ഉല്ലാസ പൂത്തിരി കത്തിച്ച്   ഗാനഗന്ധർവ്വൻ 

 ഡോ. ജോസ് ജോസഫ്
ഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ പഴയ ശൈലിയിൽ കഥ പറയുന്ന കുടുംബ ചിത്രമാണ്. ഉല്ലാസ് എന്ന ഗായകൻ വിവാഹക്കെണിയിൽ കുടുങ്ങുന്നതും അതിൽ നിന്ന് ഊരി രക്ഷപെടുന്നതുമാണ് ചിത്രത്തിന്റെ കഥ.
 ജേക്കബ്ബേട്ടൻ (മോഹൻ ജോസ് ) നടത്തുന്ന കലാസദൻ എന്ന ട്രൂപ്പിലെ ഗാനമേള ഗായകനാണ് ഉല്ലാസ് (മമ്മൂട്ടി). കലാസദനിൽ 26 വർഷത്തെ സർവ്വീസുണ്ട് ഉല്ലാസിന്.ട്രൂപ്പിന് പ്രത്യേകിച്ചൊരു പ്രയോജനവും ഇല്ലെങ്കിലും പഴയ ആളെന്ന പരിഗണനയിലാണ് ഉല്ലാസിനെ ജേക്കബ്ബേട്ടൻ കലാസദനിൽ നിലനിർത്തിയിരിക്കുന്നത്.
ഇന്നലെ വന്ന പിള്ളേർ പോലും പിന്നണി പാടി രക്ഷപെട്ടിട്ടും ഉല്ലാസ് ഇപ്പോഴും ഗാനമേള ഗായകനായി തുടരുകയാണ്. എല്ലാർക്കും യേശുദാസും ജയചന്ദ്രനുമൊന്നുമാകാനാവില്ലല്ലോ എന്ന് സ്വയം സമാശ്വസിക്കുന്നു.
 കമലാഹാസന്റെ സകലകലാവല്ലഭനിലെ      “ഇനിമൈ ഇതോ ഇതോ ” ആണ് ഇക്കാലത്തും ഉല്ലാസ് പാടുന്ന ഹിറ്റ് ഗാനം. വർഷങ്ങളായി ധരിക്കുന്നത് ഒരേ കോട്ടും പാടുന്നത് ഒരേ പാട്ടുകളുമാണ്.പാട്ടിലെ മികവു കൊണ്ടല്ല ഉല്ലാസിന് ഗാന ഗന്ധർവ്വൻ എന്ന പേരു വീണത്. മകൾ സൗമ്യ പഠിക്കുന്ന സ്ക്കൂളിലെ കുട്ടികൾ ഉല്ലാസിനെ കളിയാക്കാൻ ഇട്ട കളിപ്പേരാണ് ഗാന ഗന്ധർവ്വൻ.
മൂന്നു വിവാഹത്തിനു യോഗമുള്ള അപൂർവ്വ ഗ്രഹനിലയാണ് ഉല്ലാസിന്റേത്. വീട്ടുകാർ എതിർത്തിട്ടും ആരാധികയായ മിനി( വന്ദിത ) ഉല്ലാസിനൊപ്പം ഇറങ്ങി പോകുന്നു. മിനിക്കും മകൾ സൗമ്യയുടെയും ഒരാഗ്രഹവും നിറവേറ്റി കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ഉല്ലാസ്.സ്റ്റേജിൽ പാട്ടില്ലാത്തപ്പോൾ പിറന്നാൾ പാർട്ടികൾക്കും വിവാഹത്തിനുമൊക്കെ പാടി വരുമാനം കണ്ടെത്തുന്ന ഗാനമേള പാട്ടുകാരുടെ ദുരവസ്ഥ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.
 അമ്പലപ്പറമ്പിൽ ഉത്സവ വേളയിലെ ഗാനമേള വേദിയിൽ നിന്നും ഉല്ലാസിനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. പിന്നീട് ഉല്ലാസ് എങ്ങനെ വിവാഹത്തട്ടിപ്പു കേസിൽ കുടുങ്ങിയെന്ന് ഫ്ലാഷ് ബാക്കിൽ കാണിക്കുന്നു.
ഭൂമി തട്ടിപ്പു കേസിൽ കുടുങ്ങിയ സാന്ദ്ര (അതുല്യ ചന്ദ്രൻ ) അമേരിക്കയിലേക്കു കടക്കാൻ പിതാവ് സാംസണുമായി ( റാഫി ) ചേർന്ന് കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു ഗായകൻ ഉല്ലാസുമായുള്ള വിവാഹം.ശുദ്ധ ഹൃദയനും പെണ്ണുങ്ങളുടെ പൂങ്കണ്ണീർ കണ്ടാൽ എന്തു സാഹസവും  ചെയ്യുന്നവനുമാണ് ഉല്ലാസ്.അമേരിക്കൻ കൂട്ടുകാരൻ പ്രിൻസിന്റെ (ജോണി ആന്റണി) നിർബ്ബന്ധവും സാന്ദ്രയുടെ കണ്ണീരും കൂടി ചേർന്നപ്പോൾ ഉല്ലാസ് കുഴിയിൽ വീഴുന്നു.
ഒരേ സമയം പല പുരുഷന്മാരുമായി ബന്ധമുള്ള സാന്ദ്ര അക്രമണോത്സുകയാണ്. സ്വന്തം കാര്യം നേടാൻ ഏതു കുതന്ത്രവും പയറ്റും.സാന്ദ്രയുടെ കെണിയിൽ വീണ ഉല്ലാസ് സമൂഹത്തിനു മുന്നിൽ അപമാനിതനാകുന്നു.
 സാന്ദ്രയെ പോലെ  ദുഷ്ട മനസ്സും കുബുദ്ധിയുമുള്ള സ്ത്രീകൾ  ഉല്ലാസിനെ പോലെ നിഷ്കളങ്ക മാനസ്സരായ പുരുഷ വർഗ്ഗത്തോടു ചെയ്യുന്ന ക്രൂരതയും അതിൽ നിന്നു രക്ഷപെടാനുള്ള ഉപദേശങ്ങളുമാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. ഇത്തരം കനത്ത ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ പാളി. ഇതിനു വേണ്ടി ചിത്രീകരിച്ച കോടതി രംഗങ്ങളും നിയമ വ്യാഖ്യാനങ്ങളും വേണ്ടത്ര ഏശിയില്ല. എന്നാൽ നർമ്മരംഗങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ ഒഴിവാക്കുന്നതിൽ സംവിധായകൻ വിജയിച്ചു.
കഥ പറച്ചിലിലും സംവിധാനത്തിലുമെല്ലാം പഴയ രീതികളാണ് സംവിധായകൻ പിന്തുടരുന്നത്. രമേഷ് പിഷാരടി, ഹരി പി നായർ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വളച്ചു കെട്ടുകളില്ലാതെ നേരെ കഥ പറഞ്ഞു പോകാനാണ് തിരക്കഥാകൃത്തുക്കൾ ശ്രമിച്ചിരിക്കുന്നത്.കഥയിലെ നർമ്മത്തിന്റെ ടൈമിംഗ് മികച്ചതായി. നർമ്മവും വൈകാരിക രംഗങ്ങളും പാളിച്ചയില്ലാതെ സംയോജിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.
 സ്റ്റേജിലെ സ്റ്റൈലിഷ്  ഗായകനായും വൈകാരിക രംഗങ്ങളിലും നർമ്മത്തിലും  മമ്മൂട്ടി ഒരു പോലെ തിളങ്ങി. യേശുദാസിനെ അനുകരിക്കുന്ന ഗായകൻ ശ്യാമപ്രസാദായി സുരേഷ് കൃഷ്ണയും പെണ്ണു കിട്ടാത്ത അവിവാഹിതൻ ഡ്രമ്മറായി മനോജ് കെ ജയനും മികച്ചു നിന്നു. നായികമാരായ വന്ദിത, അതുല്യ എന്നിവരും മോശമാക്കിയില്ല.
 എഡിറ്റർ ലിജോ പോൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ആദ്യ പകുതിയിൽ ചില രംഗങ്ങളിലെ ഇഴച്ചിൽ ഒഴിവാക്കാമായിരുന്നു. അഴകപ്പന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും മികവു പുലർത്തി.

LEAVE A REPLY