ബി ജെപിയിൽ കലാപം; 12 എം എൽ എ മാർ ശിവസേനയിലേക്ക് ?

മുംബൈ: മഹാരാഷ്ടാ ബി ജെ പിയിൽ കലാപത്തിന് പടയൊരുക്കം. ബിജെപി നേതാവും മുൻമന്ത്രിയുമായ പങ്കജ മുണ്ടെയുടെ നേതൃത്വത്തിൽ വിമത നീക്കമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങൾ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണം നീക്കിയ പങ്കജ, തന്നെ നിയമസഭാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കുകയോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകുകയോ ചെയ്തില്ലെങ്കിൽ ശിവസേനയിലേക്കു പോകുമെന്നു മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഭാവി പരിപാടികൾ സംബന്ധിച്ച് സൂചന നൽകുന്ന കുറിപ്പ് പങ്കജ മുണ്ടെ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന വാട്സാപ്പ് ഡിപിയും നീക്കം ചെയ്തു.

ഭാവിപരിപാടികൾ സംബന്ധിച്ച അന്തിമപ്രഖ്യാപനം ഡിസംബർ 12ന് നടത്തുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 12 ന് അനുഭാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. 12 എംഎൽഎമാർക്കൊപ്പം പങ്കജ മുണ്ടെ ബിജെപി വിടുമെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചനകൾ.എന്നാൽ പങ്കജ മുണ്ടെ പാർട്ടി വിടുമെന്ന വാർത്തകൾ ഭാവനാ സൃഷ്ടി മാത്രമാണെന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. പാർട്ടി വിടാതിരിക്കാൻ ഏതാനും ഉപാധികളും അവർ വെച്ചിട്ടുണ്ടത്രെ. അല്ലാത്തപക്ഷം തനിക്കൊപ്പമുള്ള 12 എംഎൽമാർക്കൊപ്പം ശിവസേനയിൽ ചേരുമെന്നാണ് ഭീഷണി. എൻസിപിയുടെ ധനഞ്ജയ് മുണ്ടെയോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,000 ത്തോളം വോട്ടുകൾക്കാണ് അവർ തോററത്.

പ്രമുഖ ബിജെപി നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണ് പരാജയപ്പെട്ടതെന്ന് പങ്കജ ആരോപിച്ചിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിനു പകരം താൻ മുഖ്യമന്ത്രിയാകുമെന്ന പങ്കജയുടെ പരാമർശം ബിജെപി പ്രവർത്തകർക്കിടയിൽ നീരസം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയാണ് തനിക്ക് പാരയായതെന്ന് പങ്കജ കരുതുന്നു.

LEAVE A REPLY