റോഡ് നന്നാക്കാത്തതിന് മേയറെ വലിച്ചിഴച്ചു

മെക്സികോ സിറ്റി: റോഡ് നന്നാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മേയറെ ഓഫീസില്‍ നിന്നു വലിച്ചിറക്കി ട്രക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച്‌ നാട്ടുകാര്‍. തെക്കന്‍ മെക്സിക്കോയിലാണ് സംഭവം. ലാസ് മര്‍ഗരിതാസിലെ മേയര്‍ ജോര്‍ജ്ജ് ലൂയിസ് എസ്കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെയാണ് നാട്ടുകാര്‍ റോഡിലൂടെ കെട്ടിവലിച്ചത്.

പൊലീസ് ഇടപെട്ട് മേയറെ മോചിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മേയര്‍ ജോര്‍ജ് ലൂയിസ് എസ്കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ചിയാപാസിലെ ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ഓഫീസില്‍ നിന്ന് മേയറെ തള്ളിയിറക്കി റോഡിലെ വാഹനത്തില്‍ കെട്ടിയാണ് വലിച്ചിഴച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മാസവും മേയര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ആ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

LEAVE A REPLY