മഹാരാഷ്ടയിൽ ശിവസേനയ്ക്ക് കോൺഗ്രസ്സ്, എൻ സി പി പിന്തുണ?

മുംബൈ: ബി ജെ പി യെ മാററി നിർത്തി സർക്കാർ രൂപവൽക്കരിക്കാൻ കോൺഗ്രസ്സും എൻ സി പി യും ശിവസേനയെ സഹായിക്കാനുള്ള സൂത്രവാക്യം അണിയറയിൽ തയ്യാറാവുന്നു. എൻ സി പി മന്ത്രിസഭയിൽ ചേരാനും കോൺഗ്രസ്സ് പുറത്ത് നിന്ന് പിന്തുണയ്ക്കാനും സാധ്യത തെളിയുന്നുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണർ ഭഗത് സിങ് കൊഷിയാരി ക്ഷണിച്ചതിന് പിന്നാലെ, ബിജെപിയെ വിമര്‍ശിച്ച് ശിവസേന വീണ്ടും രംഗത്തിറങ്ങിയത് ഇതിന്റെ സൂചനയാണ്. ബിജെപിയെ ഹിറ്റ്‌ലറോട് ഉപമിച്ച് മുഖപത്രമായ ‘സാമ്‌ന‘യിലൂടെയാണ് ശിവസേനയുടെ വിമര്‍ശനം.

‘ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാരിന്റെ അടിമയല്ല മഹാരാഷ്ട്ര.നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുളള പൂര്‍ണ പിന്തുണയും ആശീര്‍വാദവും ഉണ്ടായിട്ടും ഫഡ്‌നാവിസിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. നിലവില്‍ മഹാരാഷ്ട്രയില്‍ ഉരുത്തിരിയുന്ന സംഭവവികാസങ്ങളില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ഫഡ്‌നാവിസുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത പ്രകടിപ്പിക്കാതിരിക്കുന്ന ശിവസേനയുടെ നിലപാട്, യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ തോല്‍വിയാണ്.‘ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നും സാമ്‌ന പറയുന്നു.

കഴിഞ്ഞദിവസമാണ് സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചത്. ബിജെപി – ശിവസേന തര്‍ക്കം നിലനില്‍ക്കെയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ക്ക് ലഭിച്ച ഈ ക്ഷണം.തിങ്കളാഴ്ച രാത്രി എട്ട് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ബി ജെ പി പരാജയപ്പെട്ടാൽ അടുത്ത ക്ഷണം ശിവസേനയ്ക്കായിരിക്കും.

SHARE

LEAVE A REPLY