മുത്തലാഖ് നിയമവും മുസ്ലീമുകളും

മുസ്ലിം സമൂഹത്തിലെ മുത്തലാഖ് എന്ന ദുരാചാരത്തെ നിരോധിക്കുന്ന നിയമത്തെ മുസ്ലിംങ്ങൾ എന്തിന് എതിർക്കണം? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ്സ് കൗണ്‍സിലിന്‍റെ ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു കുറേ നാള്‍ മുമ്പ് എഴുതിയ ഒരു ലേഖനത്തെ പരാമർശിക്കാതെ വയ്യ. മുസ്ലിങ്ങൾ മൂന്നാവശ്യങ്ങൾ സർക്കാരിന് മുന്നില്‍ വക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.എല്ലാ മത വിഭാഗങ്ങള്‍ക്കും ബാധകമായ പൊതു സിവില്‍ കോഡ്, ബുര്‍ഖ നിരാകരണം, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പിരിച്ചുവിടൽ എന്നിവയായിരിക്കണം ഈ ആവശ്യങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

മുസ്ലിം വ്യക്തിഗത നിയമത്തിലെ പരിഷ്ക്കരണങ്ങള്‍ പുരുഷാധിപത്യത്തിലും രാഷ്ട്രീയത്തിലുമാണ്ടുകിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം മുത്തലാഖ് പോലുള്ള ഒരു അപരിഷ്കൃത നിയമം നിരോധിക്കപ്പെടാന്‍ ഏഴു പതിറ്റാണ്ടിലേറെക്കാലം വേണ്ടി വന്നു. അതു കൊണ്ട് തന്നെയാണ് മുത്തലാഖ് നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയപ്പോള്‍ അത് ചരിത്രപരമായ പരിഷ്ക്കാരമെന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ടതും.

ധാരാളം മുസ്ലിം സ്ത്രീകള്‍ മുത്തലാഖ് നിയമം റദ്ദാക്കുന്നതിലേക്കായി സര്‍ക്കാരിലും പാര്‍ലമെന്‍റിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നുവെങ്കിലും അതൊന്നും ഫലവത്തായില്ല. ഖുറാന്‍ അനുവദിക്കുന്നി ല്ലന്ന് അറിയാമായിരുന്നിട്ടു കൂടി മുത്തലാഖ് തടയാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 1985-ലെ ഷാബാനു കേസിനോടനുബന്ധിച്ച് ഉയര്‍ന്ന് വന്ന ശബ്ദങ്ങള്‍ പോലും തകര്‍ക്കപ്പെടുകയായിരുന്നു. രാഷ്ട്രീയ ക്കാരും മുസ്ലിം പുരോഹിതരും സര്‍ക്കാരുകളുമെല്ലാം ഒരുപോലെ ഇതിനുത്തരവാദികളുമായിരുന്നു. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും സമൂഹത്തിലെ മാറ്റം കാണുന്നതില്‍ പരാജയപ്പെട്ടു.

ഇതെല്ലാം ഏകീകൃത സിവില്‍ കോഡെന്ന പ്രഖ്യാപിത പ്രതിബദ്ധതക്കും അപ്പുറത്തേക്കുള്ള അവസരമായി കണ്ട് മുത്തലാഖ് നിയമം നടപ്പാക്കാന്‍ ബി.ജെ.പി. പ്രയോജനപ്പെടുത്തിയെന്നേയുള്ളു.പ്രതീക്ഷിച്ച പോലെ എതിര്‍പ്പുമായി പലരും രംഗത്ത് വന്നു കഴിഞ്ഞു. നിയമത്തിന്‍റെ സാധുതയെ ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും നടക്കുന്നു.

വിവാഹ മോചനം പോലുള്ള ‘സിവില്‍’ പ്രശ്നത്തെ ‘ക്രിമിനല്‍’ കുറ്റമായി കണക്കാക്കുന്നതിനാലാണ് നിയമത്തെ എതിര്‍ക്കുന്നതിന് അവര്‍ പറയുന്ന ഒരു പ്രധാന കാരണം. എന്നാല്‍ അത് പുരുഷനെ ശിക്ഷിക്കുന്നതിന് വേണ്ടിയല്ല മറിച്ച് സ്ത്രീക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് എന്ന മറുവാദത്തോടെ നിയമത്തെ അനുകൂലിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. സുപ്രീം കോടതി നിരോധിച്ചിട്ടു പോലും നിരന്തരം മുത്തലാഖ് നടക്കുന്ന സാഹചര്യത്തില്‍ മുസ്ലിം സ്ത്രീകള്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ ശിക്ഷാ വിധികളൊന്നും തന്നെയില്ലാത്തെ നിയമത്തെ ആരാണ് ഭയപ്പെടുക? പല്ലും നഖവുമുള്ള നിയമത്തെ മാത്രമേ ജനങ്ങള്‍ അനുസ്സരിക്കുകയുള്ളുവെന്നതിനാല്‍ നിയമത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള ശിക്ഷ അനിവാര്യം തന്നെയാണ്.

മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്മയും പുരുഷാധിപത്യ മനോഭാവവും, രാഷ്ട്രീയ പ്രേരിതമായ പക്ഷഭേദവും എല്ലാറ്റിനും ഉപരി ബി.ജെ.പി.സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു നډയും ചെയ്യാത്ത കൂട്ടരാണെന്ന മുന്‍ വിധിയും വച്ചു പുലര്‍ത്തുന്നവരാണ് ഈ നിയമത്തെ എതിര്‍ക്കുന്നത്.

മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകളുടെ, പ്രത്യേകിച്ച് ദരിദ്രരും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സ്ത്രീകളുടെ, ജീവിതത്തെ മാറ്റി മിറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിം സ്ത്രീകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കാനും അവരുടെ ശാക്തീകരണത്തിനും ഈ നിയമം പിന്തുണ നല്‍കും. അതിനാല്‍ എതിര്‍പ്പുകളും മുന്‍ വിധികളും വെടിഞ്ഞ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുകയാണ് മുസ്ലിം മത നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ചെയ്യേണ്ടത്.

LEAVE A REPLY