ഭഗവദ് ഗീതയിലെ ലോകോക്തികൾ (5)

[ “സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ മേഽച്യുത”]

വരുടേയും ഹിതം ലക്ഷ്യമാക്കിയുള്ള പക്ഷപാത രഹിത സമീപനം സ്വന്തമാക്കുന്നതിന് ബോധപൂർവ്വകമായ അഭ്യാസം കൂടിയേ തീരു. പ്രസ്തുത വിഷയത്തിൽ സ്വജീവിതത്തിന്റെ മുൻ കാല ചരിത്രം വിശകലനം ചെയ്തു നോക്കുന്നത് അഭ്യാസത്തിന്റെ ഭാഗമായി ഗണിക്കാം. അവിടെ നിഷ്പക്ഷത പാലിക്കാൻ സാധിക്കാതെ വന്നപ്പോൾ ഉണ്ടായ ഗുണദോഷങ്ങൾ തിരിച്ചറിയണം. നിഷ്പക്ഷ സമീപനത്തിന് സാവകാശം പുലർത്താൻ സാധിച്ചപ്പോൾ ഉണ്ടായ നേട്ടങ്ങളും വിലയിരുത്തി നോക്കണം. പുരാണ സന്ദർഭങ്ങൾ , ചരിത്രപരമായി അറിയുന്ന വസ്തുതകൾ, പരിചിതരുടേയോ – ബന്ധുക്കളുടേയോ അനുഭവങ്ങൾ ; ഇവയൊക്കെ പഠനവിധേയമാക്കാം.
സങ്കീർണ്ണ വസ്തുതകളിലും, സംഭവങ്ങളിലും വൈകാരിക ആവേശത്തോടെ തീരുമാനമെടുക്കില്ലെന്ന ദൃഢനിശ്ചയം കൈക്കൊണ്ട് , എത്രത്തോളം പാലിക്കാൻ കഴിയുന്നു എന്ന് വിചിന്തനം ചെയ്ത് മുന്നേറണം.

കുടുംബ ജീവിതത്തിൽ പലപ്പോഴും കൂടിയാലോചനാ സന്ദർഭങ്ങൾ ഉരുത്തിരിയും. അവിടെ സ്വന്തം ആഗ്രഹങ്ങളും, അഭിപ്രായങ്ങളും മാറ്റി വെച്ച് ഏവരുടേയും ആഗ്രഹാഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ക്ഷണിക്കാൻ നമുക്കു സാധിക്കണം. എല്ലാവർക്കും ഹിതകരമായ ഒരു തീരുമാനത്തിലെത്തൽ ലക്ഷ്യമായി സൂക്ഷിക്കണം. ഇങ്ങിനെ അവധാനതയോടെ ഇടപെട്ടാൽ സർവ്വസമ്മതി നേടൽ പ്രയാസകരമാവില്ല. സൗഹൃദ മണ്ഡലങ്ങളിലും, ഓദ്യോഗിക -സാമൂഹിക- സാംസ്ക്കാരിക – മേഖലകളിലും ഈ സമീപനത്തിന് വ്യാപ്തിയുണ്ടാവട്ടെ.

കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം തേടി വരുന്നവരെ തൃപ്തിയാകും വരെ തുറന്നു പറയാൻ അനുവദിക്കാറുണ്ട്. എല്ലാം കേട്ട ശേഷം അവർ അവതരിപ്പിച്ച കാര്യങ്ങൾ സംഗ്രഹിച്ച് തിരിച്ചു പറയും. എന്നിട്ട് ഇതിനെന്താണ് പരിഹാരം എന്നു ചോദിക്കും. ചിലർ അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ നോക്കും. എന്നാൽ സസ്നേഹം നിർബന്ധിച്ചാൽ അവർ ഉചിതമായ പ്രശ്ന പരിഹാരം കണ്ടെത്തി പങ്കുവെക്കുന്നത് കാണാം . അതിന്റെ പ്രായോഗികതയും , സഫലതാ സാധ്യതയും തുടർന്ന് ചർച്ച ചെയ്യൽ പ്രയാസകരമാവില്ല. ഇവിടെ അവർക്ക് പ്രശ്ന പക്ഷത്തുനിന്നും മാറി നിൽക്കാൻ കഴിഞ്ഞതുകൊണ്ടാണ് പരിഹാരം വ്യക്തമായി കിട്ടിയതെന്നതാണ് വസ്തുത.
“സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ മേഽച്യുത” – നിഷ്പക്ഷമായി നിന്ന് ഉഭയ പക്ഷ നിരീക്ഷണം നടത്തുന്നതിന്റെ കല നമുക്ക് അഭ്യാസ ഫലമായി വശമായി കിട്ടട്ടെ. (എത്ര വിദഗ്ധനായ ശസ്ത്രക്രിയാ ഡോക്ടറും സ്വന്തം പുത്രന്റെ ശസ്ത്രക്രിയ ചെയ്യാൻ മടിക്കും. രോഗിയെ കണ്ട് വസ്തുനിഷ്ഠമായി പ്രശ്നം വിലയിരുത്താനും ചികിത്സ ചെയ്യാനും മമത കൊണ്ട് അദ്ദേഹത്തിനു സാധിക്കില്ല. നിഷ്പക്ഷ സമീപനത്തിന് തടസ്സമാകുന്ന മമത പോലുള്ള ഘടകങ്ങൾ വക തിരിച്ചറിഞ്ഞ് അഭ്യാസം കൊണ്ട് അതിക്രമിക്കണം).
പാർത്ഥന്റെ കാര്യത്തിൽ ഒപ്പം ഭഗവാനുണ്ടായിരുന്നു എന്നതുപോലെ നമ്മുടെ കാര്യത്തിൽ നേടിയെടുത്തിട്ടുള്ള അനുഭവ വിജ്ഞാനവും, ശാസ്ത്രാചാര്യാനുഗ്രഹ പ്രസാദവും സഹായകമായി ഒപ്പമുണ്ടെന്ന് സന്തോഷിക്കാം, വേണ്ടവണ്ണം പ്രയോജനപ്പെടുത്താം.

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

(തുടരും …..)

SHARE

LEAVE A REPLY