ലിജോയ്‌ക്ക് രണ്ടാം രജതമയൂരം

പനാജി: മലയാളത്തിന് അഭിമാനമേകി ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍  മികച്ച സംവിധായകനുള്ള രജതമയൂരം രണ്ടാംവട്ടവും നേടി ചരിത്രം കുറിച്ചു.15 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും അടങ്ങുന്ന ഈ പുരസ്കാരം ഇൗ.മ.യൗ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ തവണയും ലിജോ നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ തുടര്‍ച്ചയായി രണ്ടു തവണ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്.

ബ്ളെയിസ് ഹാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് സുവര്‍ണ മയൂരം.

ഉദയകുമാര്‍ ഉരുട്ടിക്കൊലയെ ആസ്പദമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ‘മായി ഘട്ടി’ല്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മയെ  അവതരിപ്പിച്ച മറാത്തി നടി ഉഷാ ജാദവ് മികച്ച നടിക്കുള്ള രജതമയൂരം നേടി.10 ലക്ഷം രൂപയാണ് പുരസ്കാരത്തുക.

മാരിഗെല്ല എന്ന ബ്രസീല്‍ ചിത്രത്തില്‍ ഗറില്ലാ രാഷ്ട്രീയ തടവുകാരനായ മാരിഗെല്ലയെ അവതരിപ്പിച്ച സ്യൂ സോര്‍ഷിയാണ് മികച്ച നടന്‍. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം അബു ലെയ്ലയുടെ സംവിധായകന്‍ അമിന്‍ സിദിയും മോണ്‍സ്റ്റേഴ്സിന്റെ സംവിധായകന്‍ മറിയസ് ഒലേനുവും പങ്കിട്ടു.ഗുജറാത്തി ചിത്രം ഹെല്ലാരോ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ചൈനീസ് ചിത്രം ബലൂണ്‍ പ്രത്യേക ജൂറി അവാര്‍ഡും നേടി.കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ജൂറി അംഗം രമേഷ് സിപ്പി എന്നിവരില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശേരി രജതമയൂരം ഏറ്റുവാങ്ങിയത്.

LEAVE A REPLY