കാണാതായ വിദ്യാര്‍ഥി കോളേജിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് മരിച്ച രതീഷ് കുമാര്‍. കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉള്ളൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന രതീഷിനെ ഇന്നലെയാണ് കാണാതായത്.

ഇദ്ദേഹത്തിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്നാണ് ഇവര്‍ ആരോപിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചില്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.

രതീഷിനും അമ്മയ്ക്കും നേരെ നെയ്യാറ്റിന്‍കരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ സംഘത്തില്‍ പെട്ടവര്‍ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും തിരയുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഭിന്നശേഷിക്കാരുടെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തിയത്. കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

LEAVE A REPLY