ലിജോ മാജിക്കും ഭ്രാന്തും വന്യതയും ചേർന്ന ജല്ലിക്കട്ട്

ഡോ.ജോസ് ജോസഫ്
ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിരൂപക ശ്രദ്ധ നേടിയ ജല്ലിക്കട്ട് ഈ വർഷമിറങ്ങിയ എറ്റവും മികച്ച മലയാള ചലച്ചിത്രമാണ്. 95 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഓരോ നിമിഷവും ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകനെ  പിടിച്ചിരുത്തും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമായ ജല്ലിക്കട്ട് അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ ഈ.മൗ. യൗവിനും അങ്കമാലി ഡയറീസിനും പല പടി മുകളിലാണ്.അങ്കമാലി ഡയറീസിലെ ആൾക്കൂട്ട അക്രമം ജല്ലിക്കട്ടിൽ പത്തിരട്ടി വന്യതയോടെ ചിത്രീകരിച്ചിരിക്കുന്നു.
കട്ടപ്പനയിലും മേപ്പാറ, ആനവിലാസം, വള്ളക്കടവ് തുടങ്ങിയ സമീപ പ്രദേശങ്ങളിലുമാണ് ജല്ലിക്കട്ട് ചിത്രീകരിച്ചിരിക്കുന്നത്. കഞ്ചാവിന്റെയും കുരുമുളകിന്റെയും ഏലത്തിന്റെയും ഇറച്ചിയുടെയും മണമുള്ള കാറ്റടിക്കുന്ന കുടിയേറ്റ ഗ്രാമം. തറവാടിത്തം അവകാശപ്പെടുന്നവരാണെങ്കിലും പൂഞ്ഞാർ, പാലാ, ഭരണങ്ങാനം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കുറ്റി പറിച്ചു വന്ന അപ്പനപ്പൂന്മാരുടെ പിൻതലമുറക്കാരാണ് ഗ്രാമീണർ.
പോത്തിറച്ചിയും ബോണ്ടയുമാണ് അവരുടെ ദേശീയ ദക്ഷണം. ഭാര്യയുടെ അനിയത്തിയെ ഗർഭിണിയാക്കി കുറ്റി പറിച്ച് കുടിയേറ്റ ഗ്രാമത്തിലെത്തിയ കാലൻ മത്തയുടെ മകൻ കാലൻ വർക്കിയാണ് ( ചെമ്പൻ വിനോദ് ജോസ് ) ഗ്രാമത്തിലെ അറവുകാരൻ. ചെറ്റ പൊളിച്ച് പെണ്ണുങ്ങളെ കീഴടക്കുന്നതാണ് അറവില്ലാത്ത സമയത്തെ പണി.
വർക്കിയുടെ സഹായിയായ ഇറച്ചിവെട്ടുകാരനാണ് ആന്റണി( ആന്റണി വർഗീസ്). വർക്കിയുടെ ഇറച്ചി കടയിൽ ആർത്തിയോടെ ഇരച്ചുകയറുന്ന ഇറച്ചി ഭ്രാന്തന്മാരായ നാട്ടുകാർ പള്ളിയിൽ ആരാധനയ്ക്കു പോകുന്നതു പോലും ഇറച്ചിപ്പൊതിയുമായാണ്.
ഗ്രാമത്തിലെ  റബ്ബർ എസ്റ്റേറ്റ് മുതലാളിയുടെ (ജാഫർ ഇടുക്കി) മകളുടെ കല്യാണം ഉറപ്പിക്കലിന് വർക്കി വെട്ടാൻ ഒരുക്കി നിർത്തിയിരുന്ന പോത്ത് അക്രമാസക്തമായി കയറു പൊട്ടിച്ചോടുന്നു .അതോടെ ഗ്രാമത്തിന്റെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുന്നു.കച്ചി തുറു കത്തിച്ച് ഓട്ടം തുടങ്ങിയ പോത്ത് ഉയർത്തിയ അക്രമത്തിന്റെ തീപ്പൊരികൾ ഗ്രാമം മുഴുവൻ വ്യാപിക്കുകയാണ്.
 പാർട്ടി കൊടിയെന്നോ പള്ളിയുടെ കപ്പയെന്നോ വ്യത്യാസമില്ലാതെ സർവ്വതും നശിപ്പിച്ച്  കുതറി ഓടുന്ന പോത്തിനെ കീഴടക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുന്നതോടെ തോക്കുമായി കഞ്ചാവ്  കുട്ടച്ചനെത്തുന്നു ( സാബു മോൻ) പള്ളിപ്പറമ്പിലെ ചന്ദനത്തടി മോഷ്ടിച്ചതിന് അകത്തായ കുട്ടച്ചന് ഒറ്റിക്കൊടുത്ത ആന്റണിയോട് തീരാത്ത പകയുണ്ട്.
പോത്തിനെ കീഴടക്കാനുള്ള ഓട്ടത്തിനിടയിൽ ആൾക്കൂട്ടം പരസ്പരം ഏറ്റുമുട്ടുന്നു. പഴയ പകകൾ പൊങ്ങി വരുന്നു. വേട്ടക്കാരനും ഇരയും തമ്മിലുള്ള അതിർ വരമ്പുകൾ ക്രമേണ നേർത്തില്ലാതാവുകയാണ്  കീഴടങ്ങാതിരിക്കാനും കീഴടക്കാനുമുള്ള വന്യമായ മത്സരം മൃഗവും മനുഷ്യന്റെ മൃഗീയ ചോദനകളും തമ്മിലായി മാറുന്നതോടെ ഇരയും വേട്ടക്കാരനും പരസ്പരം മാറി മറിയുന്നു.
ഇടയ്ക്ക് പോത്ത് കിണറിൽ വീഴുന്നതോടെ മഴ പെയ്യുന്നു. തീപ്പൊരികൾ മഴയിൽ അണയുന്നുവെങ്കിലും കുമിഞ്ഞു കൂടിയ അക്രമാസക്തി പതിന്മടങ്ങ് ശക്തമായി കത്തുകയാണ്.  ജല്ലിക്കട്ടിനവസാനം നിസ്സഹായനായി തീരുന്ന ഇര കീഴടങ്ങുമ്പോർ ആൾക്കൂട്ടം അതിനു മുകളിൽ  അതു വരെ അമർത്തിച്ചെ വന്യതയുടെ വലിയ മലയായി അമരുന്നു. ആദിമ വേട്ടക്കാരും പുതിയ വേട്ടക്കാരും തമ്മിൽ മൃഗീയ ചോദനകളിൽ കാര്യമായ ഒരു മാറ്റവുമില്ല.
ഓടിപ്പോയ പോത്തിനെ വിട്ടു കളയാമായിരുന്നിട്ടും കൊന്നു കളയാൻ പിന്നാലെയോടുന്ന പുരുഷാരം വന്യവും അക്രമാസക്തവുമായ പുരുഷത്വത്തിന്റെ പ്രതീകമാണ്. കിണറ്റിൽ വീണ മൃഗത്തെ വെടിവച്ചു കൊല്ലാമായിരുന്നിട്ടും വലിച്ചു കയറ്റി വെട്ടിക്കൊന്നു കളയാനാണ് ആൾക്കൂട്ടത്തിനു താല്പര്യം. ഈ വന്യമായ പുരുഷത്വം മൃഗങ്ങളെ മാത്രമല്ല സ്ത്രീയെയും പ്രകൃതിയെയുമെല്ലാം ഇരകളായി മാറ്റുന്നു.
അക്രമാസക്തമായ അന്തരീക്ഷത്തിനു നടുവിലും ഭാര്യയോടു കലഹിക്കുന്ന എസ് ഐയും കാലൻ വർക്കിയും ആന്റണിയും കഞ്ചാവ് കുട്ടച്ചനുമെല്ലാം സ്ത്രീ കീഴടക്കപ്പെടേണ്ട ഇരയാണെന്നു വിശ്വസിക്കുന്ന വന്യമായ പുരുഷ മേധാവിത്വത്തിന്റെ പ്രതിനിധികളാണ്.ഈ പുരുഷ മേധാവിത്വത്തിനും അക്രമവാസനയ്ക്കും സാമൂഹികവും പാരിസ്ഥിതികവുമായ പല മാനങ്ങളുമുണ്ട്.
മലയാളത്തിൽ നിന്നും ഈ വർഷം പുറത്തിറങ്ങിയ അന്താരാഷ്ട്ര മാനങ്ങളുള്ള ചിത്രമാണ് ജല്ലിക്കട്ട്. പാത്രസൃഷ്ടിയിലും കഥ പറച്ചിലിന്റെ സങ്കീർണ്ണതകളിലുമെല്ലാം ലിജോ മാജിക്കും സംവിധായകന്റെ ക്രാഫ്റ്റ് സ്മാൻഷിപ്പിന്റെ പൂർണ്ണതയും ചിത്രത്തിലുടനീളം കാണാം.ലിജോയുടെ ഇതിനു മുമ്പുള്ള ചിത്രങ്ങളെല്ലാം കാച്ചിക്കുറുക്കിയെടുത്ത ചിത്രമാണ് ജല്ലിക്കട്ട്. എസ് സുധീഷിന്റെ മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.
എസ് സുധീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.പ്രശാന്ത് പിള്ളയുടെ സംഗീതവും ഗിരീഷ് ഗംഗാധരന്റെ ക്യാമറയും ഒന്നിനൊന്ന് മെച്ചം.തീയേറ്റർ വിട്ടാലും പോത്തിന്റെ അമറൽ ചെവിയിൽ മുഴങ്ങും. കുറച്ചു നേരമെ ചിത്രത്തിലുള്ളുവെങ്കിലും ആദ്യവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രം പോത്താണ്. മറ്റെല്ലാ കഥാപാത്രങ്ങളും പോത്തിനു പിന്നാലെ ഓടുന്ന ഉപകഥാപാത്രങ്ങളാണ്.അഭിനേതാക്കൾക്കല്ല സംവിധായകനാണ് ഈ ചിത്രത്തിൽ പ്രസക്തി.
SHARE

LEAVE A REPLY