
ന്ന് പിഴച്ചാൽ മൂന്നും പിഴക്കും. ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥ
മാക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ഉദ്ധവ് താക്കറേയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടെന്നബി.ജെ.പി.യുടെ തീരുമാനം മുതല്‍ തുടങ്ങുന്നു പിഴവുകളുടെ തുടക്കം.
ശിവസേനക്ക് വേണമെങ്കില്‍ ഘടക കക്ഷിയായി നില്ക്കാം അല്ലങ്കില്‍
പുറത്ത് പോയാലും പ്രശ്നമില്ലന്ന ബി.ജെ.പി.യുടെ ധാര്‍ഷ്ട്യവും
ശിവസേനയുടെ കടുപിടുത്തവും കാരണം തുലഞ്ഞത് ദീര്‍ഘനാളത്തെ സഖ്യമാണ്.
സേന വഴങ്ങിയില്ലങ്കില്‍ അധികാരം നേടാന്‍ മറ്റ് വഴികള്‍ മുന്നിലുണ്ടെന്ന
ആത്മവിശ്വാസം, പക്ഷേ ബി.ജെ.പി.യെ തുണച്ചതുമില്ല. ശിവസേനയില്ലങ്കില് ശരത് പവാറിന്റെ എന്‍.സി.പി.യെ ഒപ്പം കൂട്ടി ഭരണം പിടിച്ചെടുക്കാനായിരുന്നു ബി.ജെ.പി.യുടെ രണ്ടാമത്തെ നീക്കം.
അതിന് സമയം വേണ്ടി വരുമെന്നതിനാലാണ് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയത്.
ശിവസേനയെ നിലക്ക് നിര്‍ത്താന്‍ 2014-ല്‍ ബി.ജെ.പി. മെനഞ്ഞ ഇതേ തന്ത്രം
അന്ന് വിജയിച്ചതും ഇപ്പോള്‍ അവര്‍ക്ക് പ്രചോദനമേകിയിട്ടുണ്ടാകും.
പക്ഷേ, മുഖ്യമന്ത്രി പദമെന്ന പവാറിന്റെ നിബന്ധനയില്‍ തട്ടിയാണത്രേ ഈ
നീക്കവുംപരാജയപ്പെട്ടത്.എന്‍.സി.പി.യില്‍ നിന്നും അജിത് പവാറിന്റെ നേതൃത്വത്തില്‍ എം.എല്‍.എ.മാരെ അടര്‍ത്തിയെടുത്ത് പുതിയ സഖ്യം തല്ലിക്കൂട്ടാനും
ഭരണത്തിലേറാനുമായി നടത്തിയ മൂന്നാമത്തെ നീക്കം എന്തായാലും
വിജയിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ബി.ജെ.പി.ക്ക്.
എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അജിത് പവാറിന്റെ കയ്യിലുള്ള
എം.എല്‍.എ.മാരുടെ ഒപ്പുകള്‍ പ്രയോജനപ്പെടുത്തി പുത്തന്‍ സഖ്യത്തിന്
ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാമെന്നും അവര്‍ കരുതി. സര്‍ക്കാര്‍
രൂപീകരിക്കാന്‍ കഴിയുമെന്ന് ബോദ്ധ്യപ്പെട്ടാല്‍ എന്‍.സി.പി.യിലെ
ഭൂരിപക്ഷം എം.എല്‍.എ.മാരും കൂറുമാറി തങ്ങളോടൊപ്പം ചേരുമെന്നും അവര്‍
പ്രതീക്ഷിച്ചു. അതു കൊണ്ടാണ് നേരമിരുട്ടി വെളുക്കും മുമ്പ് ദേവേന്ദ്ര
ഫട്നാവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത്.
പക്ഷേ എം.എല്‍.എ.മാരുടെ കൂറ് ശരത് പവാറിനോടായതിനാല് മൂന്നാമത്തെ ഈ നീക്കവും പരാജയപ്പെട്ടു. സുപ്രീം കോടതിയുടെ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിധി കൂടി വന്നതോടെ പൂര്‍ണ്ണ പരാജയം സമ്മതിച്ച് ബി.ജെ.പി.ക്ക് പിന്‍വാങ്ങേണ്ടിയും വന്നു. എന്തായാലും ഉദ്ധവ് താക്കറേയുടെ ഉദ്ദേശം സഫലമായി. മുഖ്യമന്ത്രി പദമെന്ന മോഹം നടന്നു. നിയമസഭയുടെ വിശ്വാസവും നേടി. ഇനി മുഖ്യമന്ത്രിക്കസേരയില്‍ ഉറച്ചിരിക്കാം.
പക്ഷേ അതിന് നല്‍കേണ്ടി വന്ന വില ദീര്‍ഘ നാളത്തെ ബി.ജെ.പി.യുമായുള്ള ചങ്ങാത്തമായിരുന്നു. അധികാരക്കൊതി മൂലം പ്രത്യയശാസ്ത്രപരമായി വ്യത്യസ്ഥ ധ്രൂവങ്ങളിലുള്ള കക്ഷികളുമായി ചേര്‍ന്ന് രാഷ്ട്രീയ ധാര്‍മ്മികതയെ ചവുട്ടിമെതിച്ചുവെന്ന ചീത്തപ്പേര് വേറെയും. രാഷ്ട്രീയത്തില്‍ ആദര്‍ശത്തിനും ധാര്‍മ്മിക മൂല്യങ്ങള്ക്കുമുള്ളസ്ഥാനം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് മഹാരാഷ്ട്രയില്‍
അരങ്ങേറിയ അസംബന്ധ നാടകങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നു.
ഒറ്റ മുന്നണിയായി മത്സരിക്കുക. ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയ ശേഷം
ആ മുന്നണിയില്‍ നിന്ന് പുറത്ത് ചാടുക. എതിരാളികളുമായി ചേര്‍ന്ന് പുതിയ
സഖ്യമുണ്ടാക്കുക, സര്‍ക്കാര്‍ രൂപീകരിക്കുക, മുഖ്യമന്ത്രിപദം
സ്വീകരിക്കുക തുങ്ങിയവയൊക്കെയാണ് പുത്തന്‍ ജനാധിപത്യാദര്‍ശങ്ങളും
ധാര്‍മ്മിക മൂല്യങ്ങളും !
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മറ്റൊരു രാഷ്ട്രീയ നീക്കത്തിനും കൂടി ആക്കം
കൂട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഒരു ബി.ജെ.പി.
വിരുദ്ധ തരംഗം ശക്തിപ്രാപിക്കുന്നുണ്ടെന്നും അത് ഒരു ധ്രുവീകരണത്തിലേക്ക് നയിച്ചേക്കാമെന്നുമാണ് അവരുടെ വിശ്വാസം.എന്നാൽ ആ ധ്രുവീകരണം ഏതെങ്കിലും തത്വസംഹിതയുടേയോ മതേതരത്വത്തിന്റെയോ വര്‍ഗ്ഗീയ വിരുദ്ധതയുടേയോ സംശുദ്ധ രാഷ്ട്രീയത്തിന്റേയോ പേരിലല്ല. മറിച്ച് ബി.ജെ.പി. നേതൃത്വം കയ്യാളുന്ന അധികാരം തങ്ങളുടെ അതിജീവനത്തിന് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുവാനുള്ള ഒരു പ്രതിരോധ സംവിധാനം മാത്രം. തങ്ങള്‍ക്ക് നേരേ അധികാരത്തിന്റെ ഭീഷണിയുയര്‍ത്തുന്ന ശത്രുവിന്റെ ശത്രുവിനെ മിത്രമായി കണ്ട് അവരുമായി സഖ്യത്തിലേര്‍പ്പെടേണ്ട ആവശ്യകത ബി.ജെ.പി. വിരുദ്ധര്‍ക്ക്
ബോദ്ധ്യമായിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്, എതിര് ചേരിയിലുള്ള
നേതാക്കളെ തേടിപ്പിടിച്ച് ജയിലിലടക്കുന്ന ഈ സമയത്ത്.
മഹാരാഷ്ട്രയില്‍ ശിവസേന ഈ സഖ്യം പ്രായോഗിക തലത്തിലെത്തിച്ചുവെന്ന് മാത്രം. ഒപ്പം നിൽക്കുന്ന കക്ഷികളെ, പ്രത്യേകിച്ച് പ്രാദേശിക കക്ഷികളെ,
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്രവണത ബി.ജെ.പി.യില്‍ വളര്‍ന്ന് വരുന്നതായും ബി.ജെ.പി.യെ അനുകൂലിക്കുന്നവരില്‍ പലരും ചൂണ്ടിക്കാണിക്കുന്നു. കശ്മീരിലെ പി.ഡി.പി. വളരെ നേരത്തെ സഖ്യം വിട്ടു.ആന്ധ്രപ്രദേശില്‍ ടി.ഡി.പി.യുമായുള്ള സഖ്യവും കുറെക്കാലം മുമ്പ് പൊളിഞ്ഞു. ഇപ്പോഴിതാ ശിവസേനയും. ഈ സമീപനം രാഷ്ട്രീയമായി ബി.ജെ.പി.ക്ക് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല വരുംകാലത്ത് കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും അവര്‍ ആശങ്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം 21 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്കും, എന്‍.ഡി.എ.ക്കും
ഭരണമുണ്ടായിരുന്നുവെങ്കില് ഈ വര്‍ഷം അത് 17 സംസ്ഥാനങ്ങളിലായി
ചുരുങ്ങിയത് അവര്‍ ഇതിനു് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു.
സംശുദ്ധ ഭരണം കാഴ്ച വക്കുന്നതിന് പകരം, അധികാരം പിടിച്ചെടുക്കാനും അത്
നിലനിര്‍ത്തുവാനും അധികാര ദുര്‍വിനിയോഗം നടത്തുകയും രാഷ്ട്രീയ
ധാര്‍മ്മികതയുടെ അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന ഏതൊരു
പ്രവൃത്തിയും ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കുമെന്ന് അവര്‍ നേതാക്കളെ
ഓര്‍മ്മിപ്പിക്കുന്നു