ഭഗവദ് ഗീതയിലെ ലോകോക്തികൾ (14)

[ ‘ക്ഷുദ്രം ഹൃദയ ദൗർബ്ബല്യം ത്യക്തോത്തിഷ്ഠ പരന്തപ’ (4: സമാപ്തം)]
 ഹൃദയ ദൗർബല്യം എന്തെങ്കിലും മസ്തിഷ്ക രാസപ്രതി പ്രവർത്തനങ്ങൾ മൂലമാണ് സംഭവിക്കുന്നതെന്നു പറയാമോ? മനുഷ്യൻ രാസവസ്തുക്കളുടെ ഒരു സംയുക്ത ഭാണ്ഡം മാത്രമാണെന്ന നിരീക്ഷണമുണ്ടല്ലോ!? മറ്റൊരു രാസവസ്തു(മരുന്ന്) കഴിച്ച് രോഗം നിർവീര്യമാക്കാൻ കഴിയുമോ?
@ ചോദ്യം ഗൗരവമുള്ളതാണ്. ശാരീരിക- മാനസിക- ബൗദ്ധീക ആരോഗ്യാനാരോഗ്യങ്ങൾ മസ്തിഷ്ക്ക രാസങ്ങളാൽ തീരുമാനിക്കപ്പെടും എന്നത് ജീവശാസ്ത്ര പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ അനിയന്ത്രിത വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരമായി ഔഷധങ്ങൾ നിർദ്ദേശിക്കപ്പെടാറുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഭാരതീയ മാമുനിമാർക്ക് വ്യത്യസ്ത നിലപാടാണുള്ളത്. അവർ അതിനനുസരിച്ച് പരിഹാര മാർഗ്ഗങ്ങളും ഉപദേശിക്കുന്നു.  ഇക്കാര്യങ്ങൾ വിശദമായി മറ്റൊരവസരത്തിൽ പ്രതിപാദിക്കാമെന്നു കരുതുന്നു. ( പ്രസ്തുത വിഷയകമായ  ലോകോക്തികൾ ചർച്ചക്കു വരുന്നുണ്ട്.) ആഹാര വിഭവങ്ങളും – രീതികളും , ആചാര അനുഷ്ഠാനങ്ങളും , മറ്റു വ്യവഹാരങ്ങളും ആരോഗ്യകരമാക്കാൻ  ശ്രദ്ധിച്ചാൽ വലിയ ഒരു പരിധി വരെ മനോനിയന്ത്രണം ഉറപ്പാക്കിയെടുക്കാൻ കഴിയും. മനഃ പ്രയാസങ്ങളെ രോഗമെന്ന് മുദ്രയടിച്ച് ഔഷധസേവക്ക് തത്രപ്പെടാതെ വിദഗ്ദ്ധരോട് സംസാരിച്ച് മറ്റ് മാർഗ്ഗങ്ങൾ അവലംബിച്ചു നോക്കുന്നത് നന്നായിരിക്കും. ( രക്തത്തിലേയും, മസ്തിഷ്ക്കത്തിലേയും ചില രാസപരമായ അസന്തുലിതാവസ്ഥകൾ കൊണ്ട് തീവ്രമായ ചില വൈകാരിക ദൗർബല്യങ്ങൾ ഒരാളെ ബാധിച്ചേക്കാം. കാലപ്പഴക്കം വന്നാൽ പരിഹാരമായി ഔഷധസേവ ആവശ്യമായും വന്നേക്കാം.)
മനുഷ്യൻ രാസവസ്തുക്കളുടെ ഒരു സംയുക്ത ഭാണ്ഡം മാത്രമാണെന്ന നിരീക്ഷണം സഹസ്രാബ്ദങ്ങളുടെ ഭാരതീയ വേദാന്ത തത്വചിന്തക്ക് അസ്വീകാര്യമാണ്. മനുഷ്യനിലെ ജീവ ചൈതന്യം രാസപ്രവർത്തനങ്ങളുടെ ഉപോത്പന്നമല്ല.
ഹൃദയ ദൗർബ്ബല്യത്തെ വെടിഞ്ഞ് എഴുന്നേൽക്കാനുള്ള ആഹ്വാനം കൊള്ളാം.   എന്നാൽ ഹൃദയ ദൗർബ്ബല്യത്തെ  വേർതിരിച്ചറിയാൻ  പ്രയാസമുണ്ടാവുമ്പോൾ എന്തു ചെയ്യും? (ശ്രീരാമന് ബാലി-സുഗ്രീവന്മാരെ  തിരിച്ചറിയാൻ പ്രയാസമുണ്ടായതായി രാമായണത്തിൽ ചിത്രീകരിച്ചിട്ടുണ്ടല്ലോ! അതുപോലെ തിരിച്ചറിവിന് ബുദ്ധിമുട്ടുണ്ടാവാം) ഉദാഹരണമായി – രാവിലെ എഴുന്നേൽക്കണം എന്ന ബോധ്യമുണ്ടെങ്കിലും ആലസ്യം കാരണം അതിനു സാധിക്കാതെ വന്നേക്കാം. എന്നാൽ ആലസ്യമാണ് കാരണമെന്ന് മനസ്സിലാവുകയുമില്ല.  ‘സമാധാനമല്ലേ നമുക്കു വേണ്ടത്, ഉറങ്ങുമ്പോൾ നല്ല സമാധാനം കിട്ടുന്നുണ്ടല്ലോ? അപ്പോൾ ഉറങ്ങുക തന്നെയല്ലേ വേണ്ടത് ‘ ഈ ന്യായീകരണ ചിന്തകൾ ഉയർന്നുവരികയും ചെയ്യും. ഹൃദയ ദൗർബ്ബല്യമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാലല്ലേ അതിനെ ഉപേക്ഷിച്ച്  എഴുന്നേൽക്കാൻ പറ്റൂ.  അർജ്ജുനന്റെ കാര്യത്തിലും ന്യായീകരണ പ്രശ്നമുണ്ടായിരുന്നു എന്നു കാണാം. ‘ആദരണീയരായ ഭീഷ്മ-ദ്രോണാദി പ്രഭൃതികളെ ഞാൻ എങ്ങിനെ കൊല്ലും? ‘ എന്ന് അർജ്ജുനൻ ചോദിക്കുമ്പോൾ പരോക്ഷമായി അർജ്ജുനൻ തന്നെ ബാധിച്ച ഹൃദയ ദൗർബ്ബല്യത്തെ (ആരോഗ്യകരമായ വൈകാരിക അവസ്ഥയെ) ന്യായീകരിക്കുകയായിരുന്നല്ലോ. പക്ഷേ ശ്രീകൃഷ്ണ ഭഗവാന് അർജ്ജുനനെ ബാധിച്ച ദൗർബ്ബല്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇതു പോലെ ഒരു മൂന്നാം കക്ഷിക്കേ കാര്യം തിരിച്ചറിയാൻ സാധിക്കൂ എന്നാണെങ്കിലോ? സ്ത്രീജനങ്ങളുടെ കാര്യത്തിൽ അവർക്ക് സഹജവും, കരുത്തുമായ വാത്സല്യ ഭാവം അസ്ഥാനത്ത് പ്രകടമാവുന്നത് ദൗർബ്ബല്യമല്ലേ? എന്നാൽ പലർക്കും അത് തിരിച്ചറിയാൻ കഴിയാതെ പോവുന്നു.
@ ബാലി-സുഗ്രീവ ദൃഷ്ടാന്തം വളരെ ചിന്തനീയമായി. അവിടെ ശ്രീ രാമചന്ദ്രൻ സുഗ്രീവന് ഒരു മാല അണിയിച്ചാണ് പ്രശ്നം പരിഹരിച്ചത്. നമ്മെ സ്വാധീനിക്കുന്ന വികാരം വിവേകാധിഷ്ഠിതമാണോ, വീണ്ടുവിചാരമില്ലാത്ത ദൗർബ്ബല്യമാണോ എന്നറിയാൻ ചിലപ്പോൾ പ്രയാസമുണ്ടാകാം.  പാർത്ഥന്റെ പ്രശ്നം പാർത്ഥസാരഥിക്ക് മനസ്സിലായതുപോലെ ഒരാളുടെ ഹൃദയ ദൗർബ്ബല്യം തിരിച്ചറിയാൻ മറ്റൊരു പക്വമതിക്കു കഴിയും. എന്നാൽ അവരവരിൽ തന്നെ ഒരു നിഷ്പക്ഷ മൂന്നാം കക്ഷിയെ വളർത്തിയെടുക്കാൻ ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും, ശാസ്ത്ര പഠനം കൊണ്ടും സാധിക്കും , സാധിക്കണം. ഉപദിഷ്ടങ്ങളായ എല്ലാ ആചാരാനുഷ്ഠാന പദ്ധതികളും സുഗ്രീവന് മലയണിയിക്കുന്ന പ്രക്രിയയായി ഗണിക്കാം.
എല്ലാ വികാരങ്ങൾക്കും കരുത്തുണ്ട്. എന്നാൽ അവ സ്ഥാനത്ത് സമുചിതമായി പ്രകാശിപ്പിക്കുന്നില്ലെങ്കിൽ സ്ത്രീ ജനത്തിന്റെ കാര്യത്തിലായാലും, പുരുഷന്മാരുടെ കാര്യത്തിലായാലും ദൗർബ്ബല്യമായി മാറുന്നു. (യഥോചിതം പ്രകടിപ്പിക്കേണ്ട വികാരത്തിനു പകരം മറ്റു വികാരങ്ങൾ പ്രകടിപ്പിച്ചു പോവുന്നതിന്റെ മനഃശാസ്ത്രവും പിന്നീട് പഠനവിധേയമാക്കേണ്ടതുണ്ട്)
(തുടരും …..)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

LEAVE A REPLY