തെരുവിലൊഴുകുന്ന രക്തം പറയുന്നതെന്താണ്

രാള്‍ മനുഷ്യനാണെന്ന് ഉറപ്പുവരുത്തുന്നത് അയാളുടെ പ്രതികരണങ്ങള്‍ സത്യസന്ധമാണെന്ന തിരിച്ചറിവിലാണ്. കറുപ്പും വെളുപ്പും പദപ്രയോഗത്തിനൊപ്പം മനുഷ്യത്വത്തെ വിളംബരം ചെയ്യുന്നു. തെരുവില്‍ മനുഷ്യര്‍ കൊലചെയ്യപ്പെടുമ്പോള്‍ ഒളിഞ്ഞും മറഞ്ഞും പ്രതികരിക്കുന്നത് മനുഷ്യരിലെ കുറുക്കന്മാരാണ്. തെരുവിലെ രക്തം അതാണ് വിളിച്ചു പറയുന്നത്.

മനുഷ്യരെക്കൊന്ന് സാമ്രാജ്യങ്ങള്‍ നിര്‍മ്മിച്ചതാണ് അധികാരത്തിന്റെ ചരിത്രം. സിംഹാസനങ്ങള്‍ക്ക് ഉറപ്പുകിട്ടാന്‍ നരബലി നടത്തപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ച സി.പി.എം. നടത്തുന്ന കൊലപാതകങ്ങളിലുണ്ട്. ആരോഗ്യമുള്ള രാഷ്ട്രീയകേരളത്തിന്റെ ധര്‍മ്മം അത് തിരിച്ചറിഞ്ഞ് തിരുത്തലാണ്. ജനാധിപത്യത്തിന്റെ നിരന്തര വികാസത്തിന് അത് അനിവാര്യമാണ്. സി.പി.എം.ന് കേരള ചരിത്രത്തിന് തുടര്‍ച്ച ലഭിക്കാനും അത് ആവശ്യമാണ്. അല്ലെങ്കില്‍ ചരിത്രം രേഖപ്പെടുത്തും പണ്ട് ഇവിടെ സി.പി.എം. എന്ന പാര്‍ട്ടി ഉണ്ടായിരുന്നെന്ന്.

ദരിദ്ര കുടുംബങ്ങളുടെ ഉപ്പായിരുന്ന രണ്ട് യുവാക്കളാണ് പെരിയയില്‍ കൊലചെയ്യപ്പെട്ടത്. ശരത് ലാലും കൃപേഷും. പുതപ്പ് വിറ്റ് ജീവിക്കുന്ന ദരിദ്രനായ ഒരു മനുഷ്യന്റെ മകനെ വെട്ടിക്കൊന്നിട്ട് ചിലര്‍ വര്‍ഗ സമരസിദ്ധാന്തം അയവിറക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നുന്നു. ചെറ്റക്കുടിലില്‍ ജീവിക്കുന്ന ചെറുപ്പക്കാരന്റെ തല തകര്‍ത്തിട്ട് വിപ്ലവം സ്വപ്നം കാണുന്നത് തുണിയഴിച്ചാടുന്ന ഭ്രാന്താണ്. സമ്പന്നരുടെ തലയെടുത്ത നക്‌സല്‍ രാഷ്ട്രീയം മനുഷ്യ ഉന്മൂലനമാണെന്ന് പലവട്ടം പറഞ്ഞ് ജനങ്ങളില്‍ വളര്‍ന്ന പാര്‍ട്ടി ഇപ്പോള്‍ ദരിദ്രനെ പിന്തുടര്‍ന്ന് വെട്ടി വീഴ്ത്തുന്നു. അധികാര ലഹരി തലയ്ക്ക് പിടിച്ച് പാര്‍ട്ടി ജനവിരുദ്ധമാവുന്ന ദുരന്തമാണത്.

കേരളം പിന്തുടരുന്ന മറ്റൊരു ഭ്രാന്താണ് ദുരന്തം വിഴുങ്ങിയവരെ വിളിച്ചിരുത്തി വിലാപങ്ങളുടെ വിളവെടുപ്പു നടത്തുന്ന ‘നേര്‍ക്കുനേര്‍’ ചര്‍ച്ച. വെട്ടി വീഴ്ത്തപ്പെട്ടവരുടെ അച്ഛനമ്മമാരെയും ഭാര്യപുത്രകളത്രങ്ങളെയും സാക്ഷി നിറുത്തി രാഷ്ട്രീയ നേതാക്കള്‍ അലറലോടലറല്‍. അമ്മമാരുടെ നിലവിളികള്‍ ആരുടേയും ഹൃദയം തകര്‍ക്കും. അവതാരകന്റെ ആഹ്ലാദം ചോര നക്കുന്ന കുറുനരിയുടേതില്‍ നിന്ന് വ്യത്യസ്തമല്ല.

സാംസ്‌കാരിക നായകര്‍ എന്നും നിശബ്ദരല്ല. സി.പി.എം. പ്രതിസ്ഥാനത്തു വരുമ്പോള്‍ അവര്‍ക്ക് മൌനം പ്രിയപ്പെട്ടതാകുന്നു. സി.പി.എം.നെ വിമര്‍ശിച്ചാല്‍ അവര്‍ക്ക് നഷ്ടമാകുന്നത് വലിയ ലോകമാണ്. അതവരെ ഭയപ്പെടുത്തുന്നു. തോക്കും ബോംബും വടിവാളും മാത്രമല്ല മനുഷ്യനെ ഭയപ്പെടുത്തുന്നത് അധികാര സിംഹാസനങ്ങളുടെ നഷ്ടവും പ്ലാറ്റ്‌ഫോമുകളുടെ നഷ്ടവും അവനെ ഭയത്തില്‍ മുക്കിക്കൊല്ലും. അവരുടെ ആഘോഷ രാവുകളാണ് അസ്തമിക്കുന്നത്.

ഭരണകൂടവും പാര്‍ട്ടിയും തളികയില്‍ നല്‍കുന്ന പുരസ്‌കാരങ്ങളും സിംഹാസനങ്ങളും പ്രഭാഷണ വേദികളും വെറും അപ്പക്കഷ്ങ്ങള്‍ അല്ല. പരാന്ന ജീവികളുടെ അതിജീവനത്തിനുള്ള പോഷകാഹാരം തന്നെയാണത്. അതില്ലാതെ വന്നാല്‍ പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് എനീമ പിടിക്കും. സത്യത്തില്‍ ഇവര്‍ സി.പി.എം.നെ നശിപ്പിക്കുകയാണ്. പാര്‍ട്ടി തെറ്റില്‍ നിന്നും തെറ്റിലേക്ക് വഴുതിവീഴുമ്പോള്‍ പാര്‍ട്ടിയെ തിരുത്തേണ്ടവരാണ് പാര്‍ട്ടിയുടെ ബുദ്ധിജീവികള്‍. അതിനുപകരം പാര്‍ട്ടി സേഛാധിപത്യത്തിന്റെ സ്തുതിപാടകരായി പാര്‍ട്ടി ബുദ്ധിജീവികള്‍ മാറുമ്പോള്‍ ദ്രവിച്ചു തീരുന്നത് പാര്‍ട്ടിയുടെ തലച്ചോറാണ്. വരുംകാലത്ത് പാര്‍ട്ടി ബുദ്ധിജീവികള്‍ സാധാരണക്കാരാല്‍ വിചാരണ ചെയ്യപ്പെടും. ഞങ്ങളുടെ പാര്‍ട്ടിയെ ഒറ്റുകൊടുത്തവര്‍ നിങ്ങളാണെന്ന് അവര്‍ വിളിച്ചു പറയും.

SHARE

LEAVE A REPLY