ആദ്യരാത്രി  കോമഡി കുടുംബ ചിത്രം

ഡോ.ജോസ് ജോസഫ്
വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ചിത്രമാണ് ആദ്യരാത്രി. വിവാഹക്കാര്യത്തിൽ  പെണ്ണിന്റെ ഇഷ്ടവും സമ്മതവുമാണ് ഏറ്റവും വലുതെന്നും മറ്റൊന്നും  അതിനു പകരം വെയ്ക്കാനാവില്ലെന്നുമാണ് ആദ്യരാത്രിയിലൂടെ സംവിധായകൻ നൽകുന്ന സന്ദേശം.ഇതു സ്ഥാപിച്ചെടുക്കാനുള്ള സംവിധായകന്റെ ശ്രമങ്ങളാണ് 129 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു കല്യാണത്തിന്റെ തലേ ദിവസം തുടങ്ങുന്ന ചിത്രം മറ്റൊരു കല്യാണത്തിന്റെ ആദ്യരാത്രിയിൽ അവസാനിക്കുന്നു.
കുട്ടനാട്ടിലെ മുല്ലക്കര ഗ്രാമത്തിൽ 22 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുള്ള കല്യാണ ബ്രോക്കറാണ് ‘മാമ ‘ എന്നു കളിയാക്കി വിളിക്കുന്ന മനോഹരൻ (ബിജു മേനോൻ ). വെള്ളി മൂങ്ങയിലെ മാമച്ചനെ പോലെ പ്രായം ഏറിയിട്ടും മനോഹരനും കല്യാണം കഴിച്ചിട്ടില്ല. 22 വർഷം മുമ്പ് മനോഹരന്റെ സഹോദരി (അനു സിത്താര ) കല്യാണത്തലേന്ന് ഒളിച്ചോടുന്നു.അതോടെ മനോഹരന്റെ ജീവിതം വഴി മാറുകയാണ്.. ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിലെ വിവാഹദല്ലാൾ ത്രേസ്യാമ്മയുടെ (പൗളി വൽസൻ) വെല്ലുവിളി ഏറ്റെടുത്ത മനോഹരൻ ഗ്രാമത്തിലെ വിശ്വസ്തനായ കല്യാണ ബ്രോക്കറായി മാറുകയാണ്. എല്ലാം മനോഹരമാക്കാമെന്നാണ് മനാഹരന്റെ വാഗ്ദാനം. ആൾക്കാരെ നന്നാക്കിയെടുക്കലാണ് മറ്റൊരു പണി. സുഹൃത്തായ കുഞ്ഞാറ്റയാണ് (  മനോജ്   ഗിന്നസ് ) മനോഹരന്റെ സഹായി.
ഗ്രാമത്തിലെ അശ്വതി  ട്യൂട്ടോറിയൽ കോളേജിന്റെ  മേൽനോട്ടവും മനോഹര താണ്. ഒരു തരത്തിലുള്ള പ്രേമവും മനോഹരൻ അനുവദിക്കില്ല. കമിതാക്കൾ തമ്മിൽ കൈകൾ കോർക്കുന്നതു കണ്ടാൽ പോലും മനോഹരൻ ഓടിക്കും. കമിതാക്കളുടെ പേടി സ്വപനമാണ് മനോഹരൻ. ബ്രോക്കർ വഴി മാതാപിതാക്കൾ നടത്തുന്ന അറേഞ്ച്ഡ് മാരിയേജാണ് ഏറ്റവും മനോഹരം. വിവാഹം കഴിപ്പിച്ചയക്കുന്ന പെൺകുട്ടികൾ ബ്രോക്കറായിട്ടല്ല,ഏട്ടനായിട്ടാണ് തന്നെ കാണുന്നതെന്നാണ് മനോഹരന്റെ വിശ്വാസം.
മാഷിന്റെ (വിജയരാഘവൻ) കൊച്ചുമകളായ അശ്വതി (അനശ്വര രാജൻ) മനോഹരന് പിറക്കാതെ പോയ മകളെ പോലെയാണ്. നാട്ടിലെ കായൽ രാജാവ് പുത്തൻ പുരയ്ക്കൽ കുഞ്ഞുമോൻ മുതലാളിയുമായി (അജു വർഗീസ്)  ബംഗളുരുവിൽ പഠിക്കുന്ന അശ്വതിയുടെ വിവാഹം അവളുടെ  സമ്മതമില്ലാതെ മനോഹരനും മാഷും ചേർന്ന് ഉറപ്പിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ അശ്വതിയെ മോഹിച്ചിരുന്ന കുഞ്ഞുമോൻ മുതലാളിയുടെ സ്വപ്നഗാനം  ബാഹുബലി -ദേവസേന മോഡലിലാണ്.എന്നാൽ അശ്വതി കോളേജിലെ സത്യയുമായി (സർജാ നോ ഖാലിദ് ) പ്രണയത്തിലാണ്.താനായിട്ടു കൊണ്ടു വന്ന അശ്വതിയുടെ വിവാഹാലോചന താനായിട്ടു തന്നെ മുടക്കേണ്ട ധർമ്മസങ്കടത്തിലായി മനോഹരൻ.അശ്വതിയും കുഞ്ഞുമോൻ മുതലാളിയുമായുള്ള വിവാഹം മുടക്കാനുള്ള മനോഹരന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. എല്ലാം കലങ്ങി തെളിയുമ്പോൾ കുഞ്ഞുമോൻ മുതലാളി മറ്റൊരു സന്ദേശം കൂടി നൽകുന്നു. നമ്മൾ സ്നേഹിക്കുന്ന പെണ്ണിനെയല്ല, നമ്മളെ സ്നേഹിക്കുന്ന പെണ്ണിനെയാണ് കെട്ടേണ്ടതെന്ന്.
സാഹചര്യങ്ങളിലൂടെയും  ചെറിയ സംഭാഷണങ്ങളിലൂടെയുമാണ് ചിത്രത്തിലെ കോമഡി രംഗങ്ങൾ വികസിക്കുന്നത്. ” ബാംഗ്ലൂർക്ക് പോയ പെണ്ണും മുകളിലേക്ക് വിട്ട റോക്കറ്റും ഒരു പോലെയാണെന്നാണ് ” ഒരു സാമ്പിൾ സംഭാഷണം. കസവു മുണ്ടുടുത്ത നാട്ടിൻ പുറത്തുകാരൻ കല്യാണ ബ്രോക്കർ മനോഹരനായി ബിജു മേനോൻ തിളങ്ങുന്നു.അശ്വതിയുടെ വേഷത്തിലെത്തുന്ന അനശ്വര രാജനെ കണ്ടാൽ കുട്ടിത്തം പൂർണ്ണമായും വിട്ടു മാറിയിട്ടില്ലെന്നു തോന്നും. ബ്രോക്കർ ത്രേസ്യാമ്മയുടെ വേഷത്തിൽ പൗളി വൽസൻ തിളങ്ങി. വെള്ളിമൂങ്ങയുടെ അതേ ശൈലിയിലാണ് ആദ്യരാത്രിയും ജിബു ജേക്കബ്ബ് സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിമൂങ്ങയിൽ മാമച്ചന്റെ യാത്ര ഡെൽഹിയിലേക്കായിരുന്നുവെങ്കിൽ ഈ ചിത്രത്തിൽ മനോഹരന്റെ യാത്ര ബംഗളുരുവിലേക്കാണ്. ബിജു മേനോൻ ചിത്രങ്ങളുടെ പൊതു ശൈലി ഈ ചിത്രത്തിലും കാണാം.ജെബിൻ ജോസഫ് ആന്റണിയുടേതാണ് തിരക്കഥ.സാദിഖ് കബീറിന്റെതാണ് ക്യാമറ.സംഗീതം ബിജി ബാൽ. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന കോമഡി ചിത്രമാണ് ആദ്യരാത്രി.
SHARE

LEAVE A REPLY