പാകിസ്താൻ വിവാഹ മാഫിയ 629 പെൺകുട്ടികളെ ചൈനയ്ക്ക് വിററു

ലാഹോര്‍: ചൈനക്കാരുടെ വധുക്കളാവാൻ 629 പെണ്‍കുട്ടികളെ പാകിസ്താനില്‍ നിന്ന് വിററു.അത്തരം വിവാഹങ്ങള്‍ നടത്താന്‍ പാകിസ്താനിലും ചൈനയിലും ഇടനിലക്കാര്‍ ധാരാളമുണ്ട്. 40 ലക്ഷം മുതല്‍ ഒരുകോടി രൂപവരെയാണ് ഇവര്‍ ചൈനീസ് വരന്റെ പക്കല്‍ നിന്ന് കൈപ്പറ്റുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വെറും രണ്ടുലക്ഷം രൂപയോളം മാത്രമേ നല്‍കൂ.

പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ അസോസിയേറ്റ് പ്രസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ നോട്ടമിടുന്നത്. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ള പെണ്‍കുട്ടികളാണ് വിവാഹ മാഫിയകളുടെ പുതിയ ലക്ഷ്യം.

ഇത്തരത്തില്‍ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് തടവറകളിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുകയോ ആണ് പതിവ്. മറ്റുചിലര്‍ വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്നു. അത്തരം അനുഭവങ്ങള്‍ സഹിക്കവയ്യാതെ തിരികെ വരുന്നവരില്‍ നിന്നാണ് വിവരങ്ങള്‍ പുറംലോകമറിയുന്നത്.

മനുഷ്യക്കടത്ത് നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ജൂണില്‍ നിര്‍ത്തിവെച്ചിരുന്നു.ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ടായിരുന്നു ഇത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

SHARE

LEAVE A REPLY