നാദവിസ്മയം ഇനി സ്വര്‍ഗത്തില്‍

നി ബാലുവിന്റെ നാദവിസ്മയം സ്വർഗ്ഗത്തിലാണ് മുഴങ്ങുക. ഭൂമിയിൽ ലക്ഷോപലക്ഷം പേരെ സംഗീതത്തിന്റെ ആത്മാനുഭൂതിയിലേയ്ക്ക് നയിച്ച ബാലഭാസ്കറിനെ ദേവലോകം ആഗ്രഹിച്ചു കാണണം.

അല്ലെങ്കിൽ നമ്മിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത് അവനെ എന്തിനാണ് അവർ കൊണ്ടുപോയത്? കേൾക്കാനാഗ്രഹിച്ച നൂറായിരം പാട്ടുകൾ ബാക്കിവെച്ച് ഈ യുവത്വത്തിൽ തന്നെ എന്തിനാണ് ബാലു അപ്രത്യക്ഷനായത്…? അറിയില്ല. കലാകാരൻമാരുടെ വേർപാടാണ് നമ്മെ ഏറ്റവുമധികം വേദനിപ്പിയ്ക്കുന്നത്.

ഒരു രാഷട്രീയ നേതാവോ യോദ്ധാ വോ ശാസ്ത്രജ്ഞനോ നമുക്ക് ഇനിയും ലഭിച്ചേക്കാം.പക്ഷേആയിരം പുണ്യജന്മങ്ങളിലൂടെ ഉരുത്തിരിയുന്ന കലാകാരൻ ജനിയ്ക്കുന്നത് അപൂർവ്വം. വയലാറും പി.ഭാസ്കരനും ബ്രഹ്മാനന്ദനുമെല്ലാം ഇന്നും നമ്മിൽ ജീവിക്കുന്നതും അതുകൊണ്ടു തന്നെ.

ബാലഭാസ്കർ കേവലമൊരു വയലിനിസ്റ്റ് മാത്രമായിരുന്നില്ല. സംഗീതത്തിൽ പുതുവഴികൾ തേടിയ ഗവേഷകൻ കൂടിയായിരുന്നു ആ സുകൃത ജൻമം.ബാലുവിന്റെ ആവിഷ്കാരങ്ങളിൽ ഉടനീളം വേറിട്ട വഴികൾ നാം കേട്ടു .രാഗവിസ്താരത്തിലും ബാലു പുത്തൻ അനുഭൂതി സമ്മാനിച്ചു.

ഒടുവിൽ ഒരു യാത്ര പോലും പറയാതെ അയാൾ മടങ്ങി.മലയാളത്തിന്റെ സംഗീത ലോകത്തിന് എന്നും ഓർത്ത് വേദനിയ്ക്കാൻ ബാലുവും ഓർമ്മകളുടെ ഓളമായി.
വിധി പലപ്പോഴും നമുക്ക് എതിരാണ്.

മരണത്തെ ആഗ്രഹിക്കുന്നവരെ ഭൂമിയിൽ ഉപേക്ഷിച്ച് ജീവിതം കൊതിയ്ക്കുന്നവരെ കൊണ്ടു പോകും. ഒന്നേ പറയാനാകൂ. ശ്രീ ശങ്കരനെപ്പോലെ അല്പായുസ്സേ ലഭിച്ചുള്ളൂ എങ്കിലും ബാലഭാസ്കർ ജനമനസ്സിൽ നൂറു വർഷം ജീവിയ്ക്കുമെന്നത് തീർച്ച.

LEAVE A REPLY