മഹാരാഷ്ടയിൽ ഗവർണർ ശിവസേനയെ വിളിച്ചു

മുംബൈ: ബി ജെ പി പിന്മാറിയതോടെ, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ശിവസേനയെ ക്ഷണിച്ചു.കോൺഗ്രസ്സും എൻ സി പിയും അവരെ സഹായിച്ചേക്കുമെന്നാണ് സൂചന.

സർക്കാർ രൂപീകരിക്കുന്നില്ലെന്ന്  വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് ക്ഷണം. തിങ്കളാഴ്ച രാത്രി എഴരയ്ക്കകം മറുപടി നൽകാനാണ്  നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 


ശിവസേന മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്നു മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് എംപി പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു. അതേസമയം, സഖ്യത്തിനായി എൻസിപി ഉപാധികൾ മുന്നോട്ടുവച്ചു. എൻഡിഎ സഖ്യം വിടാതെ ചർച്ചയില്ല.ശിവസേന കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നു കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

അവസാനശ്രമത്തിലും ശിവസേന വഴങ്ങാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കുന്നതിൽ നിന്നും ബിജെപി പിന്മാറിയത്. സർക്കാർ രൂപീകരിക്കാനുള്ള അംഗബലമില്ലെന്നു കാവൽ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയെ അറിയിക്കുകയായിരുന്നു.ശിവസേനയെ പിന്തുണയ്ക്കണോയെന്ന് കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും എൻ സി പി  നേതാവ് ശരത് പവാറും തമ്മിൾ ചർച്ച നടത്തും.ഉപാധികൾ വെച്ചായിരിക്കും പിന്തുണ.

LEAVE A REPLY