ഭയത്തിന്റെ അന്തരീക്ഷം; അമിത് ഷായുടെ മുഖത്ത് നോക്കി രാഹുൽ ബജാജ്

മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ബി ജെ പി പ്രസിഡണ്ടും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മുഖത്ത് നോക്കി തന്നെ പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് തുറന്നടിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായികളും വേദിയിൽ ഉണ്ടായിരുന്നു.

‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ടെന്ന് കരുതുന്നു. എല്ലാവര്‍ക്കുമായി സംസാരിക്കാന്‍ എനിക്കാവില്ല. പക്ഷേ എനിക്ക് പറയാതിരിക്കാനാവില്ല”, രാഹുല്‍ ബജാജ് പറഞ്ഞു. വന്‍ കരഘോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എതിരേറ്റത്.

ഗാന്ധിജിയെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിന്റെ ഗോഡ്സെ ഭക്തിയെ ഉന്നം വച്ചും ബജാജ് ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രജ്ഞയ്‍ക്ക് മാപ്പില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞെങ്കിലും, അതേ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററികാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പേര് പറയാതെ അദ്ദേഹത്തെ ജയിലിലടച്ചതിനെയും രാഹുല്‍ ബജാജ് പരാമർശിച്ചു. എന്റെ പേര് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല, ജവഹര്‍ലാല്‍ നെഹ്‌റുവാണ് തനിക്ക് ‘രാഹുല്‍’ എന്ന് നാമകരണം ചെയ്തതെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ.മുംബൈയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ആരും ഭയക്കേണ്ട കാര്യമില്ലെന്ന് മന്ത്രി അമിത് ഷാ മറുപടിയായി പറഞ്ഞു. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുത്യാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഷാ വ്യക്തമാക്കി. നിരവധി പത്രങ്ങളില്‍ കോളമിസ്റ്റുകള്‍ മോദിയേയും എന്‍ഡിഎ സര്‍ക്കാരിനേയും വിമര്‍ശിച്ച്‌ എഴുതുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം വരുന്നത് എന്നതാണ് സത്യം. എന്നിട്ടും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് നിങ്ങള്‍ പറഞ്ഞാല്‍, അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമം നടത്തേണ്ടിവരും. എന്നാല്‍ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ആരെയും ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും വിമര്‍ശനത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ ഞങ്ങള്‍ ഒന്നും മറച്ചുവെച്ച് ചെയ്തിട്ടില്ല”.

സര്‍ക്കാര്‍ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്, ഞങ്ങള്‍ക്ക് ഭയമില്ല ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍, ഞങ്ങള്‍ അതിന്റെ യോഗ്യത നോക്കുകയും ഞങ്ങളുടെ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണം സമൂഹത്തിലുണ്ടായിട്ടുള്ള സ്പഷ്ടമായ ഭയമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ മുതിര്‍ന്ന വ്യവസായി രാഹുൽ ബജാജിന്റെ തുറന്ന് പറച്ചില്‍. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള അക്രമം ഭയപ്പെട്ട് കഴിയുകയാണെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മന്‍മോഹന്‍ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY