ആര്‍.എസ്.എസും മോദിയും ഗാന്ധിജിയെ ഏറ്റെടുക്കുമ്പോള്‍: അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ പോസ്റ്റ്

കൊച്ചി: 150-ാം ഗാന്ധിജയന്തി വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഘാതകര്‍തന്നെ മഹാത്മാഗാന്ധിയുടെ മഹത്വം ഏറ്റെടുക്കുകയും അതിന്റെ അവകാശികളായി ചമയുകയുമായിരുന്നു എന്ന് ദേശാഭിമാനി മുൻ അസോ. എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ബ്ലോഗ്. പ്രധാനമന്ത്രി മോദിതന്നെ ഇതിനു നേതൃത്വം നല്‍കി എന്നും ബ്ലോഗിൽ പറയുന്നു.

ബ്ലോഗിന്റെ പൂർണ രൂപം

ആര്‍.എസ്.എസും മോദിയും ഗാന്ധിജിയെ ഏറ്റെടുക്കുമ്പോള്‍

മഹാത്മാഗാന്ധിയുടെ മഹത്വം ഘാതകര്‍തന്നെ ഏറ്റെടുക്കുന്നതും അതിന്റെ അവകാശികളായി ചമയുന്നതുമാണ് 150-ാം ഗാന്ധിജയന്തി വാര്‍ഷികത്തില്‍ ലോകം കണ്ട് അമ്പരന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്ന് പ്രസംഗിച്ചും അക്രമത്തിനും വെറുപ്പിനുമെതിരെ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ ലേഖനമെഴുതിയും പ്രധാനമന്ത്രി മോദിതന്നെ ഇതിനു നേതൃത്വം നല്‍കി.

ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കാന്‍ ആര്‍.എസ്.എസ് കേഡര്‍മാരെ സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് തന്നെ ആഹ്വാനംചെയ്തു. ഏകാത്മ സ്‌തോത്രത്തിലൂടെ അവര്‍ ദിവസവും പ്രഭാതത്തില്‍ ഗാന്ധിജിയെ സ്മരിക്കുന്നുണ്ടെന്ന് ഭഗവത് വെളിപ്പെടുത്തിയത് അതിലുംവലിയ ഫലിതമായി.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയ വിശ്വപ്രമുഖരുടെ ഗാന്ധിജിയെപ്പറ്റിയുള്ള ഉദ്ധരണികളാണ് ‘ന്യൂയോര്‍ക്ക് ടൈംസി’ലെ മോദിയുടെ ലേഖനത്തിലെ ഏറിയഭാഗവും. എന്നാല്‍ അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചോ അക്രമരാഹിത്യത്തെപ്പറ്റിയോ മതനിരപേക്ഷതയ്ക്കും ലോകസമാധാനത്തിനുംവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിനെപ്പറ്റിയോ മോദി ഉത്ക്കണ്ഠപ്പെട്ടില്ല. വിശ്വപ്രതിഭകളുടെ ആദരത്തിന്റെ കാരണമെന്താണെന്നും പ്രധാനമന്ത്രി ചിന്തിച്ചു കണ്ടില്ല.

ജാതി- ഉപജാതികളുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച ഇന്ത്യയെ ധാര്‍മ്മികതയിലും അഹിംസയിലുമൂന്നി നിസ്സഹകരണം ആയുധമാക്കി ഒന്നിപ്പിച്ചതാണ് ഗാന്ധിജി ലോകത്തിനു നല്‍കിയ പുതിയ പാഠമെന്നതുപോലും അദ്ദേഹം സ്മരിച്ചില്ല. അസഹിഷ്ണുതയും അധാര്‍മ്മികതയും കാപട്യങ്ങളും അസത്യത്തിന്റെ ഇരുട്ടും നിറഞ്ഞ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തെ നയിക്കുന്ന ഒരു ഭരണാധികാരിയില്‍നിന്ന് അത് ആരും പ്രതീക്ഷിക്കുന്നില്ലെന്നത് മറ്റൊരു കാര്യം.

ഗാന്ധിജി വധിക്കപ്പെടുമ്പോള്‍ നാഗ്പൂരില്‍ പി.ടി.ഐയുടെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്ന വാള്‍ട്ടര്‍ ആല്‍ഫ്രഡ് 99-ാംവയസില്‍ പത്രങ്ങള്‍ക്കു നല്‍കിയ അഭിമുഖം പുറത്തുവന്നതും ഈ ദിവസംതന്നെ. ഗാന്ധിവധം നടന്നതിന്റെ പിറ്റേദിവസം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് കണ്ട കാഴ്ച തന്നെ അമ്പരപ്പിച്ചെന്ന് 71 വര്‍ഷങ്ങള്‍ക്കുശേഷവും വാള്‍ട്ടര്‍ ആല്‍ഫ്രഡ് പറയുന്നു:

‘അവര്‍ പലരും ആഹ്ലാദം മറച്ചുപിടിച്ചില്ല. ഗാന്ധിജിയെയും നെഹ്‌റുവിനെയും ആര്‍.എസ്.എസിന് ഇഷ്ടമല്ലെന്ന് അറിയാമായിരുന്നു. പക്ഷെ, അവര്‍ ഇങ്ങനെ പെരുമാറുമെന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല.’

ഗാന്ധിവധത്തിന്റെ ഞെട്ടലിലും ദു:ഖത്തിലും രാജ്യത്തോട് നടത്തിയ പ്രക്ഷേപണ പ്രസംഗത്തില്‍തന്നെ പ്രധാനമന്ത്രി നെഹ്‌റു ഗാന്ധി ഘാതകനെ ഒരു മതഭ്രാന്തനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കുറച്ചുകാലമായി രാജ്യത്തു സൃഷ്ടിക്കപ്പെട്ട മതദ്വേഷത്തിന്റെ വിഷം കുത്തിവെക്കപ്പെട്ട ഒരു യുവാവാണെന്ന്.

ഗാന്ധിവധത്തിന്റെ ആറാംദിവസം പ്രധാനമന്ത്രി നെഹ്‌റു അയച്ച മുഖ്യമന്ത്രിമാര്‍ക്ക് രഹസ്യ കത്തില്‍ ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിച്ചതും പതിനേഴായിരത്തിലേറെ സംഘ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതും ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നാം നേരിടുന്ന ശക്തികളെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തില്‍ മുന്നറിയിപ്പു നല്‍കി.

ഗാന്ധിജിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന നേതാവ് തനിക്ക് അനുശോചനസന്ദേശം അയച്ചതും അതേ സമയം ഗാന്ധിവധത്തില്‍ സന്തോഷിച്ച് മധുരപലഹാരം വിതരണം ചെയ്തതും നെഹ്‌റു വെളിപ്പെടുത്തി. ഈ ഗുരുതര സ്ഥിതിവിശേഷം ഉള്‍ക്കൊണ്ട് ഭരണതലത്തില്‍നിന്നടക്കം ആ പൈശാചിക ശക്തികളെ പിഴുതെറിയാന്‍ നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

അന്നും ഇന്നും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് തെളിയിക്കുകയാണ് ആര്‍.എസ്.എസും ജനസംഘത്തിന്റെ തുടര്‍ച്ചയായ ബി.ജെ.പിയും ചെയ്യുന്നത്. ആ വൈരുദ്ധ്യത്തിന് പ്രധാനമന്ത്രിയും ആര്‍.എസ്.എസ് സര്‍സംഘ് ചാലകും പുതിയൊരു മുഖംകൂടി നല്‍കി. ഗാന്ധിജിയെ വിഗ്രഹവത്ക്കരിച്ച പുതിയ നീക്കത്തിലൂടെ. അതിന്റെ മറുവശത്ത് നാഥുറാം ഗോഡ്‌സെയെ രാഷ്ട്രപിതാവിനു പകരംവെക്കുകയും ഗാന്ധിജിയെ രാജ്യദ്രോഹിയെന്ന് അവഹേളിക്കുകയും ചെയ്തുകൊണ്ട്.

എന്തിന് ഗാന്ധിജിയെ വധിച്ചെന്ന നാഥുറാം ഗോഡ്‌സെയുടെ കോടതിയിലെ വെളിപ്പെടുത്തല്‍ രാജ്യത്താകെ ഈ സന്ദര്‍ഭത്തില്‍ ഒരു പുനര്‍വായന ആവശ്യപ്പെടുന്നു. ഗോഡ്‌സെയുടെ നിലപാടുകള്‍ വെളിപ്പെടുത്തുന്നതിനേക്കാളേറെ ആര്‍.എസ്.എസിന്റെയും മോദി ഗവണ്മെന്റിന്റെയും വിനാശകരമായ ദേശ-വിദേശ നയ-നിലപാടുകളും അതില്‍ ഒളിഞ്ഞുകിടപ്പുള്ള അതിനിഗൂഢ ലക്ഷ്യങ്ങളും മനസ്സിലാക്കാന്‍ ഇതനിവാര്യമാണ്:

ആര്‍.എസ്.എസിന്റെ ജാതിവിരുദ്ധ പ്രസ്ഥാനത്തില്‍ പരസ്യമായി ചേര്‍ന്ന, ഹിന്ദുമതത്തില്‍ അഭിമാനംകൊള്ളുന്ന ഒരു ബ്രാഹ്മണ കുടുംബാംഗമാണ് താനെന്ന് നാഥുറാം ഗോഡ്‌സെ 1949 മെയ് 5ന് കോടതിമുമ്പാകെ നല്‍കിയ പ്രസ്താവനയുടെ ആദ്യ ഖണ്ഡികയില്‍ വെളിപ്പെടുത്തുന്നു.

ഹിന്ദുത്വത്തിനുവേണ്ടി മാതൃരാജ്യത്തെ സേവിക്കുകയാണ് തന്റെ ആദ്യ ചുമതലയെന്നും വീര്‍ സവര്‍ക്കറുടെ വീരാരാധകനായിരുന്ന ഗോഡ്‌സെ പറഞ്ഞു. ഗാന്ധിജിയാണ് ഹിന്ദുക്കളുടെയും അഖണ്ഡഭാരതത്തിന്റെയും മുഖ്യ ശത്രുവെന്നു വിശ്വസിക്കുന്നു.

ഗാന്ധിജിയുടെ എല്ലാ പരീക്ഷണങ്ങളും ഹിന്ദുക്കളുടെ ചെലവിലായിരുന്നു.

കഴിഞ്ഞ 32 വര്‍ഷങ്ങളില്‍ ഗാന്ധിജി സൃഷ്ടിച്ച പ്രകോപനങ്ങളുടെ പാരമ്യമാണ് മുസ്ലിംങ്ങള്‍ക്കനുകൂലമായി അദ്ദേഹം നടത്തിയ അവസാന ഉപവാസം.

ഗാന്ധിജിയുടെ കഥ ഉടനെ കഴിക്കേണ്ടത് അത്യാവശ്യമായി. അതിനുള്ള കാരണങ്ങളും ഗോഡ്‌സെ നിരത്തി:

  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിജിയുടെ അനുമതിയോടെയാണ് രാജ്യം പിളര്‍ത്തിയത്.
  • സത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പേരില്‍ ഈ മഹാ യുദ്ധവിരോധി രാജ്യത്ത് പറഞ്ഞാല്‍തീരാത്ത ദുരന്തങ്ങളാണ് സൃഷ്ടിച്ചത്.
  • ഗാന്ധിജിയുടെ മുസ്ലിം അനുകൂല നയത്തിന് മറ്റൊരു ഉദാഹരണമാണ് ഹിന്ദിക്കു പകരം ലിപിയും വ്യാകരണവും ഇല്ലാത്ത ഹിന്ദുസ്ഥാനിയെ അദ്ദേഹം അംഗീകരിച്ചത്.
  • ഗാന്ധിജി ഇല്ലാതായാല്‍ ഇന്ത്യന്‍ രാഷ്ട്രീയം പ്രായോഗികമായിത്തീരും. പകരം വീട്ടാനാകും. സൈനിക ശക്തിയോടെ രാജ്യം ശക്തമാകും. പാക്കിസ്താന്റെ ആക്രമണത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാകും.
  • രാഷ്ട്രപിതാവെന്ന നിലയ്ക്ക് ഗാന്ധിജി പരാജയപ്പെട്ടു. പാക്കിസ്താന്റെ പിതാവെന്ന് തെളിയിച്ചു.
  • ലക്ഷക്കണക്കായ ഹിന്ദുക്കളുടെ നാശത്തിനിടയാക്കിയ നയങ്ങളുടെ ഉടമയായ വ്യക്തിയെയാണ് ഇരുകൈകളിലും ധൈര്യം സംഭരിച്ച് താന്‍ വെടിവെച്ചത്. അത്തരമൊരു കുറ്റവാളിയെ ശിക്ഷിക്കാനുള്ള ഒരു നിയമസംവിധാനവും ഇല്ലെന്ന ബോധ്യത്തിലാണ് ആ മാരകവെടികള്‍ ഉതിര്‍ത്തത്.
  • മുസ്ലിംങ്ങള്‍ക്കനുകൂലമായ നിലപാടെടുത്ത നിലവിലെ ഗവണ്മെന്റിനോട് തനിക്കൊട്ടും ആദരവില്ല. വ്യക്തികളോട് വിരോധവുമില്ല. ഗാന്ധിജിയുടെ സാന്നിധ്യമാണ് സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് പൂര്‍ണ്ണമായും കാരണം. അതിന്റെ അടിസ്ഥാനത്തിലുള്ള തന്റെ നടപടിക്കെതിരെ എല്ലാ ഭാഗത്തുനിന്നും ഉയരുന്ന വിമര്‍ശനം കണക്കാക്കുന്നില്ല. തന്റെ കൃത്യത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള വിശ്വാസത്തിന് അത് തെല്ലും കോട്ടമുണ്ടാക്കിയിട്ടുമില്ല. ഭാവിയില്‍ സത്യസന്ധരായ ചരിത്രകാരന്മാര്‍ തന്റെ നടപടിയെ വിലയിരുത്തും.
    അതിന്റെ യഥാര്‍ത്ഥമൂല്യം കണ്ടെത്തും.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ നടപ്പാക്കുകയാണെന്നാണ് രണ്ടാംതവണ അധികാരത്തില്‍വന്ന മോദി ഗവണ്മെന്റും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെടുന്നത്. എന്തിനു ഞാന്‍ ഗാന്ധിയെ കൊന്നു എന്ന നാഥുറാം ഗോഡ്‌സെയുടെ കുറ്റമേറ്റു പറച്ചിലിന്റെ അന്തസത്തയായ ഹിന്ദുത്വ രാഷ്ട്രീയമാണ് പക്ഷെ, അവര്‍ നടപ്പാക്കുന്നത്. ജമ്മു-കശ്മീരിലും ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിലും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും, പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം പിന്‍വലിക്കേണ്ടിവന്ന ഹിന്ദി ദേശീയഭാഷയാക്കണമെന്ന നിലപാടുകളിലൂടെയും.

ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിനെ നിരോധിച്ചത് 1949 ജൂലൈ 11ന് നീക്കി. ആഭ്യന്തരമന്ത്രി പട്ടേലിനു നല്‍കിയ ഉറപ്പുകളുടെയും കേന്ദ്ര സര്‍ക്കാറുമാ യുണ്ടാക്കിയ കരാറിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്. രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കും. അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കില്ല. സാമൂഹിക- സാംസ്‌ക്കാരിക രംഗത്തുമാത്രമേ പ്രവര്‍ത്തിക്കൂ. ഇവ ഉറപ്പുനല്‍കുന്ന സംഘിന്റെ കരട് ഭരണ ഘടനയും സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. സാമൂഹിക സാംസ്‌ക്കാരിക രംഗത്തുമാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഭരണഘടനയുടെ നാലാം അനുച്ഛേദത്തില്‍ വ്യക്തമാക്കി യിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായിരുന്ന ആര്‍.എസ്.എസിന്റെ രണ്ടാം സര്‍സംഘ് ചാലക് എം.എസ് ഗോള്‍വാള്‍ക്കറെ വിട്ടയച്ചതും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നിരോധനം നീക്കിയതും. പ്രവര്‍ത്തനത്തില്‍ സുതാര്യതയും മൂന്നുവര്‍ഷത്തിലൊരിക്കല്‍ സംഘടനാ തെരഞ്ഞെടുപ്പും നടത്തുമെന്നും വ്യവസ്ഥചെയ്തിരുന്നു.

1925ല്‍ രൂപീകരിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് എഴുതപ്പെട്ട ഭരണഘടന 1949 ആഗസ്റ്റ് 1നാണ് അംഗീകരിച്ചത്. പക്ഷെ, സംഘിന്റെ ഹിന്ദുത്വ-വര്‍ഗീയ- മുസ്ലിംവിരുദ്ധ രാഷ്ട്രീയ അജണ്ട നടപ്പാക്കത്തക്ക തരത്തില്‍ ഭരണഘടനയില്‍ പിന്നീട് ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്നു പറഞ്ഞ ആര്‍.എസ്.എസ് ജനസംഘത്തിലൂടെയും അത് ജനതാ പാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിക്കു രൂപം നല്‍കി അതിലൂടെയും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ പതാകയും ഇന്ത്യന്‍ ഭരണഘടനയും അംഗീകരിക്കാത്ത ആര്‍.എസ്.എസ് ബി.ജെ.പിയെ മുന്‍നിര്‍ത്തിയാണ് ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇപ്പോള്‍ അമ്മാനമാടുന്നത്. പാര്‍ലമെന്റിലെ ഭൂരിപക്ഷവും മിക്ക ഭരണഘടനാ സ്ഥാപനങ്ങളും രണ്ടാംവരവില്‍ കയ്യടക്കിത്തുടങ്ങിയതിന്റെ പിന്‍ബലത്തിലുമാണത്.

പ്രധാനമന്ത്രി മോദിയുടെ ഗാന്ധിലേഖനത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കാന്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ വായനക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രസിദ്ധീകരിച്ച ഉടന്‍തന്നെ പ്രതികരണങ്ങളും പ്രവഹിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കുമിടയില്‍ അസഹിഷ്ണുതയുടെ വിത്ത് വിതയ്ക്കുന്നത് മോദിയുടെ ഗവണ്മെന്റുതന്നെയാണെന്ന് ആദ്യ പ്രതികരണത്തില്‍ പറഞ്ഞു. ‘ഇന്ത്യയ്ക്ക്, താങ്കളുടെ സര്‍ക്കാറിന് ഗാന്ധിജിയുടെ മൂല്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയുമോ’ എന്ന ചോദ്യത്തോടെ.

സര്‍ക്കാര്‍ അനുമതിയോടെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്ന ഭയാനകമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നാണ് പല പ്രതികരണങ്ങളിലും ഉയര്‍ന്നത്. ദേശീയ സ്വാശ്രയത്തിലൂന്നിയുള്ള വികസന മാതൃകയാണ് ഗാന്ധിജി പഠിപ്പിച്ചത്. ബഹുരാഷ്ട്ര കോര്‍പ്പറേഷന്റെ കനത്ത വിദേശ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് മോദിയുടെ വികസനമെന്ന് മറ്റൊരു കത്തില്‍ പറഞ്ഞു.

മോദി ഇപ്പോള്‍ നയിക്കുന്ന പ്രസ്ഥാനത്തിലെ ഹിന്ദുത്വ ദേശീയവാദിയാണ് ഗാന്ധിയെ വധിച്ചതെന്നുകൂടി ചിന്തിക്കണമെന്ന് മറ്റൊരുകത്തില്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് പരസ്യമായി പുറന്തിരിഞ്ഞിരിക്കുന്ന ശ്രീ മോദിയുടെ പാര്‍ട്ടിക്ക് ഗാന്ധി ഒരിക്കലും തന്റെ പിന്തുണ നല്‍കുമായിരുന്നില്ലെന്ന് മറ്റൊരു പ്രതികരണത്തിലും ചൂണ്ടിക്കാട്ടി.

മോദിക്കെതിരായ വിമര്‍ശനങ്ങള്‍കണ്ട് പ്രതികരണങ്ങള്‍ അവസാനിപ്പിച്ചതായി പിറ്റേന്നുതന്നെ ന്യൂയോര്‍ക്ക് ടൈംസ് പരസ്യപ്പെടുത്തി.

‘ഗാന്ധി മഹാരാജ്’ എന്നൊരു കവിതതന്നെ ഗാന്ധിജിയെക്കുറിച്ച് രവീന്ദ്രനാഥ് ടാഗോര്‍ എഴുതി. ഗാന്ധിജിയുടെ അനുയായികള്‍ ആരെന്ന് വിശദീകരിച്ച്:
പിച്ചച്ചട്ടിയില്‍നിന്ന് കയ്യിട്ടുവാരാത്തവര്‍. പണക്കാരന്റെ ഹുങ്കിനുമുമ്പില്‍ മുട്ടുമടക്കാത്തവര്‍. ശിക്ഷാ നിയമത്തെ വളച്ചൊടിക്കാത്തവര്‍….

ജി.എസ്.ടി ഏര്‍പ്പെടുത്തി പാവപ്പെട്ടവരുടെ പിച്ചച്ചട്ടിപോലും തകര്‍ക്കുകയും റിസര്‍വ്വ് ബാങ്കിലെ കരുതല്‍ധനം പിടിച്ചുവാങ്ങി കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുകയും ചെയ്യുന്നതാണ് പക്ഷെ, മോദിഭരണം. അമേരിക്കക്കാര്‍തന്നെ തള്ളിപ്പറയുന്ന പ്രസിഡന്റ് ട്രംപിന്റെ ഭ്രാന്തമായ സാമ്പത്തിക നയങ്ങള്‍ക്കും സൈനിക കൂട്ടുകെട്ടിലുമാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.

ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ സംഗമത്തിനുശേഷം യു.എസ് ഊര്‍ജ്ജവ്യവസായ മേഖലയിലെ സി.ഇ.ഒമാരെയാണ് മോദി കണ്ടത്. ടെക്‌സാസിലെ എണ്ണ ഭീമന്‍ കമ്പനിയായ ടെല്ലൂരിയനുമായി ഇന്ത്യ ഒരു കരാറില്‍ ഒപ്പിട്ടു. അവര്‍ അവിടെ ഉല്പാദിപ്പിക്കുന്ന സ്വാഭാവിക ഗ്യാസിന് ഇന്ത്യ പണംനല്‍കി സഹായിക്കും. അവരുടെ ഉല്പന്നം വിലകൊടുത്ത് വാങ്ങിക്കൊണ്ടുപോകും. മഹാത്മാഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിലെ ഒരു കമ്പനിയാണ് ഇന്ത്യയ്ക്കുവേണ്ടി വാതകം വാങ്ങുന്നത്.

ഡൊണാള്‍ഡ് ട്രംപും മോദിയും പങ്കെടുത്ത ഹൂസ്റ്റണിലെ പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ടെല്ലൂരിയന്‍ ആയിരുന്നു.

പ്രധാനമന്ത്രിയുടെ പാര്‍ട്ടിയധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചത് എല്ലാ മതങ്ങള്‍ക്കും ഇന്ത്യയില്‍ സുരക്ഷിതത്വം നല്‍കുമെന്നാണ്. പക്ഷെ, അദ്ദേഹം നീട്ടിയ പട്ടികയില്‍ മുസ്ലിംങ്ങളെ ഒഴിവാക്കിയിരിക്കുന്നു എന്നുമാത്രം. മഹാത്മാഗാന്ധിയുടെ ഈ പുതിയ അനുയായികള്‍ ടാഗോര്‍ പറഞ്ഞതുപോലെയല്ല ഇപ്പോള്‍ എന്ന് വ്യക്തം.

LEAVE A REPLY