കമലയുടെ നിഗൂഢതകൾ തേടി 

 മലയല്ല, ഫിസയല്ല, വിമലകുമാരിയുമല്ല. കമലയെന്ന പേരിൽ എങ്ങു നിന്നോ വന്ന് എങ്ങോട്ടോ മറഞ്ഞ പെൺകുട്ടിയുടെ നിഗൂഢതകൾ തേടിയുള്ള അന്വേഷണമാണ് കമല എന്ന ചിത്രം. പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്, പ്രേതം, രാമന്റെ ഏദൻ തോട്ടം, സു സു സുധി വാത്മീകം തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജ്ഞിത് ശങ്കറാണ് കമലയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജു വർഗീസ് ആദ്യമായി നായകനാകുന്ന കമല 36 മണിക്കൂറിൽ പൂർത്തിയാകുന്ന ഒരു ത്രില്ലർ ചിത്രമാണ്. തെക്കൻ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ പുഴയും കാടുമെല്ലാമുള്ള അറുകാണി എന്ന പ്രദേശത്താണ് കമലയുടെ കഥ നടക്കുന്നത്. കമലയുടെ  നിഗൂഡതകൾക്കു പിന്നാലെയുള്ള അന്വേഷണത്തിനൊപ്പം ആദിവാസികളുടെ ഭൂമി നഷ്ടപ്പെടുത്തുന്ന കയ്യേറ്റ രാഷ്ട്രീയവും റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കുടിപ്പകയും ആദിവാസികളെ നിയന്ത്രിക്കുന്ന വിപ്ലവ രാഷ്ട്രീയവുമെല്ലാം കമലയിൽ കടന്നു വരുന്നുണ്ട്.
       പത്താം ക്ലാസ്സും ഗുസ്തിയും മാത്രമാണ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും സമർത്ഥനായ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് സഫർ(അജു വർഗീസ്). വാഹന കച്ചവടവുമുണ്ട്. വില്പനയ്ക്കിട്ടിരിക്കുന്ന മിനി കൂപ്പറിലാണ് യാത്ര. ഇടപാടുകളിൽ കുറെയൊക്കെ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്ന ബ്രോക്കറാണ് സഫർ. കഥ തുടങ്ങുന്ന ദിവസം രണ്ട് പ്രധാന സംഭവങ്ങളാണ് സഫറിന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്. ആദിവാസികളുടെ ഭൂമി വാങ്ങുന്നതിന്റെ മുടങ്ങിക്കിടന്ന രജിസ്ട്രേഷൻ അന്നെ ദിവസം നടക്കാൻ പോകുന്നു. അതിനിടയിൽ ആറു മാസം മുമ്പ് പരിചയപ്പെട്ട കമലയെന്ന സുഹൃത്ത് (റുഹാനി ശർമ്മ)ആ വിദൂര പ്രദേശത്ത് അയാളെ കാണാൻ അന്നെത്തുന്നു. ബയോ മെഡിസിൻ വിദ്യാർത്ഥിയെന്നാണ് കമല തന്നെ പരിചയപ്പെടുത്തിയിരിക്കുന്നത്.
      കമല എത്തുന്നതോടെ പുഴ കടന്ന് ചങ്ങാടത്തിൽ പോകേണ്ട ആദിവാസി കോളനിയിലേക്കുള്ള സഫറിന്റെ യാത്ര മുടങ്ങുന്നു. പുഴയും കാടും അതിരിടുന്ന ഒറ്റപ്പെട്ട റിസോർട്ടിലെത്തുന്ന സഫറിന്റെ ജീവിതത്തിൽ കമലയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതവും നിഗൂഢവുമായ സംഭവങ്ങളുണ്ടാകുന്നു.
     യാഥാർത്ഥ്യമാണോ പ്രേതമാണോ കമല എന്ന് അയാൾ സംശയിക്കുന്നു. മൊബൈൽ ഫോണിൽ നിന്നുമുള്ള പുകയടിപ്പിച്ച് സഫറിനെ മയക്കി കിടത്തി കമല അപ്രത്യക്ഷയാകുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കമലയുടെ എട്ടോ ഒൻപതോ വ്യക്തിത്വങ്ങൾ പുറത്തു വരുന്നു. ആരാണ് കമല? ഒരു വർഷം മുമ്പ് അപ്രത്യക്ഷയായ കമലയെന്ന ആദിവാസി വിദ്യാർത്ഥി നേതാവാണോ? ആദിവാസി അവകാശങ്ങർക്കു വേണ്ടി പോരാടുന്ന കമല ഗ്രൂപ്പിന്റെ നേതാവാണാ? ഫിസ ഗഫൂർ എന്ന സ്പോർട്സ് വിദ്യാർത്ഥിനിയാണോ? അതോ മൾട്ടിപ്പിൾ പേഴ്സണലാറ്റിയുള്ള പെൺകുട്ടിയാണോ? പുരോഗമന വാദിയായ അഗസ്റ്റിൻ എന്ന പ്രൊഫസറുമായി (അനൂപ് മേനോൻ) അവൾക്കുള്ള ബന്ധമെന്താണ്? സഫറിന്റെ റിയൽ എസ്റേററ്റ് ഇടപാടുകളും ഒരു ദുരൂഹത പോലെ വന്നും പോയുമിരിക്കുന്ന കമലയും സഫറും തമ്മിലുള്ള അനുരാഗവുമാണ് ആദ്യ പകുതിയിലെങ്കിൽ ആരാണ് കമലയെന്ന സഫറിന്റെ അന്വേഷണമാണ് രണ്ടാം പകുതിയിൽ. ആദ്യ പകുതിയിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടും. ആദ്യാവസാനം ത്രില്ലർ സ്വഭാവം നിലനിർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകന്  അത്ര കണ്ട് ത്രില്ലടിക്കില്ല. പാസഞ്ചറിലേതു പോലെ ചുരുങ്ങിയ സമയം കൊണ്ട്  സാധാരണക്കാരന്റെ ബുദ്ധി ഉപയോഗിച്ചാണ് കമലയിലും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത്. എന്നാൽ അത് ഫോർമുല ചട്ടക്കൂടുകൾക്ക് അപ്പുറം പോകുന്നില്ല. കമലയാരാണെന്നു കണ്ടെത്തുന്നതോടെ അതുവരെ പൊതിഞ്ഞു വെച്ച മിസ്റ്ററി പുകയായി മാറുന്നു.
            സഫർ എന്ന സാധാരണക്കാരനായ റിയൽ എസ്റ്റ്റ്റേറ്റ് ബ്രോക്കറെ അജു വർഗീസ് ഒതുക്കത്തോടെ മികച്ചതാക്കി. അജുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ് സഫർ. ഹെലനിലെ ചൊറിയനായ പോലീസ് ഓഫീസർക്കു ശേഷം അജു അവതരിപ്പിക്കുന്ന സഫറും പ്രേക്ഷകരുടെ കയ്യടി നേടും. നിഗൂഢതകളേറെയുള്ള കമലയെ റുഹാനി ശർമ്മയും മികച്ചതാക്കി. സുനിൽ സുഖദ, ബിജു സോപാനം, ശ്രീജ ശ്യാം, അനൂപ് മേനോൻ, തമിഴ് നടൻ “മൊട്ട”  രാജന്ദ്രൻ തുടങ്ങിയവരും തിളങ്ങി. നടൻകമലയുടെ കഥയും തിരക്കഥയും തയ്യറാക്കിയിരിക്കുന്നത് സംവിധായകനായ രജ്ഞിത് ശങ്കർ തന്നെയാണ്. ത്രില്ലർ ചിത്രങ്ങളുടെ ചടുലത കമലയ്ക്കില്ല. മിസ്റ്ററി നിലനിർത്താൻ ചിത്രത്തിന്റെ മുക്കാൽ ഭാഗത്തോളം പതിഞ്ഞ താളത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. കാടും ജലാശയവും പുഴയും വെള്ളച്ചാട്ടവും റിസോർട്ടുകളുമെല്ലാം ചേർന്ന ദൃശ്യങ്ങൾ മിസ്റ്ററി നിലനിർത്തിക്കൊണ്ട് ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ ഭംഗിയായി ഒപ്പിയെടുത്തു. മധുസൂദനൻ ആനന്ദിന്റെ സംഗീതവും മികച്ചതായി. അമിത പ്രതീക്ഷകളില്ലാതെ തീയേറ്ററിൽ  പോയാൽ കണ്ടിരിക്കാവുന്ന ശരാശരി ചിത്രമാണ് കമല.
SHARE

LEAVE A REPLY