ഭഗവദ് ഗീതയിലെ ലോകോക്തികൾ (6)

[ “സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ മേഽച്യുത”]

ചില സന്ദർഭങ്ങളിൽ നമ്മിൽത്തന്നെ പ്രബലങ്ങളായ രണ്ട് അഭിപ്രായ പക്ഷങ്ങളുണ്ടാവാം. അവ ഏറെ വിരുദ്ധങ്ങളുമായേക്കാം. രണ്ടിലൊന്ന് തീരുമാനിക്കേണ്ടതുണ്ടെന്നു വരുമ്പോൾ നിഷ്പ്രയാസം അത് സാധിക്കില്ല. അത്തരം അവസരങ്ങളിൽ തൽക്കാലം രണ്ടു പക്ഷങ്ങളിൽ നിന്നും മാറി നിന്ന് വിലയിരുത്തി തീരുമാനിക്കുന്നത് സഹായകമാവും. അതായത് നമുക്ക് നമ്മോടു തന്നെയുള്ള ബന്ധത്തിന്റെ കാര്യത്തിലും ഉഭയ മധ്യ രഥ സ്ഥാപന സന്ദേശം പ്രയോഗത്തിൽ വരുത്താവുന്നതാണ്.

ഏവരുടേയും ഹിതം നോക്കിയുള്ള പക്ഷപാത രഹിത സമീപനത്തിന്നായി ഉത്സാഹിക്കുമ്പോൾ മറ്റുള്ളവർ അത് ചൂഷണത്തിനുള്ള അവസരമാക്കി, സൗകര്യമായിക്കരുതി പ്രയോജനപെടുത്തുന്നു എന്നു വന്നാൽ എന്തു ചെയ്യും? (പ്രത്യേകിച്ചും കുടുംബ ജീവിതത്തിൽ) പിന്നെ അവനവന് ഹിതമായത് ചെയ്യുക എന്നതേ രക്ഷയുള്ളൂ എന്ന ചിന്താഗതിയായിപ്പോവില്ലേ?.

പ്രായോഗിക തലത്തിൽ ഏറെ പ്രസക്തമായ ചോദ്യം . ചൂഷണത്തിന് വിധേയരായിപ്പോവുന്നത് ഒരു തരത്തിലും അഭിലഷണീയമല്ല. അപരരെ ചൂഷണം ചെയ്യാൻ അവസരം പാർത്തിരിക്കുന്നവരുടെ ബുദ്ധിമോശത്തെ അനുകമ്പയോടെ കാണാൻ സാധിക്കണം. കാരണം അന്യരെ ചൂഷണം ചെയ്യുന്നവർ അതുവഴി സ്വന്തം സ്ഥായിയായ സൗഖ്യവും, സ്വാസ്ഥ്യവും നശിപ്പിക്കുകയാണ്. അതു കൊണ്ടു തന്നെ ചൂഷണത്തിനു നിന്നു കൊടുത്ത് അവരെ (ചൂഷകരെ) ദ്രോഹിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ചൂഷണ വ്യഗ്രത അത്തരക്കാർക്കു ( ചൂഷണം ചെയ്യുന്ന വ്യക്തികൾക്ക് ) സമ്മാനിക്കുന്ന ദൂഷ്യ ഫലങ്ങൾ അതാത് വ്യക്തികൾക്ക് വിശദീകരിച്ചു കൊടുക്കാൻ വഴി കണ്ടെത്തുന്നതും നന്ന്.

ആത്മാർത്ഥവും പക്ഷപാത രഹിതവുമായ സമീപനം പുലർത്തുന്നവരെ ആർക്കു ചൂഷണം ചെയ്യാൻ സാധിക്കും എന്നൊരു മറു ചോദ്യം ഇവിടെ ഉന്നയിക്കണം. കുടുംബ ജീവിതത്തിൽ മാത്രമല്ല ഏതു മേഖലയിലും ഉഭയ പക്ഷങ്ങൾ തുല്യ പ്രാധാന്യത്തോടെ നിൽക്കുമ്പോൾ ശ്രേയസ്ക്കര പക്ഷത്തെ തിരിച്ചറിയൽ പ്രധാനമാണ്. അതനുസരിച്ച് കരണീയമായത് ചെയ്യാൻ മധ്യത്തിൽ രഥം സ്ഥാപിക്കുന്ന മാതൃക അവലംബിക്കേണ്ടതുണ്ട്. ഈ നിഷ്പക്ഷതയും , ജാഗ്രതയും നില നിർത്തുന്നവർ മറ്റുള്ളവരുടെ കുതന്ത്രങ്ങൾക്കും ചൂഷണത്തിനും വിധേയരാവില്ല.

‘അവനവനു ഹിതമായതു ചെയ്യുക ‘ എന്ന ചിന്താഗതി ഒരു പ്രകാരത്തിലും അന്യരെ അവഗണിക്കുന്ന, ദ്രോഹിക്കുന്ന അവസ്ഥയിലേക്ക് നമ്മെ അധഃപതിപ്പിക്കില്ല. ആത്മഹിതം എപ്പോഴും പരജനോപകാരപ്രദമേ ആവൂ. അങ്ങിനെ ഒരു രാഗ താളലയം പ്രകൃതിയിൽ ആഴത്തിൽ നിബന്ധിച്ചിട്ടുണ്ട്. അതു കൊണ്ട് അവനവന്റെ ഹിതം നിശ്ചയിച്ച് അനുസരിക്കുന്നത് തെറ്റല്ല. (അവനവനാര് എന്ന് യഥാതഥമറിയാൻ കരുതലും, ഉത്സാഹവും പുലർത്തണമെന്നു മാത്രം. അത് ആത്മീയ വിഷയമാണ്. ഭഗവദ് ഗീതാദി ഗ്രന്ഥങ്ങളുടെ മുഖ്യ പ്രമേയവുമാണ്.)

(തുടരും ….)

പ്രേമാദരപൂർവം
സ്വാമി അദ്ധ്യാത്മാനന്ദ

SHARE

LEAVE A REPLY