അയോധ്യ വിധി: ഭൂമിക്കാര്യത്തിൽ സുന്നി ബോർഡിൽ തർക്കം

ലഖ്‌നൗ: സുന്നി വഖഫ് ബോർഡിൽ, അയോധ്യ വിധിന്യായം സംബന്ധിച്ച് വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നു. സുപ്രിം കോടതി അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിലാണ് തർക്കം.

നവംബര്‍ 26-ന് ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ഉത്തർ പ്രദേശ്  സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫാര്‍ ഫാറൂഖി അറിയിച്ചു.നേരത്തെ നവംബര്‍ 13-ന് യോഗം ചേരാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് നവംബര്‍ 26-ലേക്ക് നീട്ടി.

ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കരുതെന്നാണ് ചിലരുടെ ഉപദേശം. പക്ഷേ, അത് നിഷേധാത്മക സമീപനം വര്‍ധിപ്പിക്കും. മററു ചിലര്‍ പറയുന്നത് ഭൂമി സ്വീകരിക്കണമെന്നും അവിടെ പള്ളിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിയണമെന്നുമാണ്- ഫാറൂഖി വിശദീകരിച്ചു.

ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും, ഭൂമി സ്വീകരിക്കാനാണെങ്കില്‍ അത് എങ്ങനെ വേണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ ബോര്‍ഡ് സ്വാഗതം ചെയ്യുകയാണെന്നും വിധിക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫാറൂഖി പറഞ്ഞു.

LEAVE A REPLY