ഭഗവദ് ഗീതയിലെ ലോകോക്തികൾ (10)

‘ക്ളൈബ്യം മാസ്മഗമഃ പാർത്ഥ
നൈതത്ത്വയ്യുപപദ്യതേ’ (2)] ക്ലൈബ്യാവസ്ഥയാണ് എന്നെ ബാധിച്ചതെന്ന് ഇപ്പോൾ മനസ്സിലായി. ഒരു തരം മൗഢ്യം കാരണം മനോരോഗ ചികിത്സ വല്ലതും വേണ്ടി വരുമോ എന്നു പോലും സംശയിച്ചിരിക്കുകയായിരുന്നു.

” ക്ലീബ ഭാവം പ്രാപിക്കാതിരിക്കൂ, എന്ന ശകാരം തത്ക്കാല ഉത്തേജനത്തിന് സഹായകരമാവുന്നു, വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തുന്നതിൽ നിന്നു രക്ഷിക്കുന്നു.” ഈ വരികൾ ആശ്വാസകരമായി.

പ്രശ്നത്തെ വക തിരിച്ചറിയുന്നതോടെ പകുതിയോളം പരിഹാര നിർവ്വഹണമായെന്ന് വിലയിരുത്താറുണ്ട്. മൗഢ്യത്തിന് മനോരോഗ ചികിത്സ വേണ്ടതുണ്ടോ എന്ന് പിന്നീട് അന്വേഷിക്കാം. തത്ക്കാലം സടകുടഞ്ഞെണീക്കാൻ നിശ്ചയിക്കുക എന്നതാണ് പ്രധാനം. ബോധപൂർവ്വം മൗഢ്യത്തിൽ നിന്നു പുറത്തു കടന്ന ശേഷം മൗഢ്യ കാരണം അന്വേഷിച്ചറിയാൻ ഉദ്യമിക്കാവുന്നതാണ്. മാറി നിന്നു നോക്കുമ്പോൾ സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് കൂടുതൽ സ്പഷ്ടത നേടാൻ സാധിക്കും. നല്ലൊരു ശതമാനം വൈകാരിക പ്രയാസങ്ങളും ഉചിതമായ ബൗദ്ധീക ഇടപെടലുകൾ കൊണ്ട് നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ. മൗഢ്യത്തിൽ അഥവാ ക്ലീബാവസ്ഥയിൽ ഒരു തരം സുരക്ഷിതത്വബോധം അനുഭവപ്പെട്ടു തുടങ്ങിയാൽ അതിനെ മറികടക്കൽ എളുപ്പമാവില്ല. ആലോചിച്ചു ഉറപ്പിച്ചു മാത്രം ഒരു പ്രവൃത്തിയിലേക്ക് പ്രവേശിക്കുക എന്നൊരർത്ഥം കൂടി ഈ വരികൾക്ക് കൽപ്പിക്കാമോ?

പ്രത്യക്ഷത്തിൽ അങ്ങിനെ ഒരർത്ഥം നൽകാൻ പറ്റുമെന്നു തോന്നുന്നില്ല. പരോക്ഷമായി ആലോചനയില്ലായ്മ കൊണ്ടാണ് ക്ലീബഭാവത്തിലേക്ക് ഒരാൾ തെന്നിപ്പോവുന്നത് എന്ന അർത്ഥത്തിൽ ‘ക്ലൈബ്യത്തെ പ്രാപിക്കാതിരുന്നാലും ‘ എന്ന ആഹ്വാനത്തിന് എല്ലാതലങ്ങളും ആലോചിക്കൂ എന്ന ധ്വനിയുള്ളത് പരിഗണിക്കാം. ആലോചനയില്ലായ്മ അനാവശ്യ ആശങ്കകളിലേക്കും, ഭയചകിതാവസ്ഥകളിലേക്കും വ്യക്തികളെ നയിച്ചേക്കാം. അതാകട്ടെ എല്ലാറ്റിൽ നിന്നും പിൻമാറി നിൽക്കാൻ (ക്ലീബാവസ്ഥക്ക്) പ്രേരണ നൽകുകയും ചെയ്തേക്കാം.

ക്ലീബ ഭാവത്തിന് സ്വയം അടിമപ്പെട്ടു പോകാറുണ്ടെന്നുള്ളത് തിരിച്ചറിയുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. ഭഗവാന്റെ ശകാരം സ്വന്തം മനസ്സാക്ഷിയുടെ ഇടപെടലാക്കി മാറ്റി എടുക്കാൻ സാധിക്കുമല്ലോ. അങ്ങനെ പലവുരു സ്വന്തം കാര്യത്തിൽ ഫലപ്രദമായി ഇടപെട്ട് തിരുത്തുമ്പോൾ സ്വയം പര്യാപ്തതനേടും. തുടർന്ന് നാം മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയാണെങ്കിൽ അതിൽ വിജയം വരിക്കാൻ കഴിയുമെന്നാണ് അഭിപ്രായം.

ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ശാസ്ത്ര പാഠങ്ങൾ ശ്രവിച്ചുഗ്രഹിക്കുന്ന മനഃസാക്ഷി ഭഗവാനു തുല്യം നമുക്ക് മാർഗ്ഗദർശനം നൽകാൻ സമർത്ഥമാവും. ഏതു ബോധ്യങ്ങളേയും സ്വജീവിത വിശകലനത്തിനു തന്നെയാണ് ആദ്യം ഉപയോഗിക്കേണ്ടത്. അതു കൊണ്ടു നേടുന്ന സ്വയം പര്യാപ്തത പ്രധാനമാണ്. മറ്റുള്ളവരെ തിരുത്താനുള്ള ഉദ്യമങ്ങളേയും സ്വന്തം സാധനാനുഷ്ഠാനത്തിന്റെ ഭാഗമാക്കി മാറ്റാൻ നിശ്ചയിക്കണം.

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

(തുടരും ….)

SHARE

LEAVE A REPLY