നായനാരുടെ പരിഹാസവും എന്റെ സന്തോഷവും

വിവരക്കേടിനും ഒരതിര് വേണ്ടേ ? ചോദ്യം എന്നോടായിരുന്നു. എന്നോട് മാത്രം. ചോദ്യ കര്‍ത്താവ് മറ്റാരുമല്ല. മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന സാക്ഷാല്‍ ഇ.കെ.നായനാര്‍. 1982 നവംബര്‍ 11 ന് ദേശാഭിമാനി പത്രത്തിലെ തന്റെ പംക്തിയിലൂടെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.

പാര്‍ലമെന്‍റംഗമായ ബി.വി.അബ്ദുള്ളക്കോയയെ സിഡ്ക്കോ ചെയര്‍മാനായി നിയമിച്ചത് ഇരട്ട പദവിയായി കണക്കാക്കി ഭരണഘടന പ്രകാരം അയോഗ്യത കല്‍പ്പിക്കാനിടയുണ്ടെന്ന് നവംബര്‍ 6 ന് മാതൃഭൂമിയിലെ ‘തലസ്ഥാനത്ത്നിന്ന് ‘ എന്ന പ്രതിവാര പംക്തിയില്‍ ഞാനെഴുതിയിരുന്നു. ഭരണഘടന പ്രത്യേക പരിരക്ഷ നല്‍കാത്ത സാഹചര്യത്തില്‍ ഒരു മന്ത്രിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന പ്രതിപക്ഷ നേതാവ് പദവിയും ഇരട്ട പദവിയായി കണക്കാക്കപ്പെടില്ലേ എന്ന സംശയവും ഞാൻ ഉന്നയിച്ചിരുന്നു.

പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് പദവി നല്‍കിയപ്പോള്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും ഇത്തരം പരിരക്ഷ നല്‍കിയിരുന്നില്ല. ഭരണഘടന പ്രകാരം ഈ ഇരട്ടപ്പദവി വഹിക്കുന്നവരെ അയോഗ്യരാക്കാന്‍ ഇടയുണ്ട് എന്നായിരുന്നു എന്റെ നിഗമനം‍. ഇതാണ് നായനാരെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷ നേതാവിന്റെ നിയമനത്തില്‍ സര്‍ക്കാരിന് നിയന്ത്രണമൊന്നുമില്ലെന്നും, അതിനാല്‍ അയോഗ്യനാക്കുന്ന ചോദ്യം ഉദിക്കുന്നില്ലന്നും നായനാര്‍ വാദിച്ചു. എന്റെ സംശയങ്ങള്‍ മാതൃഭൂമിയുടെ കണ്ടുപിടുത്തമാണെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. രഹസ്യമായി നക്സലൈററ് നേതാക്കളുമായി അഭിമുഖ സംഭാഷണം നടത്തി നായനാർ സര്‍ക്കാരിനെ വിഷമിപ്പിച്ച ലേഖനങ്ങളുടെ കര്‍ത്താവാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ അധിക്ഷേപിക്കുകയും ചെയ്തു.

ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഉന്നയിച്ച ചോദ്യം പൊട്ടിത്തെറിച്ചു. സ്ഫോടന പരമ്പര ജയാബച്ചനില്‍ നിന്ന് തുടങ്ങി. അയോഗ്യതയില്‍ നിന്ന് രക്ഷപെടാന്‍ സോണിയ ഗാന്ധി പാര്‍ലമെന്റെ് അംഗത്വം രാജിവച്ചു. സ്പീക്കറായിരുന്ന സോമനാഥ ചാറ്റര്‍ജി ഉൾപ്പെടെ നിരവധി പേരെ അയോഗ്യരാക്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഓര്‍ഡിനന്‍സും, പിന്നീട് മുന്‍കാല പ്രാബല്യത്തോടെ നിയമ നിര്‍മ്മാണവും നടത്തി. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷ നേതാവിന്‍റേയും ചീഫ് വിപ്പിന്റെയും ഇരട്ടപ്പദവിയെക്കുറിച്ച് ആരും തന്നെ ആശങ്കപ്പെട്ടില്ല. നിയമപരമായ ഈ വീഴ്ച ചൂണ്ടിക്കാട്ടി ഞാന്‍ ഗവര്‍ണ്ണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം നല്‍കി.നിവേദനത്തെക്കുറിച്ച് ഒരു പത്രക്കുറിപ്പും നല്‍കി.


എന്‍റെ സ്വതന്ത്രമായ നിലപാട് കാരണം മിക്ക മാധ്യമ ഉടമകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഞാന്‍ അനഭിമതനായിരുന്നതിനാല്‍ പത്രക്കുറിപ്പ് വെളിച്ചം കണ്ടില്ല. എന്നാല്‍, ഗവര്‍ണ്ണര്‍  കത്ത് തെരഞ്ഞെടുപ്പ്

കമ്മീഷനും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൈമാറിയിരുന്നു. അതോടെ പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പദവി സംബന്ധിച്ച്, 1951-ലെ ശമ്പളവും അലവന്‍സുകളും നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്ത് കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 60 കൊല്ലത്തെ മുന്‍കാല പ്രാബല്യം നല്‍കി
പുറപ്പെടുവിച്ച ജനാധിപത്യ വ്യവസ്ഥയിലെ ഏക നിയമവും ഒരുപക്ഷേ, ഇതായിരിക്കാം.

2011 ഡിസംബര്‍ 21-ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്റെ നിവേദനത്തിന് മറുപടി നല്കി. 2011 ലെ നിയമസഭ (അയോഗ്യത നീക്കം ചെയ്യല്‍) ഭേദഗതി ഓര്‍ഡിനന്‍സ് 1951 ഒക്ടോബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ പുറപ്പെടുവിച്ചിട്ടുണ്ടന്നായിരുന്നു ആ മറുപടിയിലെ ഉള്ളടക്കം. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെ അയോഗ്യനാക്കുന്നതിനെക്കുറിച്ചുള്ള എന്റെ നിവേദനത്തെ പരാമര്‍ശിച്ചായിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ കത്ത്.അങ്ങിനെ വിവരമില്ലാത്ത ഒരു പത്രപ്രവര്‍ത്തകന്‍ നിയമം പാലിക്കാന്‍ നിയമസഭയെ നിര്‍ബന്ധിതമാക്കി എന്ന് പറയാം.

LEAVE A REPLY