ജമ്മു-കശ്മീരിലെ കപട പ്രഹസനങ്ങള്‍ അപ്പുക്കുട്ടൻ വള്ളിക്കുന്ന് ബ്ലോഗിൽ

കൊച്ചി: യൂറോപ്യൻ യൂണിയൻ എംപിമാരുടെ കശ്മീർ സന്ദർശനത്തിനെതിരെ ദേശാഭിമാനി മുൻ അസോ എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ബ്ലോഗ്. അനൗദ്യോഗിക പ്രതിനിധികളെന്ന നിലയില്‍ 23 എം.പിമാരുടെ സംഘം സന്ദര്‍ശിച്ചപ്പോള്‍ ജമ്മു-കശ്മീരില്‍ ചരിത്രത്തിന്റെ രണ്ടാംവരവ് ഏറെ കപടവും അപഹാസ്യവുമായെന്നും അദ്ദേഹം ബ്ലോഗിൽ പറയുന്നു

ബ്ലോഗിന്റെ പൂർണ രൂപം:

കാള്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ ജമ്മു-കശ്മീരില്‍ ചരിത്രം രണ്ടാമത് അപഹാസ്യമായ പ്രഹസനമായി അവതരിക്കുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2019 ആഗസ്റ്റ് 5നും ഒക്‌ടോബര്‍ 31നും അതാദ്യം കണ്ടുതുടങ്ങി. ഒക്‌ടോബര്‍ 30ന് യൂറോപ്യന്‍ യൂണിയന്റെ അനൗദ്യോഗിക പ്രതിനിധികളെന്ന നിലയില്‍ 23 എം.പിമാരുടെ സംഘം സന്ദര്‍ശിച്ചപ്പോള്‍ ജമ്മു-കശ്മീരില്‍ ചരിത്രത്തിന്റെ രണ്ടാംവരവ് ഏറെ കപടവും അപഹാസ്യവുമായി. അന്താരാഷ്ട്ര വ്യാപാര ബ്രോക്കറും ഇന്ത്യന്‍ വംശജയുമായ ഒരു വിദേശവനിത പ്രധാനമന്ത്രി മോദിയുടെ ഓഫീസിന്റെ (പി.എം.ഒ) മുന്‍കൈയിലും വിദേശ മന്ത്രാലയത്തിന്റെ ചെലവിലുമാണ് ഈ സ്‌പോണ്‍സേര്‍ഡ് സന്ദര്‍ശനം ഒരുക്കിയതെന്ന് വെളിപ്പെടുകയും ചെയ്തതോടെ.

1947 ഒക്‌ടോബര്‍ 26നായിരുന്നു ജമ്മു-കശ്മീര്‍ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത്. 72 വര്‍ഷങ്ങള്‍ക്കുശേഷം അമിതാധികാരമുപയോഗിച്ച് മോദി ഗവണ്മെന്റ് ജമ്മു-കശ്മീരിനുമേല്‍ ഒരു കപടചരിത്രം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒക്‌ടോബര്‍ 31ന് മുന്‍ ആഭ്യന്തരമന്ത്രി വല്ലഭായി പട്ടേലിന്റെ ജന്മദിനത്തില്‍ ജമ്മു-കശ്മീരിനെ രണ്ടായി കീറിമുറിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പുരോഗതിയുടെയും പുതിയ ചരിത്രത്തിലേക്ക് നയിക്കുകയാണെന്നുപറഞ്ഞ്.

2019 ആഗസ്റ്റ് 3ന് ജമ്മു-കശ്മീര്‍ സംസ്ഥാനത്തെയാകെ ഭരണകൂട ഭീകരതയുടെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെയും ഉരുക്കുമുഷ്ടികളിലാക്കിയതിന്റെ ലക്ഷ്യമിതായിരുന്നെന്ന് രണ്ടുദിവസം കഴിഞ്ഞ് രാജ്യസഭയിലെ ഗൂഢനീക്കത്തി ലൂടെയാണ് തിരിച്ചറിഞ്ഞത്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയും ഭരണഘടനയും നിയമസഭയും മറ്റും എടുത്തുകളയുകയാണെന്ന്.

എന്നാല്‍ പാര്‍ലമെന്റിലെ രണ്ടുദിവസത്തെ ഈ ഭരണഘടനാ നടപടികള്‍ ക്കിടയില്‍തന്നെ ആഗസ്റ്റ് 7ന് ജമ്മു-കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള എം.പിമാരെ ക്ഷണിച്ച് മാഡി ശര്‍മ്മ എന്ന ആഗോള വ്യാപാര ബ്രോക്കര്‍ ബല്‍ജിയത്തിലെ ബ്രസല്‍സ് എന്ന തന്റെ ആസ്ഥാനത്തുനിന്ന് എഴുതി ക്കഴിഞ്ഞിരുന്നു! ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള അഭിമുഖവും ജമ്മു-കശ്മീര്‍ യാത്രയും സൗജന്യമായി വാഗ്ദാനംചെയ്ത്.

ഇരുസഭകളുടെയും പ്രതിപക്ഷ നേതാക്കള്‍ക്കും പ്രതിപക്ഷപാര്‍ട്ടി എം.പിമാര്‍ക്കും ജമ്മു-കശ്മീരില്‍ പ്രവേശനം നിഷേധിക്കുകയും സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരെയും ബി.ജെ.പി ഒഴിച്ചുള്ള പ്രതിപക്ഷ നേതാക്കളെയും വീട്ടുതടങ്കലിലും ജയിലിലും അടക്കുകയും ചെയ്തപ്പോഴായിരുന്നു ഇത്. ദേശീയ സുരക്ഷിതത്വവും പരമാധികാരവും തകര്‍ക്കുന്ന അസാധാരണ തീക്കളിയാണ് മൂന്നുമാസക്കാലമായി ജമ്മു-കശ്മീരില്‍ പ്രധാനമന്ത്രി മോദിയും പി.എം.ഒ സംഘവും നടത്തുന്നത്.

ഇതെല്ലാം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്ത് രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച സര്‍ദാര്‍ പട്ടേലിന്റെ സ്മരണയ്ക്കുള്ള ബഹുമതിയായാണ് മോദി സര്‍ക്കാര്‍ വാഴ്ത്തുന്നത്. നെഹ്‌റു ഗവണ്മെന്റില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന പട്ടേലിനെ പുതിയ ചരിത്രത്തിലേക്ക് രാഷ്ട്രീയ ദത്തെടുക്കാന്‍ ബി.ജെ.പി ജമ്മു-കശ്മീരിനെ ഉപയോഗിക്കുകയാണ് ചെയ്തത്.

ഭൂമിശാസ്ത്രപരമായ ചേര്‍ച്ചയല്ല, സാംസ്‌ക്കാരികമായ അടിത്തറയാണ് ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന്റെ മാനദണ്ഡം. 1956 നവംബര്‍ 1ന്റെ ആ ചരിത്ര വാര്‍ഷികത്തിന് 24 മണിക്കൂര്‍മുമ്പാണ് ജമ്മു-കശ്മീരില്‍ യഥാര്‍ത്ഥത്തില്‍ ഭരണഘടനയെയും ജനാധിപത്യത്തെയും വെട്ടിമുറിച്ചത്.

കാള്‍ മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയപോലെ കപടമായ ഈ പ്രഹസനത്തിന്റെ തിരക്കഥയുടെ ആദ്യഭാഗം മാത്രമായിരുന്നു അത്. ഈ രാഷ്ട്രീയ തിരക്കഥ പ്രധാനമന്ത്രി മോദിക്കുവേണ്ടി ഒരുക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസിലെ തന്ത്രപരമായ
നയഗ്രൂപ്പിന്റെ (എസ്.പി.ജി) ചെയര്‍മാന്‍കൂടിയായ ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലാണെന്നും ഇപ്പോള്‍ വെളിപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രി മോദിയെയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും അജിത് ഡോവലിനെതന്നെയും സന്ദര്‍ശിച്ച് ജമ്മു-കശ്മീര്‍ നടപടിയെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണവും വിരുന്നും ഭുജിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സംഘം ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചതും ഉല്ലസിച്ച് തിരിച്ചുപോയതും.

ജമ്മു-കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യൂറോപ്പിലും യു.എസിലും അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങിയപ്പോഴാണ് മോദി ഗവണ്മെന്റിന്റെ മുഖംരക്ഷിക്കാന്‍ നീക്കമുണ്ടായത്. യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ കേട്ടുകേള്‍വിയില്ലാത്ത സ്‌പോണ്‍സേര്‍ഡ് സന്ദര്‍ശനം ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജ മാഡി ശര്‍മ്മ ബ്രസല്‍സ് കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്തത്. യൂറോപ്യന്‍ യൂണിയന്റേയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെയായിരുന്നു ഈ സന്ദര്‍ശനം. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന ഏഴ് പതിറ്റാണ്ടിലേറെ തുടരുന്ന നിലപാടുപോലും കാറ്റില്‍പറത്തിക്കൊണ്ട്.

ഇതോടെ ജമ്മു-കശ്മീര്‍ പ്രശ്‌നത്തിനപ്പുറം മറ്റൊരു വിവാദം മോദിക്കുനേരെ ഉയര്‍ന്നിട്ടുണ്ട്. മന്‍മോഹന്‍ സിംഗിന്റെ യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് സുപ്രിംകോടതിയില്‍ വന്ന 2ജി സ്‌പെക്ട്രം സംബന്ധിച്ച നീരാ റാഡിയ എന്ന ഇന്ത്യന്‍ വംശജയുടെ ടേപ്പ് വിവാദം മാഡി ശര്‍മ്മ സംഭവം ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി യു.പി.എ മന്ത്രിമാരുടെ വകുപ്പുകള്‍പോലും നീരാ റാഡിയ നിശ്ചയിച്ചു. അന്താരാഷ്ട്ര കോര്‍പ്പറേറ്റുകളെയും ഭരണത്തലവന്മാരെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ബന്ധിപ്പിക്കുന്ന ഒരു വ്യാപാരി ബ്രോക്കറാണ് നമ്മുടെ പ്രധാനമന്ത്രിയുടെ വിശ്വസ്തയായി ജമ്മു-കശ്മീര്‍ പ്രശ്‌നത്തില്‍ കൈകടത്തിയത്. ആരാണിവര്‍, പ്രധാനമന്ത്രിയും ബി.ജെ.പിയുമായി ഈ വിദേശ വനിതയ്ക്ക് എന്തു ബന്ധമാണ് എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയില്‍നിന്നും ബി.ജെ.പിയില്‍നിന്നും ഇനിയും വിശദീകരണമുണ്ടായിട്ടില്ല.

മോദി ഗവണ്മെന്റിനുവേണ്ടി ബ്രിട്ടനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂറോപ്യന്‍ യൂണിയനിലെ എം.പി ക്രിസ് ഡേവീസിനെ ഈ സംഘത്തില്‍ മാഡി ശര്‍മ്മ ഉള്‍പ്പെടുത്തിയില്ല. പൊലീസിന്റെയോ പട്ടാളത്തിന്റെയോ സുരക്ഷാ ഭടന്മാരുടെയോ അകമ്പടി കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ജമ്മു-കശ്മീരില്‍ തനിക്ക് താല്പര്യമുള്ളവരെ കണ്ടു സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യ പ്പെട്ടതാണ് കാരണം. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണു.

സംസ്ഥാനത്തെ ഭൂരിപക്ഷ ജനങ്ങളുടെ ഭാഷയായ കശ്മീരിയുടെ അടിത്തറയില്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി ഇന്ത്യയുടെ നെറ്റിപ്പട്ടമായി ഉയര്‍ന്നുനിന്നിരുന്നു ജമ്മു-കശ്മീര്‍. കഴിഞ്ഞ ഒക്‌ടോബര്‍ 31ഓടെ ദേശീയ അന്താരാഷ്ട്ര ഭൂപടത്തില്‍നിന്ന് ആ തിലകക്കുറി മാഞ്ഞു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരായ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ ലഡാക്കിലും ശ്രീനഗറിലുമിരുന്ന് കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തികളായി രണ്ടാക്കിമുറിച്ച സംസ്ഥാനത്തിന്റെ കേന്ദ്രഭരണ പ്രദേശങ്ങളെ ഭരിച്ചുതുടങ്ങി. രാജാ ഹരിസിംഗും ഷെയ്ഖ് അബ്ദുള്ളയും ഇന്ത്യന്‍ യൂണിയനോടു ചേര്‍ത്ത ജമ്മു-കശ്മീരിലെ ഇന്ത്യന്‍ പൗരന്മാരുടെ സ്വത്വവും അന്തസും സംസ്‌ക്കാരവും ആത്മാഭിമാനവും സ്വാതന്ത്ര്യവും ഡല്‍ഹിയിലെ ബാദുഷമാര്‍ കൊള്ളയടിച്ചു.

ജമ്മു-കശ്മീരിലെ കേന്ദ്ര നടപടികളെ ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ച, ഏകപക്ഷീയമായി ബി.ജെ.പി അധികാരകേന്ദ്രങ്ങളുടെ പിന്തുണയോടെ മത്സരിച്ച തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും പരാജയപ്പെട്ടു. സ്വതന്ത്രന്മാരാണ് വിജയിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ ബി.ജെ.പിയോടുള്ള സമീപനം വ്യക്തം.

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെ തുല്യതയുടെയും പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ അട്ടിമറിയാണ് ജമ്മു-കശ്മീരിലേത്. അതിന്റെ തുടക്കം ജനങ്ങളെ വീട്ടുതടങ്കലിലാക്കി കര്‍ഫ്യൂവും സൈനിക ഉപരോധവും ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു. സംസ്ഥാനത്ത് ജനങ്ങളുടെയാകെ മൗലികാവകാശങ്ങള്‍ നിഷേധിച്ചതിനെതിരെ സമീപിച്ചപ്പോള്‍ ഇടപെടാന്‍ സുപ്രിംകോടതിപോലും വിസമ്മതിച്ചു. ജനജീവിതം സാധാരണ നിലയിലാക്കാന്‍ കുറച്ചുകൂടി സാവകാശം സര്‍ക്കാറിന് നല്‍കണമെന്നു പറഞ്ഞ്.

അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു കീഴില്‍ രണ്ടുദിവസമായി കശ്മീരിനെ മുക്കിത്താ ഴ്ത്തുകയാണെന്ന് പറഞ്ഞ് രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അതു തടഞ്ഞ് ശൂന്യവേളപോലും റദ്ദാക്കി. സഭാ നടപടി അംഗങ്ങളെ രണ്ടുദിവസം മുന്‍കൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയും ഉപരാഷ്ട്രപതികൂടിയായ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു റദ്ദാക്കി. സഭാ ചട്ടമനുസരിച്ച് ക്രമപ്രശ്‌നം ഉന്നയിക്കുന്നതുപോലും തടഞ്ഞ് സര്‍ക്കാറിന്റെ രഹസ്യ അജണ്ടയ്ക്ക് അവസരമൊരുക്കി.

സഭാ നടത്തിപ്പു സംബന്ധിച്ച ഉപദേശക സമിതി മൂന്നുദിവസംമുമ്പ് അംഗീകരിച്ച ജമ്മു-കശ്മീര്‍ സംവരണ ഭേദഗതിനിയമം എന്ന അജണ്ടയുടെ തുടര്‍ച്ചയായാണ് ജമ്മു-കശ്മീര്‍ പുന:സംഘടനാ ബില്ലും 370-#ാ#ം വകുപ്പ് എടുത്തുകളയുന്ന പ്രമേയവും ജമ്മു-കശ്മീര്‍ പുനസംഘടനാബില്‍ സംബന്ധിച്ച സ്റ്റാറ്റിയൂട്ടറി പ്രമേയവും ഒറ്റയടിക്ക് സഭയില്‍ അവതരിപ്പിച്ചത്. ഇവ വായിച്ചുപഠിക്കാനുള്ള അംഗങ്ങളുടെ ഭരണഘടനാ അവകാശം സഭാധ്യക്ഷന്‍ ഏകപക്ഷീയമായി റദ്ദാക്കി.

മുമ്പ് 38 -ാം ഭരണഘടനാ ഭേദഗതിബില്‍ അവതരിപ്പിച്ച് ഇന്ദിരാഗാന്ധി ഗവണ്മെന്റ് അങ്ങനെ ചെയ്തിട്ടുണ്ടെന്നും അടിയന്തരാവസ്ഥയില്‍ മുപ്പത്തിമൂന്ന് തവണ ഈ ലംഘനം തുടര്‍ന്നിട്ടുണ്ടെന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ന്യായീകരിച്ചു. സഭാ നടത്തിപ്പ് സംബന്ധിച്ച 266-ാം ചട്ടമനുസരിച്ച് സഭാധ്യക്ഷന് അംഗങ്ങളുടെ സവിശേഷ അവകാശം റദ്ദുചെയ്യാന്‍ അധികാരമുണ്ടെന്നും അതു ചെയ്യണമെന്നും പാര്‍ലമെന്ററികാര്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ജമ്മു-കശ്മീരിനുവേണ്ടി മറ്റൊരു അടിയന്തരാവസ്ഥ സംസ്ഥാനത്തു മാത്രമല്ല പാര്‍ലമെന്റിലും നടപ്പാക്കുകയാണെന്ന് അഭിമാനത്തോടെ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടു. അതിനുള്ള അനുമതി ജനങ്ങള്‍ തങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശങ്ങളായി വെട്ടിമുറിക്കപ്പെട്ട ജമ്മു-കശ്മീരിന്റെ ഇന്നത്തെ അവസ്ഥ അടിയന്തരാവസ്ഥയില്‍ ഇന്ത്യ കഴിഞ്ഞതിലും ഭീകരമാണ്. പ്രധാനമന്ത്രി നെഹ്‌റു ചെയ്ത പ്രത്യേക പദവി നല്‍കിയ വങ്കത്തം തിരുത്താനെന്നപേരില്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്ന്.

1952 ആഗസ്റ്റ് 25ന് പ്രധാനമന്ത്രി നെഹ്‌റു ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയ്ക്ക് അയച്ച ഒരു കുറിപ്പ് ചരിത്രത്തില്‍നിന്ന് ഇപ്പോള്‍ തലനീട്ടുന്നുണ്ട് : ജമ്മു-കശ്മീരില്‍ സ്ഥിതിഗതികളെ കുറിച്ച് നാലഞ്ചുവര്‍ഷമായി താന്‍ ആലോചിച്ചെത്തിയ നിലപാട് അതില്‍ വ്യക്തമാക്കുന്നു. ഒരു കശ്മീരി എന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും പരമാവധി ലക്ഷ്യബോധത്തോടെയുള്ള നിലപാടാണെന്ന വിശേഷണത്തോടെ.

പാക്കിസ്താന്റെ സൈനിക നിലപാടോ യു.എന്റെ ഇടപെടലോ തന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്ന് വിശദീകരിച്ച് നെഹ്‌റു പറയുന്നു:

…..”പാക്കിസ്താന്‍ കശ്മീരിനെ അധീനപ്പെടുത്തുന്നത് കശ്മീരിന്റെ നാശത്തില്‍ കലാശിക്കുമെന്നാണ് എന്റെ വിശ്വാസം. ജമ്മു വേറിട്ടാല്‍ കശ്മീര്‍ പോകും. കശ്മീര്‍ പോയാല്‍ ജമ്മുവും അപകടത്തിലാകും. ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനത്തെ ഒന്നിച്ചുനിര്‍ത്തുകയാണ് യഥാര്‍ത്ഥ രാഷ്ട്ര തന്ത്രജ്ഞത. വേറിട്ടാലുള്ള അപകടം അവര്‍ ഉള്‍ക്കൊള്ളണം. അതുകൊണ്ട് സ്വയംഭരണാധികാരം നിലനിര്‍ത്തിക്കൊണ്ട് ജമ്മു-കശ്മീര്‍ ഇന്ത്യയ്‌ക്കൊപ്പം നിലക്കൊള്ളുകയാണ് വേണ്ടത്…. “

LEAVE A REPLY