ശബരിമല ക്ഷേത്രനട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല നട ചൊവ്വാഴ്ച തുറക്കും. യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുമ്പോഴാണ് എടവമാസ പൂജകൾക്കായി വീണ്ടും ശബരിമല നട തുറക്കുന്നത്. മകരവിളക്കിനുശേഷം വിവിധ സമയങ്ങളിലായി 30 ദിവസം നടതുറന്നിരുന്നെങ്കിലും യുവതികളെത്തിയില്ല. ക്ഷേത്രത്തിലെത്താൻ സംരക്ഷണം തേടി പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിച്ചിട്ടുമില്ല. ഇനിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ആചാരലംഘനം വീണ്ടുമുണ്ടാകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

റിവ്യൂ ഹർജിയിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിയായതിനാൽ വിധിയുണ്ടായിട്ടില്ല. യുവതികളെത്തിയാൽ പ്രതിഷേധമോ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാൻ സുരക്ഷ വർധിപ്പിക്കാൻതന്നെയാണ് പോലീസിന്റെ തീരുമാനം.

മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ വാഹനങ്ങൾ പോലീസ് പരിശോധി്ച്ചിരുന്നു. മറ്റ് സംസ്ഥാനത്തുനിന്ന് അറിയാതെ വന്നവരെയും സംശയമുള്ളവരെയും യാത്രാമധ്യേ പോലീസ് തിരിച്ചയയ്ക്കുകയും ചെയ്തു. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

SHARE

LEAVE A REPLY