സഖാവ് പിണറായി ടോം ജോസിന് ശിഷ്യപ്പെടുമ്പോള്‍        

മാവോയിസ്റ്റുകള്‍ ആട്ടിന്‍ കുട്ടികളാണോ എന്ന് നിയമസഭയില്‍ ചോദിച്ചത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയനായിരുന്നു. എന്നാല്‍ അതിനുത്തരം പറഞ്ഞത് ചീഫ് സെക്രട്ടറി ടോം ജോസാണ്. ‘സര്‍, അവര്‍ ആട്ടിന്‍ കുട്ടികളല്ല; അവര്‍ ചെന്നായ്ക്കളാണ്. അവരെ കൊന്നുകളയണം സര്‍.‘ ഈ ചോദ്യവും ഉത്തരവും ഒരു ഡൈക്കോട്ടമിയാണ്. ഇത് ചരിത്രത്തിലെ അപൂര്‍വ്വമായ ഒരു ഗൂഢാലോചനയുടെ തിരക്കഥ.

ഒരു ജനകീയ ഭരണകൂടത്തിന്റെ മുഖ്യമന്ത്രിയും ആ ഭരണകൂടത്തിന്റെ ഭാഗമായ ബ്യൂറോക്രാറ്റും തമ്മില്‍ രൂപം കൊള്ളുന്ന മനുഷ്യവിരുദ്ധ ബന്ധത്തിന്റെ പ്രതീകമാണ് അത്. വരാന്‍ പോകുന്ന കാലത്ത് എങ്ങിനെയാണ് കോര്‍പ്പറേറ്റ് ശക്തികള്‍ ജനകീയ മുഖ്യമന്ത്രിമാരെ റാഞ്ചുന്നത് എന്നതിന്റെ സാമ്പിളാണ് നമ്മള്‍ കണ്ടത്.പിണറായി വിജയനെ കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ റാഞ്ചിക്കഴിഞ്ഞിരിക്കുന്നു. അതിനദ്ദേഹം നിന്ന് കൊടുത്തിരിക്കുന്നു. എന്നും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയായിരിക്കണം താന്‍ എന്ന ആഗ്രഹത്തില്‍ അദ്ദേഹം മുങ്ങിത്താണുകഴിഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ചീഫ് സെക്രട്ടറി, ഭരിക്കുന്ന പാര്‍ട്ടി എന്ത് നയം പിന്തുടരണം എന്ന് പരസ്യമായി ആജ്ഞാക്കുറിപ്പ് ഇറക്കുന്നത്. ടോം ജോസിന്റേത് ഒരു ആജ്ഞയാണ്; അഭിപ്രായമല്ല. ഇന്ത്യയിലെ ഖനി മാഫിയകളില്‍ നിന്നും കോര്‍പ്പറേറ്റ് മൂലധന ശക്തികളില്‍ നിന്നും മാസപ്പടി വാങ്ങി ജീവിക്കുന്ന ബ്യൂറോക്രാറ്റുകള്‍ ചെയ്യുന്ന പ്രവൃത്തിയാണ് ടോം ജോസ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ ചെയ്തിരിക്കുന്ന പ്രവൃത്തി കൊണ്ട് ജോലിക്കെന്തെങ്കിലും തടസ്സം വന്നാല്‍ അത് പരിഹരിക്കാന്‍ മൂലധനശക്തികള്‍ തയ്യാറാണ്. ഇപ്പോള്‍ ടോം ജോസിന് ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി നല്‍കി അദ്ദേഹത്തെ അവര്‍ പുനരധിവസിപ്പിക്കും. ഈ ഉറപ്പിലാണ് യാതൊരു ഉളുപ്പുമില്ലാതെ അദ്ദേഹം മാവോവാദികളെ വെടിവെച്ചു കൊല്ലൂന്നതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പോലീസ് ഏകപക്ഷീയമായി വെടിവെച്ചു കൊന്നത് വിഭിന്നമായ വീക്ഷണത്തില്‍ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളം നടത്തുന്ന മാവോയിസ്റ്റ് വേട്ടക്ക് പഠിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെടുകയാണ്. മഞ്ചിക്കണ്ടി ഒരു യുദ്ധഭൂമിയായിരുന്നു. തീവ്രവാദികളായ മാവോയിസ്റ്റുകള്‍ ഏ കെ 47 ഉപയോഗിച്ച് തണ്ടണ്ടര്‍ബോള്‍ട്ടിനെ ഉന്മൂലനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുക എന്ന സന്നിഗ്ദ്ധാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും ?  നിങ്ങള്‍ കൊല്ലും, അല്ലെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടും. അതുകൊണ്ടാണ് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് കൊന്നു കളഞ്ഞത്. അത് അങ്ങിനെ തന്നെ ചെയ്യുന്നതാണ് ശരി എന്നാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറി എല്ലാവരോടും പറയുന്നത്.

മാവോയിസ്റ്റുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് എന്നതാണ് ടോം ജോസിന്റെ നയപ്രഖ്യാപനം. ജനാധിപത്യ സര്‍ക്കാരിനെതിരെ ആയുധപ്പോരാട്ടം നടത്തുന്നവരും നിരപരാധികളെ ദ്രോഹിക്കുന്നവരുമാണ് മാവോയിസ്റ്റുകള്‍. ഇവര്‍ ഭീകരവാദികളും രാജ്യദ്രോഹികളുമാണ്. അവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശത്തിന് അര്‍ഹതയില്ല. ഇതെല്ലാം എഴുതാനും പറയാനും ചീഫ് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത് ? ഓരോ ഉദ്യോഗസ്ഥര്‍ക്കും ഭരണനിര്‍വ്വഹണത്തില്‍ സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. അവര്‍ അതാണ് നിര്‍വ്വഹിക്കേണ്ടത്. മറിച്ച് ചെയ്യാന്‍ അവര്‍ക്ക് അവകാശമില്ല. ടോം ജോസ് എഴുതിയ ലേഖനം പത്രം പ്രസിദ്ധീകരിച്ചത് അദ്ദേഹം കേരളത്തിന്റെ ചീഫ് സെക്രട്ടറി ആണ് എന്നതുകൊണ്ടാണ്. ടോം ജോസ് ഒരു തത്വചിന്തകനല്ല, എഴുത്തുകാരനല്ല, രാഷ്ട്രീയ വിശാരദനല്ല. ബ്യൂറോക്രാറ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിയാണ് പത്രക്കാരെ അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. അനര്‍ഹമായ കാര്യത്തിന് ഔദ്യോഗിക പദവി ഉപയോഗിക്കുന്നത് ഏറ്റവും ചുരുങ്ങിയത് കോഡ് ഓഫ് കണ്ടക്റ്റിന്റെ ലംഘനമാണ്.

മേമ്പൊടിക്ക് പോലും ഇല്ലാത്ത ഭരണം 

മുന്‍കാലങ്ങളില്‍ ഇടതുപക്ഷഭരണം അധികാരത്തില്‍ എത്തുമ്പോള്‍ ഇടതുപക്ഷനയത്തിന്റെ സ്വാധീനം അതില്‍ കാണാന്‍ കഴിഞ്ഞിരുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹ്യവിഷയങ്ങളിലും, പൊതുകര്‍മ്മപരിപാടികളിലും  അതിന്റെ സ്പര്‍ശം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ അസാന്നിദ്ധ്യം കൊണ്ടാണ് അവയെല്ലാം ശ്രദ്ധേയമായിരിക്കുന്നത്. ആരോഗ്യമന്ത്രിയും ടീമും ആശ്വാസം നല്‍കുന്നുണ്ട്. മറ്റുള്ളവരുടെ സ്ഥിതി പരിതാപകരം. മുന്‍പ് ഭൂപരിഷ്‌കരണമായാലും സാക്ഷരത പ്രവര്‍ത്തനം ആയാലും ജനകീയ ആസൂത്രണമായാലും അതിന് പോരായ്മകളുണ്ടെങ്കിലും ഇടതുപക്ഷ ഭാവനയുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അവ കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ നിന്ന് വേറിട്ട നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള വേറിട്ട വ്യക്തിത്വം സര്‍ക്കാരിനില്ല. ഇത് യു.ഡി.എഫ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സര്‍ക്കാരാണ്. അല്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഡ്രെസ്സ് റിഹേഴ്‌സല്‍ അവതരിപ്പിക്കുന്ന സര്‍ക്കാര്‍.

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ ഏകപക്ഷീയമായി പോലീസ് വെടിവെച്ചു കൊന്നു എന്ന അഭിപ്രായം ശക്തിപ്പെട്ട സാഹചര്യത്തില്‍ സി.പി.ഐ പ്രതിനിധി സംഘം അവിടം സന്ദര്‍ശിച്ചു. അത് ജനാധിപത്യം നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ചെയ്യേണ്ട ഉത്തരവാദിത്വമാണ്. സി.പി.ഐ കേരളത്തില്‍ നിര്‍വ്വഹിച്ച അതേ ഉത്തരവാദിത്വം തന്നെയാണ് ജമ്മു കാശ്മീരില്‍ സി.പി.എം ചെയ്തത്. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദ് ചെയ്തു കൊണ്ട് മോദി ഭരണകൂടം 80 ലക്ഷം വരുന്ന ജനതയെ തുറന്ന ജയിലിലാക്കി പൗരാവകാശങ്ങള്‍ എല്ലാം എടുത്തു മാറ്റിയപ്പോള്‍ അതന്വേഷിക്കാന്‍ സി.പി.എം സെക്രട്ടറി സീതാറാം യച്ചൂരി കാശ്മീരിലെത്തി. അട്ടപ്പാടിയില്‍ സി.പി.ഐ നേതാക്കള്‍ പോകുന്നത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം. ഇതേ അഭിപ്രായം തന്നെയാണ് യച്ചൂരിയുടെ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞതും.  ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്നാണ് പൊതുവില്‍ കോടിയേരിയും, അമിത്ഷായും പറയുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി, അമിത് ഷായുടെ ഭാഷയില്‍ സംസാരിക്കുന്നത് നല്ലതല്ല.

കരിനിയമങ്ങളെ ഭരണത്തിലിരിക്കുമ്പോള്‍ ന്യായീകരിക്കുന്നത് ഇടതുപക്ഷ നയത്തെ റദ്ദു ചെയ്യലാണ്. ഒരു ഭരണം കൊണ്ട് ഇടതുപക്ഷ ചിന്തകളെ മുഴുവന്‍ തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നതാണോ ഈ ഭരണത്തിന്റെ നേട്ടം. പ്രകാശ് കാരാട്ടും, യച്ചൂരിയും യു.എ.പി.എ.യെ എതിര്‍ക്കുമ്പോള്‍ പിണറായി വിജയന്‍ ഭരണത്തിലിരുന്ന് അതിനെ ന്യായീകരിക്കുകയാണ്. 1919 ലാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗീകരിച്ച് റൗലറ്റ് ആക്ട് പാസാക്കിയത്. വിചാരണ കൂടാതെ ആരെയും പിടിച്ച് ജയിലില്‍ അടക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആ കരിനിയമത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സഹനസമരത്തെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് ഭരണകൂടം ചെയ്തത്. പഞ്ചാബിലെ അമൃതസറില്‍ ജാലിയന്‍വാലാബാഗ് മൈതാനിയില്‍ തടിച്ചുകൂടിയ ജനതയെ തന്റെ അനുവാദമില്ലാതെ സമ്മേളിച്ചു എന്ന് പറഞ്ഞ് ജനറല്‍ ഡയല്‍ എന്ന പട്ടാള മേധാവി വെടിവെച്ചു കൊന്നു. 395 പേര്‍ ആണ് തല്‍ക്ഷണം മരിച്ചത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭരണത്തിന്റെ അപ്പക്കഷ്ണം തിന്നാന്‍ ആര്‍ത്തി കാണിക്കുന്ന കേരള സി.പി.എം നേതാക്കള്‍ യു.എ.പി.എ ചുമത്തി രണ്ട് വിദ്യാര്‍ത്ഥികളെ തുറുങ്കിലടച്ചത് എന്തുകൊണ്ടായിരിക്കും? സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഭീകരരാണ് എന്ന് പോലീസ് പറയുന്നത് കേള്‍ക്കുന്ന പാര്‍ട്ടി നേതൃത്വം ആരുടെ നേതൃത്വമാണ് ?


ഉദ്യോഗസ്ഥരെ ആശ്രയിച്ച് ജീവിക്കുന്ന മന്ത്രിമാര്‍

കാശ്മീര്‍ വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇടതുപക്ഷ രാഷ്ട്രീയം കൈയ്യൊഴിഞ്ഞ സര്‍ക്കാരാണ്. ഏത് വിഷയത്തിലും സ്വന്തമായി അഭിപ്രായം പറയാന്‍ ശേഷിയില്ലാത്ത മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ അടിമകളാവുക സ്വാഭാവികമാണ്. ഇത് മന്ത്രിസഭയുടെ കാര്യം മാത്രമല്ല, പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പൊതുമേഖലാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരാണ് ഭരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി പറയുന്നതിനപ്പുറം പോകാന്‍ ശേഷിയില്ലാത്തവരാണ് ഭരണകര്‍ത്താക്കള്‍. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഉദ്യോഗസ്ഥരാണെങ്കില്‍പ്പിന്നെ ഭരണകര്‍ത്താക്കളായ രാഷ്ട്രീയ നേതൃത്വത്തിന് എന്ത് പ്രസക്തി. ഇടതായാലും വലതായാലും ഉദ്യോഗസ്ഥര്‍ തന്നെയാണ് താരം.
  കേരളത്തില്‍ വികസന ഭ്രാന്ത് മൂര്‍ദ്ധന്യാവസ്ഥയിലാണ്. ഇത് തലയ്ക്ക് പിടിച്ചാണ് ബുദ്ധദേവ് വീണത്. ബുദ്ധദേവിന്റെ വീഴ്ചയാണ് ബംഗാളില്‍ നിന്ന് ഇടതുപക്ഷം മാഞ്ഞ് പോകുന്നതിന് കാരണമായത്. ഇവിടെ മെട്രോറെയില്‍, വിമാനത്താവളങ്ങള്‍, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് ഉദ്യോഗസ്ഥരുടെ കണ്ണ്, പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായത് ഉദ്യോഗസ്ഥര്‍ക്ക് പണമമര്‍ത്താനാണെന്ന് അറിയാത്തവര്‍ ആരാണ്? റോഡ് നിര്‍മ്മാണത്തിനും വികസനത്തിനും ഊന്നല്‍ കൊടുക്കുമ്പോഴും മുപ്പത് വര്‍ഷമായി ഭൂമി ഏറ്റെടുത്ത ഇടപ്പള്ളി-കൊടുങ്ങല്ലൂര്‍ ഹൈവേ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ താല്‍പര്യം കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്ന പദ്ധതികളില്‍ മാത്രമാണ്. അതുകൊണ്ടാണ് കൃഷി അവഗണിക്കപ്പെടുന്നത്. കാര്‍ഷിക വികസനത്തിന് പദ്ധതികള്‍ ഇല്ലാതെ പോകുന്നത്.

മാവോയിസ്റ്റ് വേട്ട നടത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ പാരിതോഷികം ലഭിക്കും. ഇപ്പോള്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാനും നിരീക്ഷണം ശക്തിപ്പെടുത്താനും 120 കോടി രൂപയോളം കേന്ദ്രം നല്‍കി എന്നാണ് അറിയുന്നത്. അതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം എല്ലാക്കാര്യത്തിലും ചീഫ് സെക്രട്ടറിയുടെ അമിതമായ ഇടപെടല്‍ ഉണ്ട് എന്നതാണ്. കോഴിക്കോട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യ മീറ്റിംഗില്‍ പോലും ടോം ജോസ് പങ്കെടുത്തു. പങ്കെടുത്തു എന്നു മാത്രമല്ല; ആ മീറ്റിംഗില്‍ ടോം ജോസ് ഇടപെട്ടു. പോലീസ് എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തു. ഇതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അസ്വസ്തരാണ്. മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങള്‍ ചീഫ് സെക്രട്ടറി പറയാന്‍ തുടങ്ങുന്നത് നല്ല സൂചനയല്ല.

കേരളത്തില്‍ ആര് ഭരിച്ചാലും അതിന്റെ നയപരിപാടികള്‍ ഞങ്ങള്‍ തീരുമാനിക്കും എന്നത് ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥ അഹങ്കാരമാണ്. മുന്‍പ് ആര്‍. ബാലകൃഷ്ണപിള്ളയുടെ മകളുടെ ഭര്‍ത്താവായ ടി.ബാലകൃഷ്ണന്‍, ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് നേതാക്കളെ പഠിപ്പിച്ചത് നമ്മള്‍ കേട്ടതാണ്. പി.എച്ച്. കുര്യനും ബാലകൃഷ്ണനും ടോം ജോസുമെല്ലാം ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ നയം നിശ്ചയിക്കുമ്പോള്‍ കുരിശില്‍ തൂങ്ങുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. കേരളത്തിലെ സര്‍ക്കാരിനെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളും ഇടത് സഹയാത്രികരും പ്രതീക്ഷയോടുകൂടിയാണ് നോക്കി കാണുന്നത്. അവരെ നിരാശപ്പെടുത്തുകയും കേരളത്തില്‍ നിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ തൂത്തെറിയുകയും ചെയ്യുന്ന ഒന്നായി ഈ ഭരണം പതുക്കെ പതുക്കെ മാറുമ്പോള്‍ സി.പി.എമ്മിനകത്തെ ഇടതുപക്ഷം നോക്കുകുത്തിയായി നില്‍കുന്നു. ഇത് ഇടതുപക്ഷത്തിന്റെ ദുരന്തമായി നമുക്ക് വിലയിരുത്താം. 

SHARE

LEAVE A REPLY