ഭഗവദ് ഗീതയിലെ ലോകോക്തികൾ (15)

[ ‘ഗതാനൂൻ അഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ’ (1)]
നി രണ്ടാം അദ്ധ്യായത്തിലെ
പതിനൊന്നാമത്തെ ശ്ലോകം – രണ്ടാം വരി ഉദ്ധരണിയായി സ്വീകരിച്ച് വിശകലനം ചെയ്യാം.
പൂർണ്ണ ശ്ലോകം :-
“അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ. “
വാഗർത്ഥം:-
അശോച്യാൻ – ദു:ഖിക്കേണ്ടാത്തവരെക്കുറിച്ച്
അന്വശോചസ്ത്വം – നീ ദു:ഖിക്കുന്നു.
പ്രജ്ഞാ വാദാംശ്ച – പണ്ഡിതോചിതങ്ങളായ വാക്കുകളെ അല്ലെങ്കിൽ വാദങ്ങളെ
ഭാഷസേ –  ഭാഷിക്കുകയും -പറയുകയും ചെയ്യുന്നു
ഗതാസൂൻ അഗതാസൂംശ്ച – പോയ പ്രാണങ്ങളെക്കുറിച്ചും, പോവാത്ത പ്രാണങ്ങളെക്കുറിച്ചും
പണ്ഡിതാഃ ന അനുശോചന്തി- പണ്ഡിതൻമാർ ദു:ഖിക്കില്ല
സന്ദർഭം :-
ഈ ശ്ലോകം തൊട്ടാണ്
ഒരു ദാർശനിക കൃതിയെന്ന രീതിയിൽ ഭഗവത് ഗീത  ആരംഭിക്കുന്നത് എന്നാണ് ശങ്കരഭഗവദ്പാദരുടെ അഭിപ്രായം. ഭഗവദ് ഗീത ഒന്നാം അദ്ധ്യായത്തിലെ ശ്ലോകങ്ങൾക്കും രണ്ടാം അദ്ധ്യായത്തിലെ പത്ത് ശ്ലോകങ്ങൾക്കും വിസ്തരിച്ചൊരു ഭാഷ്യം ആചാര്യസ്വാമികൾ   എഴുതീട്ടില്ല. പകരം ഭഗവത് ഗീതക്ക് ഒരു ആമുഖക്കുറിപ്പും (ഉപോദ്ഘാതം) പതിനൊന്നാം ശ്ലോകത്തിന് വിശേഷമായിട്ടൊരു അവതാരികയുമാണ് ഭഗവദ്പാദർ വിരചിച്ചത്.  ആ നിലയ്ക്ക് വളരെ പ്രാധാന്യം അർഹിക്കുന്ന ശ്ലോകമാണ് രണ്ടാമദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകമെന്നു കരുതണം.  ഒന്നാം അദ്ധ്യായം വ്യക്തമാക്കുന്ന പശ്ചാത്തല ചിത്രത്തിൽ,
രണ്ട് സൈന്യങ്ങളുടേയും മദ്ധ്യത്തിൽ തേരിൽ തളർന്നിരുന്നുപോയ  പാർത്ഥനെ ഭഗവാൻ സശ്രദ്ധം ശ്രവിച്ചിട്ടുള്ളത് കാണാം. അർജ്ജുനൻ വിവിധ വാദമുഖങ്ങൾ അവതരിപ്പിച്ചുകൊണ്ട് യുദ്ധം ചെയ്യുന്നത് വല്യ ഒരു അന്യായമാണ് എന്ന് സ്ഥാപിക്കുന്നു. അതിനൊരു താത്വിക പരിവേഷവും നൽകുന്നു.  രണ്ടാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ ഭഗവാൻ അർജ്ജുനനെ ശകാരിക്കുന്നതു പോലെ സംസാരിക്കുന്നതായും കാണുന്നു. ശകാരം കേട്ട അർജ്ജുനൻ കൂടുതൽ വൈകാരികമായൊരു അവസ്ഥാ വിശേഷത്തെ പുൽകുന്നു. ‘എന്തു തന്നെ ആയാലും ഞാൻ യുദ്ധം ചെയ്യില്ല. സമാദരണീയരായ ഭീഷ്മ ദ്രോണാദികളുടെ പാദങ്ങളിൽ പൂവിട്ട് നമിക്കേണ്ടവനാണു ഞാൻ.  പകരം അവരുടെ ഹൃദയത്തിലേക്ക് കാരിരുമ്പ് എയ്ത് തറപ്പിക്കുന്നത് ഒരു തരത്തിലും ധർമ്മമാകില്ല’ എന്നിപ്പ്രകാരം ശഠിക്കുകയും, കർമ്മ വിമുഖത പ്രദർശിപ്പിക്കുകയും ചെയ്ത അർജ്ജുനനെ ആക്ഷേപിച്ചു കൊണ്ടാണ് ഭഗവാൻ വീണ്ടും ആരംഭിക്കുന്നത്. അർജ്ജുനൻ പണ്ഡിതൻമാരെ പോലെ സംസാരിക്കുന്നുണ്ടെങ്കിലും പണ്ഡിതോചിതമല്ലാത്ത പെരുമാറ്റം പുലർത്തുന്നു. പ്രാണൻ പോയവരെച്ചൊല്ലിയോ, പ്രാണധാരണം ചെയ്യുന്നവരെ ചൊല്ലിയോ പണ്ഡിതന്മാർ ദുഃഖിക്കില്ല – ഇതാണ് ഉന്നയിച്ച ആക്ഷേപം.
ലോകോക്തി തലം :-
പ്രാണങ്ങൾ പോയവരെ – മരണം പുൽകിയവരെ സംബന്ധിച്ചും,  പ്രാണങ്ങൾ പോകാത്തവരെ – ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചും പണ്ഡിതൻമാർ ദുഃഖിക്കില്ല.
ഈ ആശയമനുസരിച്ച്  ഇവിടെ രണ്ട് പ്രകാരത്തിലുള്ള മനുഷ്യരാണുള്ളത്.
1. പ്രാണങ്ങൾ പോയവർ…
മരണപ്പെട്ടു പോയവർ നമ്മെ സംബന്ധിച്ചേടത്തോളം ദുഃഖ വിഷയമാകുമോ? ഇതുവരെ നാം നേരിൽ കണ്ടിട്ടില്ലാത്ത പ്രശസ്തരും, പ്രഗത്ഭരുമായവരുടെ മരണത്തെ കുറിച്ച് ആലോചിച്ച് ഖേദിക്കാൻ ന്യായമുണ്ട്.   ഇക്കാലത്ത് അവർ ജീവിച്ചിരിപ്പില്ലല്ലോ. അവരുടെ പ്രഭാവ കാലത്ത് ഞാൻ  ജനിക്കാതെ പോയല്ലോ. അവരെ നേരിൽ കാണാൻ സാധിച്ചില്ലല്ലോ – ഇപ്രകാരമൊക്കെ വിഷമം തോന്നും.
(തുടരും ….)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

LEAVE A REPLY