മാവോവാദി ബന്ധം: സി പി എം യുവാക്കളെ പുറത്താക്കുന്നു

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് അറസ്‌ററിലായ അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും പുറത്താക്കാന്‍ സി പി എം തയ്യാറെടുക്കുന്നു.

ഇതിനായി ലോക്കല്‍ ബോഡി യോഗം വിളിക്കും.യുഎപിഎ ചുമത്തപ്പെട്ട കേസില്‍ അന്വേഷണത്തിന് പാര്‍ട്ടി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന അലന്‍ പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ്. ഇവിടുത്തെ യോഗം തിങ്കളാഴ്ച നടക്കും.അതേസമയം, താഹ ഉള്‍പ്പെട്ടിരിക്കുന്ന ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം എപ്പോഴാണെന്ന് വ്യക്തമല്ല.

ഇരുവരുടെയും തീവവാദി ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. യുഎപിഎ ചുമത്തുന്നതിന് പാര്‍ട്ടി എതിരാണെങ്കിലും ഇരുവരുടെയും മാവോയിസ്റ്റ് ബന്ധങ്ങളെ കുറിച്ച് പാര്‍ട്ടിക്ക് ചില സംശയങ്ങളുണ്ട്. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ജില്ലാകമ്മിറ്റി നിലപാട്.പക്ഷെ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ല. സി പി എം ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശ് പറഞ്ഞു.ഇരുവരെയും പുറത്താക്കാന്‍ പാര്‍ട്ടി മടിക്കുന്നതിന്റെ കാരണം വ്യക്തമാക്കണം.

റിമാണ്ടിൽ കഴിയുന്ന ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കുന്നുണ്ട്.ഹൈക്കോടതി ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ഈ തീരുമാനം.കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണ്ടിവരുമെന്ന്
പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

SHARE

LEAVE A REPLY