
മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ട രീതികൾ സംബന്ധിച്ച്
നിര്‍ദ്ദേശം നല്‍കിയത് വഴി സുപ്രീംകോടതി പ്രയോഗിച്ചത് ഭരണഘടനക്കും അതീതമായ
അമിതാധികാരമല്ലേ? ഭരണഘടനയുടെ 194(2) അനുഛേദ പ്രകാരം നിയമസഭയിലെ ഒരംഗം
സഭയില്‍ പ്രസംഗിച്ചതോ വോട്ട് രേഖപ്പെടുത്തിയതോ ആയ കാര്യങ്ങള്‍ കോടതി നടപടികള്‍ക്ക്
വിധേയമാക്കാന്‍ പാടില്ല.
കാലതാമസമുണ്ടായാല്‍ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന്
പറഞ്ഞുകൊണ്ടാണ് കോടതി ഈ നിര്‍ദ്ദേശങ്ങളെ ന്യായീകരിക്കുന്നത്.
കുതിരക്കച്ചവടം നടക്കുമെന്ന് എങ്ങിനെയാണ് കോടതി അനുമാനിച്ചത് ? പി. വി.
നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കേ, കുതിരക്കച്ചവടം നടന്നെന്ന്
വ്യക്തമായി തെളിഞ്ഞ കേസില്‍പ്പോലും ഇടപെടാന്‍ അന്ന് സുപ്രീം കോടതി
വിസമ്മതിച്ചിരുന്നു.
ചില പാര്‍ലമെന്റ് അംഗങ്ങള്‍ പണം വാങ്ങി നരസിംഹറാവു
സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് ഒരു മാധ്യമ ലേഖകന്‍ റിപ്പോര്‍ട്ട്
ചെയ്തിരുന്നു. സമ്പന്നരല്ലാത്ത ചില പാര്‍ലമെന്റ് അംഗങ്ങള്‍ വന്‍ തുക
നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആ ലേഖകന്റെ തുടരന്വേഷണമാണ് ഈ വോട്ട്
കച്ചവടം പുറത്തുകൊണ്ടുവന്നത്.
അന്ന് ഈ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണെങ്കിലും ഭരണഘടനയുടെ 194(2) വകുപ്പ് പ്രകാരം
നിരോധനമുള്ളതിനാല്‍ സുപ്രീം കോടതി ഇടപെട്ടില്ല.സാഹചര്യം ഇതായിരിക്കേ വിശ്വാസ
വോട്ടെടുപ്പ് എങ്ങിനെയായിരിക്കണമെന്നും മറ്റും നിര്‍ദ്ദേശം നല്‍കുന്നത് ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്
വേണ്ടിയാണെങ്കില്‍പ്പോലും നിയമപരമായി നിലനില്‍ക്കുമോ എന്ന് സംശയമാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് രൂപം കൊണ്ട സഖ്യം തകര്‍ത്ത് എതിര് കക്ഷികളുമായി
പുതിയ സഖ്യമുണ്ടാക്കുന്നതും സര്‍ക്കാര്‍ രൂപീകരിക്കുന്നതും, മുഖ്യമന്ത്രി പദം
സ്വീകരിക്കുന്നതുമൊക്കെയാണോ സുപ്രീം കോടതിയുടെ ദൃഷ്ടിയില് കുറെക്കൂടി
മികച്ച ജനാധിപത്യ മൂല്യം?
ത്രികക്ഷി സംഘം നല്കിയ ഹര്‍ജി നിരാകരിച്ചിരുന്നുവെങ്കില്‍ ജനാധിപത്യ
മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് കോടതി സ്വീകരിച്ച മികച്ച നടപടിയായി അത്
ചിത്രീകരിക്കപ്പെടുമായിരുന്നു.
(രാഷ്ടീയ നിരീക്ഷകനായ പി. രാജൻ, മാതൃഭൂമിയുടെ അസി.എഡിറററായിരുന്നു)