കോർപ്പറേറ്റുകൾ ഭരണപക്ഷത്തിന്റെ കറവപ്പശുക്കൾ: ബി.ജെ.പി.ക്ക് മാത്രം നൽകിയത് 600 കോടി

ന്യൂ ദല്‍ഹി: കുത്തകകള്‍ എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ കറവപശുക്കളാണ്. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുക, പക്ഷേ, ഭരണ കക്ഷിക്കായിരിക്കുമെന്ന് മാത്രം. യഥേഷ്ടം പാല്‍ ചുരത്താന്‍ കുത്തകകളും തയ്യാറാണ്. എങ്കിലേ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്നും അവര്‍ക്ക് നന്നായറിയാം.
എല്ലാ ജനാധിപത്യ രാജ്യങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നത് വ്യവസായികളില്‍ നിന്നും വ്യാപാരികളില്‍ നിന്നുമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയം. ജനാധിപത്യ വ്യവസ്ഥയില്‍ വരുത്തേണ്ട പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്ന അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിസര്‍ച്ച് (എ.ഡി.ആര്‍) എന്ന സാമൂഹ്യ സംഘടന ഈയിടെ ഈ വിഷയത്തെ അധികരിച്ച്  പഠനം നടത്തുകയുണ്ടായി. 2012-13 മുതല്‍ 2017-18 വരെയുള്ള ആറു വര്‍ഷത്തിനിടയില്‍ ബി.ജെ.പി.ക്ക് മാത്രം കുത്തകകള്‍ സംഭാവന ചെയ്തത് 600 കോടി രൂപയാണ് എന്ന് അവര്‍ കണ്ടെത്തുകയുണ്ടായി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവര്‍ക്ക് സംഭാവന നല്‍കുന്നവരില്‍ മുന്‍ പന്തിയിലുള്ള കമ്പനികള്‍ ഡി.എല്‍.എഫ് ഗ്രൂപ്പും ഭാരതി ഗ്രൂപ്പുമാണ്.


വമ്പന്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് മിക്കാവാറും ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിക്കായിരുന്നു. ഇത്തരം ട്രസ്റ്റുകള്‍ കുത്തകകളില്‍ നിന്നും പണം സ്വീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറുന്ന ഇടനില സംവിധാനമാണ്. ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ വകുപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണമെന്നതിനാല്‍ ഈക്കൂട്ടര്‍ വഴിക്കുള്ള സംഭാവനകള്‍ തുലോം പരിമിതമായിരിക്കും. എങ്കിലും ഔദ്യോഗികമായി പിരിച്ചെടുത്ത സംഭാവനകളില്‍ നല്ലൊരു പങ്കും ഇത്തരം ട്രസ്റ്റുകള്‍ വഴിക്ക് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചു കൊണ്ടിരിന്നത്. 2017-ല്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ നിലവില്‍ വന്നതോടെ ഇത്തരം ട്രസ്റ്റുകളുടെ പ്രസക്തി കുറഞ്ഞ് വരികയാണ്.
ഇലക്ടറല്‍ ട്രസ്റ്റുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പ്രൂഡന്‍റ് ഇലക്ട്രറല്‍ ട്രസ്റ്റാണെന്ന് എ.ഡി.ആര്‍. നടത്തിയ പഠനം പറയുന്നു. രണ്ടാം സ്ഥാനത്ത് ആദിത്യ ബിര്‍ല ഗ്രൂപ്പും.
ഏറ്റവും കൂടുതല്‍ സംഭാവന ലഭിക്കുന്നത് ഭരണകക്ഷികള്‍ക്കായിരിക്കുമെന്ന പൊതു ധാരണ ശരിവക്കുന്നതാണ് എ.ഡി.ആറിന്‍റെ വെളിപ്പടുത്തലുകള്‍. 2004-05 മുതല്‍ 2012-13 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കൈപ്പറ്റിയത് അന്നത്തെ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സും കൂട്ടുകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ്സുമായിരുന്നു എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ചിത്രം മാറി. 2014-ലെ അധികാരത്തിലേറിയ ബി.ജെ.പി.യിലേക്കായി സംഭാവനകളുടെ കുത്തൊഴുക്ക്. 2014-15, 2015-16 വര്‍ഷങ്ങളില്‍ പ്രൂഡന്‍റ് ഗ്രൂപ്പ് വഴിക്ക മാത്രം 193.62 കോടി രൂപയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് വെറും 57.25 കോടി മാത്രമേ ലഭിച്ചുള്ളു. ഭാരതി, ഡി.എഫ്.എല്‍.ഗ്രൂപ്പുകളെക്കൂടാതെ ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍, ജൂബിലിയന്‍റ് ഫുഡ്സ് തുടാങ്ങിയ കമ്പനികളും ഗണ്യമായ സംഭാവനകള്‍ നല്കിയവരില്‍പ്പെടും. ഇലക്ടറല്‍ ട്രസ്റ്റുകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ആദിത്യ ബിര്‍ല ഗ്രൂപ്പ് വഴിക്ക് സംഭാവന കൈപ്പറ്റിയവരിലും മുന്‍പന്തിയിലുള്ളത് ബി.ജെ.പി.യാണ്. 70.70 കോടി രൂപയാണ് 2012-15 കാലയളവില്‍ ബി.ജെ.പി.ക്ക് ഈ ട്രസ്റ്റ് നല്കിയത്. കോണ്‍ഗ്രസ്സിന് 54.1 കോടി രൂപയും.


2004-05 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ കുത്തകകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവന 160 ശതമാനം കണ്ട് വര്‍ദ്ധിച്ചുവെന്നും എ.ഡി.ആര്‍. നടത്തിയ പഠനം തെളിയക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണത ഇന്‍ഡ്യയെപ്പോലെ വൈവിദ്ധ്യമാര്‍ന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്തിന് അഭിലഷണീയമല്ലന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേറ്റ് ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായ നയങ്ങള്‍ സ്വീകരിക്കുവാന്‍ അധികാരത്തിലേറുന്ന പാര്‍ട്ടി, അത് ഏത് രാഷ്ട്രീയ പ്രസ്ഥാനമായാലും, നിര്‍ബന്ധിതരാകും.
2013-ലെ കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ട്രസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് പദ്ധതികള്‍ ആവിഷക്കരിക്കുന്നത് വരെ വളരെ കുറച്ച് ട്രസ്റ്റുകള്‍ മാത്രമേ പ്രവൃത്തിച്ചിരുന്നുള്ളു. എന്നാല്‍ 2013-ന് ശേഷം നിരവധി ട്രസ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ പലതും അധികം അറിയപ്പെടാത്തവയുമാണ്. എങ്കിലും അവയില്‍ പലതും കോടികള്‍ സംഭാവന പിരിച്ച് രഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്ന് എ.ഡി.ആറിന്‍റെ പഠനം വെളിപ്പെടുത്തുന്നു.
ഇലക്ടറല്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തക്കുന്നുണ്ട്. ഭദ്രം ജനഹിത് ശാലിക ട്രസ്റ്റ് അത്തരത്തിലൊന്നാണ്. തൂത്തുക്കുടിയിലെ വിവാദ വ്യവസായ സ്ഥാപനമായ സ്റ്റെര്‍ലെറ്റ് കമ്പനിയുമായി ബന്ധമുള്ള ഈ ട്രസ്റ്റ് വഴി 2016-17, 2017-18 വര്‍ഷങ്ങളില്‍ മാത്രം ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും ലഭിച്ച സംഭാവന 41 കോടിയാണ്. ബി.ജെ.പി.ക്ക് 39 കോടിയും കോണ്‍ഗ്രസ്സിന് 2 കോടിയും!!

LEAVE A REPLY