ബാങ്കുകളുടെ ലയന നീക്കവും  ബി എം എസ് നിലപാടുകളും

സംഘ് പരിവാറിന്റെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്.) ആറു പൊതുമേഖല ബാങ്കുകളുടെ ലയനത്തെ ശക്തമായി എതിർക്കുന്നു. ഇത്കേന്ദ്ര സർക്കാരിനും ധനമന്ത്രി നിർമല സീതാരാമനും തലവേദനയാവുകയാണ്.സാമ്പത്തിക നയങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് കൂടിയേ തീരൂ എന്നാണ് ബി എം എസ് ഉയർത്തുന്ന മുഖ്യാവശ്യം.അത് കേൾക്കാൻ സർക്കാർ തയ്യാറാവുമോ? വരും ദിവസങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടാൻ പോകുന്ന വിഷയമാണിത്. ഒരു പക്ഷെ, നിർമലാ സീതാരാമന്റെ  കസേര തന്നെ തെറിക്കാനുള്ള സാധ്യത വരെ
 തള്ളിക്കളയാനാവില്ല. നിർമലയ്ക്ക് പകരം പീയൂഷ് ഗോയൽ വന്നാലും അത്ഭുതപ്പെടാനില്ല.
 
ഇക്കഴിഞ്ഞ ആഗസ്റ്റ് 30-ന് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്‍ഡ്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്,കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്‍ഡ്യന്‍ ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്ക്, കനാറാ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, അലഹബാദ് ബാങ്ക് എന്നിവയുമായി ലയിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയത്. ഇതു ഒരു തരത്തിലും സ്വീകരിക്കാൻ ആവില്ലെനാ‍ണ് ബി എം എസിന്റെ നിലപാട്.
ഈ ലയനം രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ തകിടം മറിക്കുമെന്ന് ബി.എം.എസ്. പ്രസിഡന്‍റ് അഡ്വ സജി നാരായണന്‍  തുറന്നടിക്കുന്നു. കേന്ദ്ര മന്ത്രിക്ക്തെറ്റായ ഉപദേശമാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതെന്നും ആ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ പരിണിത ഫലമാണീ ദുര്യോഗമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
ശക്തമായ ബാങ്കിംഗ് സമ്പ്രദായം ഉണ്ടായിരുന്നതിനാലാണ് ആഗോള മാന്ദ്യകാലത്ത് ഇന്ത്യക്ക് പിടിച്ച് നില്‍ക്കാനായത്. ആ അടിത്തറ തകര്‍ക്കുന്ന ആസൂത്രിതമായ നീക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. അതു കൊണ്ടാണ് ബി.എം.എസ്. ഈ ലയനത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. രാ‍ജ്യത്തെ ബാങ്കുകളുടെ ജീവനാഡി ഉപയോക്താക്കളാണ്. ലയനത്തോടെ
ആറ് ബാങ്കുകളുടെ ശാഖകള്‍ ഏകീകരിച്ച് ഒന്നാകും. അത്ഉപയോക്താക്കള്‍ക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതോടെ ബാങ്കുകളും ഉപയോക്തക്കളും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുമെന്നാണ് ബി എം എസിന്റെ ഭയം.
 
ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യവും വളര്‍ച്ച നിരക്കിലെ കുറവും എല്ലാം ഉപദേശകര്‍ നല്‍കുന്ന തെറ്റായ
മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.എന്നാല്‍ നോട്ട് നിരോധനവും ചരക്ക് സേവന നികുതി  പരിഷ്ക്കാരങ്ങളുമാണ് രാജ്യത്തെ മാന്ദ്യത്തിന് കാരണമെന്ന മുന്‍ പ്രധാനമന്ത്രി ഡോ മന്‍ മോഹന്‍ സിംഗിന്‍റെ അഭിപ്രായത്തോട് ബി.എം.എസ്.നേതാവ് യോജിക്കുന്നുമില്ല.
മന്‍മോഹന്‍ സിംഗിന്‍റെ കാലത്ത് വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായിരുന്നു.ഇപ്പോള്‍ അത്രത്തോളം താണിട്ടില്ല. 1991-ല്‍ ആരംഭിച്ച ഉദാരവല്ക്കരണ കാലഘട്ടത്തിലെ ഉദ്പാദന രംഗത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്
മന്‍മോഹന്‍ സിംഗിന്‍റെ കാലത്താണെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.ജന വിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്നത് ബി.ജെ.പി.സര്‍ക്കാരാണെങ്കിലും അതിനെ എതിര്‍ക്കുകയാണ് ആര്‍.എസ്.എസ്സ് അനുകൂല സംഘടനയായ ബി.എം.എസ്സിന്‍റെ നിലപാടെന്നും സജി നാരായണന്‍ വ്യക്തമാക്കുന്നു.
 
 നോട്ട്നിരോധനവും, ചരക്ക സേവന നികുതി പരിഷ്ക്കാരങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളുമെല്ലാം രാജ്യത്തെ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ദുരിതങ്ങള്‍ വരുത്തി വച്ചുവെന്ന് ആരോപിച്ചു കൊണ്ട് രാജ്യത്തെ പ്രമുഖ
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുള്‍പ്പെടെ നടത്തിയ പ്രക്ഷോഭ പരിപാടികളില്‍ നിന്നും വിട്ടു നിന്ന ഏക കേന്ദ്ര ട്രേഡ് യൂണിയന്‍ ബി.എം.എസ്സ്. ആയിരുന്നു.എന്നാൽ പ്രതിഷേധം അവർ ഉള്ളിലൊതുക്കുന്നില്ലെന്നാണ് സൂചനകൾ.
 
ബി എം എസിന്റെ നിലപാടിനെ പരോക്ഷമായി പിന്തുണച്ച് മുൻ ധനകാര്യം മന്ത്രി ഡോ  സുബ്രഹ്മണ്യ സ്വാമി രംത്തിറങ്ങിയതും നിർമല സീതാരാമനെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചില സുഹൃത്തുക്കളും മന്ത്രിമാരും ചേർന്ന് വഴിതെററിക്കുകയാണെന്നാണ് ഡോ സ്വാമിയുടെ കണ്ടെത്തൽ.
മുൻ ധനമന്ത്രിയുടെ അരുൺ ജെററ്ലിയുടെ വിമർശകനായിരുന്ന സുബ്രഹ്മണ്യ സ്വാമി ഇപ്പോൾ നിർമ്മല സീതാരാമനെതിരെ തിരിഞ്ഞതിൽ അത്ഭുതമില്ല. അദ്ദേഹം ലക്ഷ്യമിടുന്നത് വേറെയൊന്നുമല്ല – ധനമന്ത്രി സ്ഥാനം  തന്നെ.

LEAVE A REPLY