവിന്റെയും കൂടി കഥയാണ്. അലസനും അലമ്പനുമാണ് ചിത്രത്തിലെ നായകനായ അജ്മൽ ( ഗബ്രി ജോസ് ). ചിത്രത്തിന്റെ തുടക്കത്തിൽ അയാളെ കാണുന്നത് സെൽഫി എടുക്കുന്നതിനിടയിൽ കൊക്കയിലേക്ക് വഴുതി വീഴാറായ മട്ടിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. ബേപ്പൂരിലെ ഖലാസികളുടെ കുടുംബത്തിൽ നിന്നുള്ള ന്യൂ ജെൻ യുവാവാണ് അയാൾ. ജോലിയെടുത്തു ജീവിക്കാൻ താല്പര്യമില്ല സിനിമയിൽ സൂപ്പർ സ്റ്റാർ ആകണമെന്നാണ് മോഹൻലാൽ ഫാനായ അജ്മലിന്റെ ആഗ്രഹം. താടിയും മുടിയും നീട്ടിയ ന്യൂ ജെൻ യുവാവായ അജ്മൽ ദാമോദരൻ മേസ്തിരിക്കൊപ്പം (സുധീഷ്) ഉരുവിന്റെ റിപ്പയർ പണിക്കായി മടിച്ചു മടിച്ചു ലക്ഷദ്വീപിലെത്തുന്നു.. അവിടെ അയാൾ അറയ്ക്കൽ തറവാട്ടിലെ പെൺകുട്ടി ജാസ്മിനുമായി (റിഥി കുമാർ) പ്രണയത്തിലാകുന്നതാണ് കഥ. കമലാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. തിരക്കഥ കമലും ജോൺ പോളും ചേർന്ന് രചിച്ചിരിക്കുന്നു. തിരക്കഥാകൃത്തുക്കൾക്ക് ന്യൂ ജെൻ പിള്ളേരെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നും ഉപരിപ്ലവമായ ധാരണകളെ ഉള്ളുവെന്നും അജ്മലിന്റെയും കൂട്ടുകാരുടെയും പാത്രസൃഷ്ടികളിൽ നിന്നു മനസ്സിലാക്കാം.
കടലിൽ ജനിച്ച് കടലിൽ വളർന്നവനാണ് സ്രാവു വേട്ടക്കാരൻ ശുറാവ് ഹൈദ്രു ( വി നായകൻ). കടലിൽ പോകാത്തപ്പോൾ അറയ്ക്കൽ ബീവിയുമ്മ നൂർജഹാന്റെ (പത്മാവതി റാവു ) കാൽക്കീഴിലാണ് ഹൈദ്രു. നൂർജഹാന്റെ അടിമയും വേട്ടപ്പട്ടിയുമാണ് ഹൈദ്രു. അവർക്കു വേണ്ടി എന്തും ചെയ്യും. നൂർജഹാനും മകളും ജാസ്മിന്റെ അമ്മയുമായ സുൽഫിക്കറിനും (ശ്രീധന്യ ) കരയിൽ നിന്നുളള പുരുഷന്മാരുമായി നഷ്ടപ്രണയങ്ങളുടെ കഥകളുണ്ട്. അറയ്ക്കൽ തറവാട്ടിൽ കരയിൽ നിന്നുള്ള പുരുഷന്മാർ വാഴില്ലെന്നാണ് വിശ്വാസം. അതു കൊണ്ട് അവർ ജാസ്മിനെ ദ്വീപിനു പുറത്തു വിടാതെ കിളിയെപ്പോലെയാണ് വളർത്തുന്നത്.
        ഇന്ത്യയിൽ തന്നെ ഏറ്റവും കുറച്ച് ക്രൈം റേറ്റുള്ള ലക്ഷദ്വീപിൽ തുടർച്ചയായി കേസൊന്നും രജിസ്റ്റർ ചെയ്യാതെ ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് എസ് ഐ (സൈജു കുറുപ്പ്). ബൈക്കിൽ ചുറ്റിയടിച്ചും മദ്യപിച്ചും നാട്ടുകാരോടു അടിപിടി കൂടിയും  അലമ്പുണ്ടാക്കുന്ന അജ്മലും സംഘവും ദ്വീപിലെ സമാധാനന്തരീക്ഷം തകർക്കുന്നു .ബുദ്ധി സ്ഥൈരതയും ശുദ്ധ മനസ്സുമുള്ള ജാസ്മിൻ ആദ്യമൊന്നും അജ്മലിന്റെ പ്രണയാഭ്യർത്ഥനക്കു വഴങ്ങുന്നില്ല.എന്നാൽ പിന്നീട് ജാസ്മിൻ അലമ്പനായ അജ്മലുമായി  പ്രണയത്തിലേക്ക് വഴുതി വീഴുന്നത്  പ്രേക്ഷകർക്ക് അംഗീകരിക്കാവുന്ന തരത്തിലല്ല. അല്പം നൊസ്സുള്ള വിദ്യാസമ്പന്നനായ അൻസാരിയാണ് (ദിലീഷ് പോത്തൻ) അജ്മലിന്റെയും ജാസ്മിന്റെയും ഇടനിലക്കാരൻ. അദ്ദേഹത്തിനുമുണ്ട് പറയാതെ പോയ ഒരു നഷ്ട പ്രണയത്തിെന്റെ കഥ ലക്ഷദ്വീപിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന ആദ്യ പകുതി അല്പം ഇഴഞ്ഞാണ് നീങ്ങുന്നത്.രണ്ടാം പകുതിയിലാണ് അജ്മലിന്റെയും ജാസ്മിന്റെയും പ്രണയം ചൂടുപിടിക്കുന്നത്. ഒരു ഭാഗത്ത് അജ്മലും ജാസ്മിനും. മറുഭാഗത്ത് അറയ്ക്കൽ ബീവി നൂർജഹാനു വേണ്ടി വേണമെങ്കിൽ കൊല്ലാനും തയ്യാറായി നിൽക്കുന്ന ഹൈദ്രു.ഇവരിൽ ആരു ജയിക്കുമെന്നതാണ് ക്ലൈമാക്സ്.പറഞ്ഞു പഴകിയ പരിചിത ട്രാക്കിൽ കൂടിയാണ് ചിത്രം പോകുന്നത്. എന്നാൽ കമൽ എന്ന സംവിധായകന്റെ പരിചയ സമ്പത്ത് ഒരു പരിധി വരെ ചിത്രത്തെ രക്ഷിച്ചെടുക്കുന്നു. കമ്മട്ടിപ്പാടത്തെ ഗംഗയ്ക്കും തൊട്ടപ്പനിലെ ഇത്താക്കിനും ശേഷമുള്ള വിനായകന്റെ ശ്രദ്ധേയമായ വേഷമാണ് സ്രാവു വേട്ടക്കാരൻ ശുറാവ് ഹൈദ്രു. വിനായകനു മാത്രം ചെയ്യാവുന്ന വേഷം.
അഭിനേതാക്കളിൽ ഏറ്റവും തിളങ്ങുന്നത് വിനായകനും അറയ്ക്കൽ നൂർജഹാനെ അവതരിപ്പിച്ച കന്നഡ താരം പത്മാവതി റാവുമാണ്.നായകനായ അജ്മലിന്റെ വേഷത്തിൽ എത്തിയ ഗബ്രി ജോസ് അത്രകണ്ട് ഏശിയില്ല.എന്നാൽ ജാസ്മിന്റെ റോളിൽ റിഥി കുമാർ നന്നായി.
പുതുമയില്ലാത്ത പ്രണയകഥയാണ് പ്രണയ മീനുകളുടെ കടലിന്റേത്.പൂർണ്ണമായി വിജയിച്ചില്ലെങ്കിലും  കാലത്തിനൊത്തു മാറി പിടിച്ചു നിൽക്കാനുള്ള ശ്രമം പ്രണയ മീനുകളുടെ കടലിൽ കമൽ നടത്തിയിട്ടുണ്ട്. അതിനുള്ള തെളിവാണ് ചിത്രത്തിലെ രണ്ടു ചുംബന രംഗങ്ങൾ.ഹൈദ്രുവിന്റെ സ്രാവു വേട്ട നന്നായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രേക്ഷകരിൽ വലിയ ആവേശമൊന്നും സൃഷ്ടിക്കുന്നില്ല. കവരത്തി ദ്വീപിന്റെ ആകാശ ദൃശ്യങ്ങളും നീലക്കടലിന്റെ ആഴങ്ങളും  ആഴങ്ങളിലെ മീനുകളുമെല്ലാം വിഷ്ണു പണിക്കരുടെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തു. ഷാൻ റഹ്മാന്റെ സംഗീതവും മികച്ചതാണ്.   എങ്കിലും കടലിന്റെ ദൃശ്യഭംഗി ഒന്നു കൊണ്ടു മാത്രം പറഞ്ഞു പഴകിയ പ്രണയ കഥ പ്രേക്ഷകരെ പിടിച്ചിരുത്തുമോ എന്ന് സംശയമാണ്.

LEAVE A REPLY