ഹാപ്പി സർദാർ വരൻ പഞ്ചാബി, വധു ക്നാനായ സുറിയാനി

  1. ഞ്ചാബി പെണ്ണിനെ മലയാളി പയ്യനും മലയാളി ചെക്കനെ പഞ്ചാബി പെണ്ണും പ്രേമിക്കുന്നത് മലയാള സിനിമയിലെ ഹിറ്റ് പ്രമേയങ്ങളിലൊന്നാണ്. പഞ്ചാബി ഹൗസ്, മല്ലു സിംഗ്, ഗോദ തുടങ്ങിയ ചിത്രങ്ങളിൽ പറഞ്ഞു പഴകിയ ഈ വിഷയം തന്നെയാണ് കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ എന്ന സിനിമയുടെയും ഇതിവൃത്തം. അതിസമ്പന്നരും കുലീന കുടുംബങ്ങളിലെ അംഗങ്ങളുമാണ്  നായകനും നായികയും. വിശാലമായ കടുകു പാടങ്ങളും രാജകീയമായ ഭവനങ്ങളും ആഡംബര വസ്ത്രങ്ങൾ ധരിച്ച കഥാപാത്രങ്ങളും ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കും. ആദ്യാവസാനം പാട്ടും മേളവുമായി വിവാഹ നിശ്ചയ ചടങ്ങുകളുടെ ഉത്സവാന്തരീക്ഷത്തിലാണ് ഈ പ്രണയ കഥ നടക്കുന്നത്.  നവാഗതരും ദമ്പതികളുമായ സുദീപും ഗീതികയും കഥയെഴുതി സംവിധാനം ചെയ്ത ഹാപ്പി സർദാറിന്റെ ആദ്യ പകുതി പഞ്ചാബിലും രണ്ടാം പകുതി കുമരകത്തും കുട്ടനാട്ടിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
         സ്വന്തം സമുദായത്തിനു പുറത്തു നിന്നു കല്യാണം കഴിക്കരുതെന്നു നിയമമുള്ള ക്നാനായ കത്തോലിക്കാ സഭാം‌ഗമായ ജോയ് സി കൊച്ചറ(സിദ്ദിഖ് ) നാട്ടിലെ പ്രമുഖനാണ്. അമേരിക്കൻ റിട്ടേൺ ജോയ്സി – റീത്ത (മാലാ പാർവ്വതി) ദമ്പതികൾക്ക് നാലു പെൺകുട്ടികളാണ്. ആദ്യത്തെ മൂന്നു പെൺകുട്ടികളും അന്യ മതസ്ഥരെ കല്യാണം കഴിച്ചതിന്റെ ക്ഷീണത്തിലാണ് ജോയ്സി. മൂത്തവൾ ഹിന്ദുവിനെയും രണ്ടാമത്തവൾ മുസ്ലീമിനെയും മൂന്നാമത്തവൾ നിരീശ്വരവാദിയായ കമ്മ്യൂണിസ്റ്റുകാരനെയുമാണ് വിവാഹം ചെയ്തത്. നാലാമത്തെ മകൾ മേരി(മെറിൻ ഫിലിപ്പ് )പഞ്ചാബിലെ പട്യാലയിൽ ഗവേഷണം നടത്തുകയാണ്. അവൾ ഒരു ക്നാനായ കത്തോലിക്കനെ തന്നെ വിവാഹം കഴിക്കുമെന്നു നൽകിയ വാക്കിലാണ് ജോയ്സിയുടെ എല്ലാ പ്രതീക്ഷയും. ഒന്നെങ്കിലും നേരായ വഴിക്കു വന്നല്ലൊ എന്നാണ് ജോയ്സിയുടെ ആശ്വാസം.
              പാതി മലയാളിയായ ഹാപ്പി സിംഗ് (കാളിദാസ് ജയറാം ) മേരിയുടെ സുഹൃത്താണ്. ഹാപ്പി സിംഗിന്റെ അമ്മ(പ്രവീണ ) മലയാളിയാണ്. അച്ഛൻ ഇന്ദ്രപാൽ സിംഗ് (ജാവേദ് ജഫ്രി ) പട്ടാളച്ചിട്ടക്കാരനാണ്. മല്ലൂസിനെ കണ്ടു കൂട. മകൻ സ്വന്തം സമുദായത്തിൽ നിന്നല്ലാതെ കല്യാണം കഴിക്കുന്നത് ഇന്ദ്രപാൽ സിംഗിന് ആലോചിക്കാനാവില്ല. ഭാര്യ മലയാളിയാണെങ്കിലും കേരളമെന്നു കേട്ടാൽ ഇന്ദ്രപാൽ സിംഗിന് കലികയറും. വെറ്ററിനറി ഡോക്ടറായ ഹാപ്പി സിംഗ് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ കേരളത്തിൽ പോകണമെന്നു പറഞ്ഞെങ്കിലും അച്ഛൻ അനുവദിക്കുന്നില്ല.
      മേരിയുടെയും ഹാപ്പി സിംഗിന്റെയും കൂട്ടുകാരായ പഞ്ചാബി പെൺകുട്ടി പമ്മിയും ( സിദ്ധി മഹാജൻകട്ടി ) മലയാളി ഷറഫും (ശ്രീനാഥ് ഭാസി ) പ്രേമത്തിലാണ്. പമ്മിയുടെ വിവാഹം പഞ്ചാബി പയ്യനുമായി ഉറപ്പിച്ചതോടെ  രണ്ടു പേരും മേരിയുടെയും ഹാപ്പിയുടെയും സഹായത്തോടെ കേരളത്തിലക്ക് ഒളിച്ചോടുന്നു. അവർക്ക്  അഭയം നൽകുന്നതാകട്ടെ ജോയ്സിയും. പിന്നാലെ പമ്മിയുടെയും ഹാപ്പി സിംഗിന്റെയും രക്ഷകർത്താക്കളുടെ പടയും എത്തുന്നു. ഇതിനിടയിൽ മേരിയും ഹാപ്പി സിംഗും പ്രേമത്തിലാകുന്നു. ഇവരുടെ കല്യാണം മുടക്കാൻ  വില്ലനായി മേരിയെ കല്യാണം കഴിക്കാൻ നടക്കുന്ന ക്നാനായക്കാരൻ കാക്കുവുമുണ്ട്(ഷെറഫുദ്ദീൻ). പിന്നീട് നടക്കുന്നത് സിദ്ദിഖ്-ലാൽ, പ്രിയദർശൻ ചിത്രങ്ങളുടെ മാതൃകയിലുള്ള കൂട്ടപ്പൊരിച്ചിലാണ്. മേമ്പൊടിയ്ക്ക് ആനയ്ക്ക് മദമിളകലും കുട്ടനാടൻ വള്ളംകളിയുമുണ്ട്.
          വ്യത്യസ്ത സംസ്ക്കാരങ്ങളിലും മതങ്ങളിലും പെട്ടവർ അതിർവരമ്പുകൾ ലംഘിച്ച് വിവാഹം കഴിക്കുമ്പോൾ സമുദായങ്ങളിലുണ്ടാകുന്ന വിദ്വേഷം എത്ര ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കിക്കാൻ സംവിധായകർ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ചിത്രത്തിലെ കാമുകീ കാമുകന്മാരെല്ലാം വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെങ്കിലും അതൊന്നും ഒരു സന്ദേശവും പ്രേക്ഷകർക്ക് നൽകുന്നില്ല. ഹിറ്റ് ചിത്രങ്ങളിലെ പഴയ ഡയലോഗുകൾ കടമെടുത്ത് ഹാസ്യം സൃഷ്ടിക്കാനുള്ള ശ്രമവും ഏശിയിട്ടില്ല. തിരക്കഥയിലെ പാളിച്ചകൾ കാരണം ചില രംഗങ്ങൾ വെറും കോലാഹലമായി മാറി.
            നായകനായ ഹാപ്പി സിംഗിനെ അവതരിപ്പിച്ച കാളിദാസിന് കുറെക്കൂടി ഇരുത്തം വന്നിട്ടുണ്ട്. ചരടു പൊട്ടിയ തിരക്കഥ കാരണം നായകനും നായികയ്ക്കും കൂടുതലൊന്നും ചെയ്യാനില്ല. മേരിയെ അവതരിപ്പിച്ച മെറിൻ ഫിലിപ്പിന്റേത് ശരാശരി പ്രകടനമാണ്. കാളിദാസും മെറിനും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആയിട്ടില്ല. സിദ്ദിഖ്, ഷറഫുദ്ദീൻ, ജാവേദ് ജഫ്രി എന്നിവരുടേത് മികച്ച പ്രകടനമാണ്. മലയാള സിനിമയിൽ ദമ്പതികൾ സംവിധായകരാകുന്നത് ആദ്യമാണെന്ന് പറയുന്നു.നവാഗതരെന്ന നിലയിൽ സുദീപും ഗീതികയും നിരാശപ്പെടുത്തുന്നില്ല. ആഘോഷത്തിന്റെയും കോമഡിയുടെയും അന്തരീക്ഷം ആദ്യാവസാനം നിലനിർത്തിയിട്ടുണ്ട്. പഞ്ചാബിന്റെയും കുട്ടനാടിന്റെയും ദൃശ്യങ്ങൾ ആനന്ദ് രാമാനുജത്തിന്റെ ക്യാമറ മനോഹരമായി പകർത്തിയിട്ടുണ്ട്.ഷമീർ മുഹമ്മദാണ് എഡിറ്റർ. സംഗീതം ഗോപീ സുന്ദർ. അഞ്ചു ഗാനങ്ങൾ ഉണ്ടെങ്കിലും ഒന്നും മനസ്സിൽ തങ്ങില്ല.
(കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടിക്കൾച്ചറൽ കോളേജിലെ വിജ്ഞാന വ്യാപന
 വിഭാഗം തലവനും, പ്രൊഫസറുമായിരുന്നു ഡോ ജോസ് ജോസഫ്)
SHARE

LEAVE A REPLY